സംസ്ഥാനത്ത് നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് പുനരധിവാസം സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം ചർച്ച തുടങ്ങി. കൽപറ്റ എംഎല്‍എ ടി സിദ്ദിഖാണ് വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്തം നടന്നിട്ട് 76 ദിവസമായി. എന്നാൽ തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തിൽ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോൾ ആശ്വാസം തോന്നി. എന്നാൽ 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതിൽ നയാ പൈസ അനുവദിച്ചില്ല. ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് വയനാട്ടുകാർ ചോദിക്കുന്നുവെന്നും. വായ്പാ ബാധ്യതകളിൽ തീരുമാനം ആയില്ലെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. തെരച്ചിൽ തുടരണമെന്നും മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായത്തിനും നിർണായകമാണെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി.
വയനാട്ടിൽ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് കെ കെ ശൈലജ എംഎല്‍എ സഭയില്‍ പറഞ്ഞു. വയനാട്ടിൽ നടന്നത് മാതൃകാപരമായ പ്രവർത്തനമാണ്. എല്ലാം ഉചിത സമയത്ത് ഏകോപിപ്പിച്ചു. സർക്കാർ നടത്തിയ പ്രവർത്തനം ലോകത്തിന് മാതൃകയാണ്. പ്രധാനമന്ത്രി വന്നിട്ട് കേരളത്തിന് എന്ത് കിട്ടിയെന്നും കെ കെ ശൈലജ ചോദിച്ചു. ഓരോ സംസ്ഥാനങ്ങളോടും ഓരോ സമീപനം ശരിയല്ല. അടിയന്തര സഹായം മുഴുവനായും അനുവദിക്കേണ്ടതായിരുന്നുവെന്നും ശൈലജ വിമര്‍ശിച്ചു.
പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ നിയേഗിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദു പത്രത്തിന്റെ പ്രതിനിധിക്കാണ് അഭിമുഖം നൽകിയത്. പി ആർ ഏജൻസി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരമൊരു കമ്പനി ഇല്ലാത്തതിനാൽ ചോദ്യം പ്രസക്തമല്ലെന്നായിരുന്നു മറുപടി.
കൊല്ലം ജില്ലയിൽ പത്ത് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. പിന്നെങ്ങനെയാണ് രോഗബാധയുണ്ടായതെന്നതിലാണ് ആശങ്ക.
ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുത്; സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നല്കി. ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിൽ പറയുന്നു.
ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവർണ്ണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വെർച്ചൽ ക്യൂവുമായി മുന്നോട്ടുപോകും. എന്നാൽ ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്ന് ഉറപ്പു നൽകുന്നു. വേർച്ചൽ ക്യു ആട്ടിമറിച്ചു വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് ആത്മാർത്ഥ ഇല്ലാത്തതാണെന്നും താൻ വിശ്വാസിയായ ബോർഡ് പ്രസിഡന്റ് ആണ്. വിശ്വാസികൾക്കൊപ്പം ദേവസ്വം ബോർഡ് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജയ ദശമി ദിനത്തിൽ പൊലീസ് വണ്ടിക്ക് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. വിജയദശമി ദിനത്തിൽ കണ്ണൂരിലെ വീട്ടിൽ വെച്ചായിരുന്നു മന്ത്രിയുടെ പൂജ. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനുമാണ് പൂജ നടത്തിയത്. എല്ലാ വർഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങൾ പൂജിക്കുന്ന കൂട്ടത്തിൽ പൊലീസിന്റെ അകമ്പടി വാഹനവും പൂജിച്ചത് മാത്രമാണെന്നുമാണ് മന്ത്രിയുടെ ഓഫീസിൽ നിന്നുളള വിശദീകരണം.
രാജ്യത്തെ മദ്രസകള്‍ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഭരണഘടന ഉറപ്പ് നല്കുന്ന തൃല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും പൗരന്മാരുടെ മൗലിക അവകാശ ലംഘനവുമാണ്.ഈ നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മദ്രസ്സകൾ, നാളെ സെമിനാരികൾ, മറ്റന്നാൾ വേദപാഠശാലകൾ എന്നിങ്ങനെ ആയിരിക്കും പൂട്ടിക്കുകയെന്ന് കെ റ്റി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഏത് മതമാണെങ്കിലും മതേതരമായാണ് വായിക്കപ്പെടേണ്ടതും പഠിപ്പിക്കപ്പെടേണ്ടതുമെന്നും . വേദപാഠശാലകളും മദ്രസ്സകളും സെമിനാരികളും അരുതാത്തതല്ല ജനങ്ങളെ പഠിപ്പിക്കുന്നത്. മതവിശ്വാസം ഒരുപാട് മനുഷ്യരെ അരുതായ്മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകറ്റി നിർത്തുന്നുണ്ടെന്നും ജലീലിൻ്റെ കുറിപ്പിലുണ്ട്.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി നിയമപരമായി നില നിലനിൽക്കില്ലെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാം എന്നും ജസ്റ്റിസ് വ്യക്തമാക്കി.
നടി മാലാ പാര്‍വതിയെ കുടുക്കാൻ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറോളം താരം ഡിജിറ്റല്‍ കുരുക്കില്‍ പെട്ടു, തട്ടിപ്പാണ് എന്ന് ഒടുവില്‍ തിരിച്ചറിഞ്ഞതോടെയാണ് താരത്തിൻ്റെ പണംപോകാതെ രക്ഷപ്പട്ടത്.
കൊച്ചിയില്‍ പട്ടാപ്പകല്‍ ബൈക്ക് മോഷണം. കഴിഞ്ഞ വെള്ളിയാഴ്ച ഇടപ്പള്ളിയിലെ ഷോപ്പിങ് മാളിന് മുന്നില്‍നിര്‍ത്തിയിട്ട ബൈക്കാണ് രണ്ടുപേര്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ പ്രതികളായ കൊല്ലം സ്വദേശി സാവിയോ, കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് എന്നിവരെ പോലീസ് പിടികൂടി..
ദേവസ്വം മന്ത്രിക്കും സർക്കാരിനും വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു. ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം നൽകുന്നതാകരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ലേഖനത്തിൽ വിമർശിക്കുന്നു
മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. എന്നാൽ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പറഞ്ഞു. കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ബാലയുടെ അഭിഭാഷക അറിയിച്ചു. നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നെന്നും എന്നിട്ടും പൊലീസ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഇവർ പറയുന്നു.
സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നല്കി. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു.
കേന്ദ്ര പദ്ധതിയിലെ സബ്സിഡി പ്രതീക്ഷിച്ച് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയ കര്‍ഷകര്‍ പെരുവഴിയില്‍. കേന്ദ്ര പദ്ധതിയായ സ്മാം വഴി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയവരാണ് കാശിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. എന്തുകൊണ്ടാണ് പണം വൈകുന്നതെന്നതിന്റെ കൃത്യമായ വിശദീകരണം ആർക്കും ലഭിക്കുന്നുമില്ല.
പത്തനംതിട്ടയിൽ അടുത്തടുത്ത സ്ഥലങ്ങളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച സംഭവത്തിൽ ദുരൂഹത. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് പത്തനംതിട്ട മാക്കാംകുന്ന് എവർ ഷൈൻ സ്കൂളിന്റെ ബസ്, അടുത്തുള്ള ഗ്യാസ് ഏജൻസിയുടെ ഡെലിവറി വാൻ എന്നിവയ്ക്ക് തീപിടിച്ചത്. ഒരു മണിക്കൂർ വ്യത്യാസത്തിൽ അടുത്തടുത്ത സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് തീ പിടിക്കുകയായിരുന്നു. പരിശോധനയിൽ സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ഓടി പോകുന്നതായി കണ്ടെത്തി.
പത്തനംതിട്ടയിൽ കട ഒഴിയുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ വ്യാപാരി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ഭീഷണി മുഴക്കി. പെട്രോൾ ഒഴിച്ച ശേഷം ഇയാൾ കടയുടെ അകത്ത് ഇരിക്കുകയായിരുന്നു. പത്തനംതിട്ട കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളിൽ കയറിയിരുന്നത്.പിന്നാലെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് ആണ് മരിച്ചത്. 28 വയസായിരുന്നു. സംഭവത്തില്‍ ഇർഷാദിന്റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.
ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം.
ദില്ലിയിൽ രാം ലീല പരിപാടിക്കിടെ കുംഭകർണനായി വേഷമിട്ടയാൾ നെഞ്ച് വേദനയെത്തുടർന്ന് മരിച്ചു. തെക്കൻ ദില്ലിയിലെ ചിരാഗ് ഡില്ലി പ്രദേശത്താണ് സംഭവം. രാവണന്റെ സഹോദരനായ കുംഭകർണ്ണന്റെ വേഷം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദനയെ തുടർന്ന് 60കാരനായ പശ്ചിം വിഹാർ നിവാസിയായ വിക്രം തനേജ മരിച്ചത്.
ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ 15 ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ 16ന് പുലര്‍ച്ചെ വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാലാവസ്ഥ മാറ്റം ഉണ്ടാകുമെന്നും ഇത് ബുധനാഴ്ച വരെ നീണ്ടു നില്‍ക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
മുംബൈയിൽ രണ്ട് വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും മുംബൈയിൽ നിന്ന് മസ്കത്തിലേക്കുള്ള 6E 1275 വിമാനത്തിനുമാണ് ഭീഷണി ഉണ്ടായത്. നേരത്തെ മുംബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ദില്ലിയിലേക്ക് തിരിച്ചുവിട്ടിരുന്നു.ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച കാര്യം ഇന്റിഗോ എയർലൈൻ കമ്പനി വക്താവ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശം ലഭിച്ച ശേഷം സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം വിമാനം ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി.
ഇസ്രായേലിൽ നൂതന മിസൈൽ പ്രതിരോധ സംവിധാനമായ ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് വിന്യസിക്കുമെന്ന് പെൻ്റഗൺ. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ നേരിടാനാണ് സംവിധാനം എത്തിക്കുന്നത്. സാങ്കേതിക വിദ്യക്കൊപ്പം താഡ് പ്രവർത്തിപ്പിക്കുന്നതിന് ഏകദേശം 100 യുഎസ് സൈനികരെയും ഇസ്രായേലിൽ വിന്യസിക്കും.
യുക്രൈനിൽ തകർന്ന് വീണത് റഷ്യയുടെ രഹസ്യ ആയുധമായ വേട്ടക്കാരൻ ആണെന്ന് റിപ്പോർട്ടുകൾ. കിഴക്കൻ യുക്രെയ്നിൽ, കോസ്റ്റ്യാന്റിനിവ നഗരത്തിന് സമീപത്തായാണ് റഷ്യയുടെ ഏറ്റവും പുതിയ ആയുധമായ എസ് -70 സ്റ്റെൽത്ത് കോംപാറ്റ് ഡ്രോൺ തകർന്ന് വീണത്. രണ്ട് ഡ്രോണുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഒഖോത്നിക് (വേട്ടക്കാരൻ) എന്ന് പേരിട്ടിരിക്കുന്ന ഡോണുകളിലൊന്ന് അപ്രതീക്ഷിതമായി തകർന്ന് വീഴുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.