പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചർച്ചയായി. കണക്കുമായി ബന്ധപ്പെട്ടുയർന്ന വിവാദം ദോഷം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ അഭിപ്രായപ്പെട്ടു.
വയനാട് ദുരന്തത്തിൽ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എന്നാൽ വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്നും മന്ത്രി ആരോപിച്ചു. ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുന്നുണ്ടെന്നും മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ പ്രതിപക്ഷം സർക്കാരിനെ പിന്തുണക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നൂറു കാരണങ്ങളുണ്ട്. എന്നിട്ടും പുതിയൊരു സംസ്കാരത്തിനാണ് പ്രതിപക്ഷം തുടക്കമിട്ടത്. മുഖ്യമന്ത്രിക്കുള്ള പ്രശ്നം ചില ആളുകളെ അമിതമായി വിശ്വസിക്കുന്നതാണ്. പ്രത്യേക ദുരിതാശ്വാസ ഫണ്ട് ലഭിക്കാനുള്ള ഹോംവർക്ക് സർക്കാർ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു . ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര സർക്കാർ പണം നൽകില്ല. അങ്ങനെ ഒരു കാലത്തും സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ നയം നടപ്പാക്കാൻ കേരളത്തിലെ ഭരണത്തിന് സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനാപരമായ ഭരണകൂടത്തിന്റെ നയം വെച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും ആ നയം വെച്ചാണ് കേരളത്തിലെ പൊലീസിനെയും ഭരണകൂട സംവിധാനത്തിനെയും എൽഡിഎഫ് സർക്കാറിനെയും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ അവിടുത്തെ യൂട്യൂബേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് കെ മുരളീധരൻ. നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻചാണ്ടി ഇവർ മതിയാകുമായിരുന്നുവെന്നും, എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ലെന്ന അദ്ദേഹം പറഞ്ഞു.
പൊളിറ്റിക്കൽ ഇസ്ലാം വലിയ പ്രശ്നമാകുന്നുവെന്ന പി ജയരാജന്റെ പരാമർശം സ്വാഗതം ചെയ്ത് കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി മാറ്റാൻ ജയരാജനെപ്പോലെ ആരെങ്കിലും വരുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഇസ്ലാമിക തീവ്രവാദത്തിന് മതേതര പാർട്ടികൾ വളംവെച്ചെന്ന വിമർശനം നിലനിൽക്കെ ജയരാജന്റെ തുറന്നുപറച്ചിൽ പ്രസക്തമാണെന്നും സഭാ നിലപാടുകൾ സ്ഥിരീകരിക്കുന്നതാണ് ജയരാജന്റെ പ്രസ്താവനയെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകൻ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങൾ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് പരാതിക്കാരനായ യുവാവ്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകി.
രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നൽകിയതിന് പിറകെ ഫോൺ വഴിയും നേരിട്ടും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള നിർദ്ദേശം ആവർത്തിച്ച് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് 3 നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്നാണ് തീരുമാനം.
ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ നൽകിയ സാക്ഷി മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത് പല ഭാഗങ്ങളിലായെന്ന് റിപ്പോർട്ട്. സാക്ഷി മൊഴികൾ മുഴുവനായി ആർക്കും നൽകിയില്ല. ഓരോ ഭാഗങ്ങളും ഓരോ ഉദ്യോഗസ്ഥർ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയ ഭാഗങ്ങൾ മുഴുവനായി എല്ലാവർക്കും നൽകിയിട്ടുണ്ട്. സാക്ഷി മൊഴികളുടെ പകർപ്പ് അന്വേഷണ സംഘാംഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറണം. ആരും പകർപ്പെടുക്കരുതെന്നും നിർദ്ദേശമുണ്ട്.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായി തെരച്ചിൽ നടത്താൻ ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഉച്ചക്ക് ശേഷം കാർവാർ തുറമുഖത്തെത്തുമെന്ന് സൂചന. മത്സ്യത്തൊഴിലാളികൾ കടലിൽ വല വിരിച്ചത് മൂലമുള്ള ചെറിയ തടസ്സം മാത്രമാണുള്ളതെന്നും അത് മാറാൻ കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ എൻ പ്രസാദ് കുമാർ ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടൻ വള്ള സമിതിയുടെ കാരിച്ചാൽ ചുണ്ടൻ ജേതാവായി. സമ്മേളനം ഫിഷറീസ് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജലമേള ജില്ലാ പോലീസ് മേധാവി മോഹന ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. മേല്പാടം ബോട്ട് ക്ലബ്ബിന്റെ മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ മേല്ലാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് കാരിച്ചാൽ ചുണ്ടൻ ജേതാവായത്.
ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയ സമീപിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം കമ്മീഷണറെ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന ദേവസ്വം ബഞ്ചിൻെറ ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയതെന്ന് ദേവസ്വം ബോർഡ് വിശദീകരിക്കുന്നു.
റബ്ബർ വില ഇടിഞ്ഞു. കഴിഞ്ഞ മാസം 255 രൂപ വരെ ഉയർന്ന വിലയാണ് 221ലേക്ക് കൂപ്പുകുത്തിയത്. ഉത്പാദനം കൂടിയതോടെ വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. അപ്രതീക്ഷിതമായി ഉയർന്ന റബ്ബർ വിലയാണ് അതിവേഗത്തിൽ കുറയുന്നത്.
റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഈ മാസം 24വരെ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിങ്ങ് നടക്കുക.
രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഈ മാസം 25 മുതൽ ഒക്ടോബർ 1 വരെയും മസ്റ്ററിങ്ങ് നടത്തും. അതിനു ശേഷം മൂന്നാം ഘട്ടത്തിൽ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെയും മസ്റ്ററിങ്ങ് നടത്തും.
നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പാലക്കാട് എസ് പി ആർ. ആനന്ദ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികൾ എവിടെയൊക്കെ പോയി എന്ന കാര്യം വ്യക്തമായിട്ടുണ്ടെന്നും രാവിലെ പ്രത്യേക റിവ്യൂ മീറ്റിങ്ങ് നടത്തി പുരോഗതി വിലയിരുത്തിയെന്നും എസ് പി പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് കേരള ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്നും സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതോടൊപ്പം ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
താമരശ്ശേരിയിൽ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടത് ഭർത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭർത്താവിന്റെ മേൽ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. നഗ്നപൂജ നടത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞുവെന്നും മുമ്പ് പലയിടത്തും ഇത്തരത്തിൽ പൂജ നടത്തിയെന്നാണ് പറഞ്ഞതെന്നും അവർ പറഞ്ഞു.
കോതമംഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാൽ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു.അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ആലപ്പുഴയിൽ ബൈക്ക് ഓടയിൽ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തിൽ ഡി. അനൂപ്(51) ആണ് മരിച്ചത്.
വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് റോഡരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 9 മണിയോടെയാണ് കഴുത്തിൽ തുണി മുറുക്കിയ നിലയിൽ മൃതദേഹം വടകരയിൽ കണ്ടെത്തുന്നത്. വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന ആളുടേതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. സ്റ്റാലിന്‍റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് സൂചന. കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിനോട് മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിന് നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
അരവിന്ദ് കെജ്രിവാളിന് പകരം എഎപി ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത അതിഷി മർലേനക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ച് സ്വാതി മലിവാൾ. അടുത്തിടെ എഎപി വിട്ട, പാർട്ടിയുടെ രാജ്യസഭാംഗം കൂടിയായ സ്വാതി മലിവാളിനോട് രാജിവെക്കാൻ എഎപി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോപണങ്ങൾ ആവർത്തിച്ചത്. പാർലമെൻ്റ് ആക്രമണ കേസ് പ്രതികളുമായി അതിഷിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന ഇന്നലത്തെ ആരോപണമാണ് സ്വാതി മലിവാൾ ആവർത്തിച്ചത്.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിനികൾക്ക് രൂക്ഷമായ ശിക്ഷയുമായി പ്രിൻസിപ്പൽ. 70 വിദ്യാർത്ഥിനികൾ അവശനിലയിൽ ആശുപത്രിയിലായി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ റമ്പച്ചോടവാരത്തിന് സമീപത്തെ ട്രൈബൽ വെൽഫെയർ ഗുരുകുൽ കോളേജിലാണ് സംഭവം. ചെറിയ തെറ്റുകൾക്ക് പോലും ദിവസങ്ങളോളം നീളുന്ന ശിക്ഷാ രീതിയായിരുന്നു വനിതാ പ്രിൻസിപ്പലിന്റെ രീതിയെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്.
കൊവിഡിന്റെ പുതിയ വകഭേദം യൂറോപ്പിൽ അതിവേഗം പടരുന്നതായി റിപ്പോർട്ട്. എക്‌സ്ഇസി (XEC) എന്ന കൊവിഡ് വകഭേദമാണ് പടരുന്നത്. ജൂണിൽ ജർമ്മനിയിലാണ് പുതിയ വേരിയൻ്റ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, യുകെ, യുഎസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിൽ XEC വേരിയൻ്റ് അതിവേഗം പടർന്നുവെന്നാണ് റിപ്പോർട്ട്.
ദില്ലിയിലെ കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയിൽ ഇരുനില കെട്ടിടം തകര്‍ന്നു വീണു.
രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദില്ലി പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 12 പേരെ രക്ഷപ്പെടുത്തിയതായി ദില്ലി പൊലീസ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ നടപടികളും ചെയ്യാന്‍ ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു.
രാഹുല്‍ ഗാന്ധിക്കെതിരേ എന്‍.ഡി.എ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ എ.ഐ.സി.സി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയത്.
യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ അസാധാരണമായൊരു സംഭവമാണ് ലെബനോനിലെ പേജർ സ്ഫോടനം. ആക്രമണ രീതി സാധ്യമാക്കിയതിന് രണ്ട് സാധ്യതകളാണ് വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്. നിർമ്മാണ സമയത്തോ, അതിന് ശേഷം പേജർ ഹിസ്ബുല്ലയുടെ കയ്യിൽ എത്തുന്നതിന് മുമ്പോ പേജറുകൾക്ക് അകത്ത് ചെറിയ അളവിൽ സ്ഫോടനവസ്തു ഉൾപ്പെടുത്തി എന്നതാണ് ആദ്യ സാധ്യത. പേജറിനെ ഹാക്ക് ചെയ്ത്, അതിലെ ബാറ്ററിയെ ചൂടാക്കി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതാകാമെന്നതാണ് രണ്ടാമത്തെ സാധ്യതയെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് എഎപി. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ ഔദ്യോഗിക വസതി ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് വ്യക്തമാക്കി.
ബെംഗളൂരുവിലെ ശോച്യാവസ്ഥയിലുള്ള റോഡുകൾ നന്നാക്കാൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ 15 ദിവസത്തെ സമയപരിധി നൽകിയതിന് പിന്നാലെ, ബിബിഎംപി ഏകദേശം 6,000 കുഴികൾ നികത്തുകയും 32,200 ചതുരശ്ര മീറ്റർ തകർന്ന റോഡ് നന്നാക്കുകയും ചെയ്തെന്ന് അറിയിച്ചു. രണ്ട് ദിവസത്തിനകം റോഡിലെ കുഴികളെക്കുറിച്ചുള്ള പരാതികൾക്ക് പരിഹാരമാകുമെന്ന് ബിബിഎംപി അധികൃതർ ഉറപ്പുനൽകി.
അടുത്ത ആഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. മിഷിഗണിലെ പ്രചാരണത്തിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാൻ സിംബാബ്‌വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ചയെ തുടർന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്‌വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്. ആഫ്രിക്കയുടെ തെക്കൻ മേഖലയിലുള്ള സിംബാബ്‌വെയിലെ വിളകളെല്ലാം വരൾച്ചാ ഭീഷണി നേരിട്ടതിന് പിന്നാലെയാണ് നിർണായക തീരുമാനം.