ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. 2023 മെയ് മാസത്തിലാണ് പാറമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെയായിരുന്നു കൂടിക്കാഴ്ച്ച. എന്നാൽ സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും, സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി.
എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സിപിഎം പൊലീസിനെക്കൊണ്ട് പൂരം കലക്കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ് താൻ പറഞ്ഞതെന്നും താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയെന്ന് വ്യക്തമായതായും പ്രതിപക്ഷനേതാവ് പറഞ്ഞു. ഒരുപാട് രഹസ്യങ്ങൾ അറിയുന്നതു കൊണ്ടാണ് എഡിജിപിയെയും പി ശശിയെയും മാറ്റാത്തത്. പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘത്തിൽ മന്ത്രിസഭയിലെ ഒരു ഉന്നതൻ ഉണ്ടെന്നും വിഡി സതീശൻ ആരോപിച്ചു.
എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്ന് എംഎൽഎ പിവി അൻവർ. പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്. പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനി കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെടട്ടെയെന്നും പിവി അൻവർ വെല്ലുവിളിച്ചു. എഡിജിപിയും ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അൻവർ പറഞ്ഞു.
എഡിജിപി എം.ആർ അജിത്ത് കുമാറും ആർഎസ്എസിൻ്റെ ദേശീയ നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്ന വിഎസ് സുനിൽകുമാർ. അന്വേഷണം വേണമെന്നും, കൂടുതൽ അറിഞ്ഞതിനു ശേഷമേ മറുപടി പറയാൻ സാധിക്കൂ. സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി. അതോടൊപ്പം കൂടിക്കാഴ്ച ഇടത് ചെലവിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. എന്നാൽ അങ്ങനെ കൂടിക്കാഴ്ച നടന്നാൽ സിപിഎമ്മിന് എന്ത് ഉത്തരവാദിത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചോദിച്ചു.
ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ലെന്ന് മന്ത്രി എം.ബി രാജേഷ്. അത്തരത്തിൽ കൂടിക്കാഴ്ച നടത്തിയോ എന്നത് അന്വേഷണത്തിൽ വ്യക്തമാകുമെന്നും. ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ടവരാണ് ആർഎസ്എസ്. നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.
എം.ആർ അജിത്ത് കുമാറും ആർഎസ്എസ് നേതാവും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് കെസി വേണുഗോപാൽ. വിഷയത്തിൽ മറുപടി പറയാൻ സിപിഎമ്മിനാകുന്നില്ല. സിപിഎമ്മിനെ ആർഎസ്എസിന് പിന്നിൽ കെട്ടിയിടാനാണോ നേതൃത്വത്തിൻ്റെ ശ്രമമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കണം. സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഇക്കാര്യത്തിൽ എന്തോ ഒളിച്ചുവെക്കാനുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലമാണ് എഡിജിപി അജിത്കുമാറെന്ന് രമേശ് ചെന്നിത്തല. മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവദേക്കാരെ കണ്ട ഇപി ജയരാജന്‍റെ പദവി പോയി, ഇവിടെ ആരുടെ പദവി ആണ് പോകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്.പൂരം കലക്കി തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പിവി അന്‍വറിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിൽ കൊട്ടാര വിപ്ലവം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കള്ളകടത്തു പങ്കു വെക്കുന്നതിലെ തർക്കമാണ്, എല്ലാ ആരോപണങ്ങളും എത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ആർഎസ്എസുമായി സിപിഎമ്മിന് ഒരു ഒത്തുതീർപ്പുമില്ലെന്ന് എംഎ ബേബി. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ എംവി ഗോവിന്ദൻ മാഷ് പറഞ്ഞ മറുപടി തന്നെയാണ് തങ്ങൾക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തൃശ്ശൂരിൽ എൽഡിഎഫിന് വോട്ട് കൂടി, വോട്ട് കുറഞ്ഞത് യുഡിഎഫിനാണ്. തൃശ്ശൂരിൽ ഡീൽ ഉണ്ട് എന്ന മട്ടിൽ സംസാരിച്ചത് വി ഡി സതീശനാണ്. എന്നാൽ തൃശ്ശൂരിൽ ഇടതുപക്ഷത്തിന് വോട്ട് വർദ്ധിക്കുകയാണ് ചെയ്തത്. യുഡിഎഫിനാണ് വോട്ട് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആവശ്യപ്പെട്ടു. എഡിജിപി എം.ആർ അജിത്ത് കുമാറിൻ്റെ ആർഎസ്എസ് കൂടിക്കാഴ്ചക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ടെന്നും, ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തിൽ നിന്ന് 2 കോടി രൂപയാക്കി മാറ്റിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളിയില്‍ മുതിർന്ന നേതാക്കളായ മുൻ എംഎൽഎ എ. പത്മകുമാറിനും മുതിർന്ന നേതാവ് പി.ബി.ഹർഷകുമാറിനും താക്കീത് നൽകി സിപിഎം. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. മാർച്ച് 25ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ ഡോ. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് യോഗം ചേർന്നത്. പ്രചരണത്തിലെ വീഴ്ചകളുടെ പേരിൽ പത്മകുമാറും ഹർഷകുമാറും തമ്മിൽ വാക്ക് തർക്കവും, ഒടുവിൽ കയ്യാകളിയുമായി. ഇലക്ഷൻ കാലമായതിനാൽ അന്ന് പാർട്ടി നടപടിയെടുത്തിയിരുന്നില്ല.
പിഎസ്‍സിയുടെ മലയാളം ഹയർസെക്കൻഡറി പരീക്ഷക്കെതിരെ ഉദ്യോഗാർഥികളുടെ വ്യാപക പരാതി. പാഠ്യപദ്ധതിയിൽ പറഞ്ഞതിൽ നിന്ന് വളരെക്കുറച്ച് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. പ്രാചീന സാഹിത്യം മുതൽ ഉത്തരധുനിക സാഹിത്യം വരെയായിരുന്നു ഉദ്യോഗാർഥികൾക്ക് നൽകിയ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, സിലബസിനോട് നീതിപുലർത്താത്ത ചോദ്യങ്ങളായിരുന്നെന്നാണ് പരീക്ഷ എഴുതാനെത്തിയവരുടെ ആരോപണം.
നവംബറിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റുമെന്ന് സൂചന. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് തീരുമാനിച്ചിരുന്നത്. എന്നാൽ നവംബർ 20 മുതൽ 28 വരെ ഗോവ ചലച്ചിത്ര മേളയും, ഡിസംബർ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. അന്തിമ തീരുമാനം സർക്കാർ പ്രഖ്യാപിക്കുമെന്ന് നയരൂപീകരണ സമിതി വ്യക്തമാക്കി.
വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയിൽ വിശദമായ അന്വേഷണം നടത്താൻ ഡിഎഫ്ഒ നിർദ്ദേശം നൽകി. മുറിച്ച മരങ്ങൾ എത്രത്തോളം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് കണ്ടെത്താൻ പരിശോധന നടത്തണമെന്നും, സർക്കാരിന് എത്രത്തോളം നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും. അനുമതി വാങ്ങാതെ 73 മരങ്ങൾ മുറിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ ചെയ്യാനാണ് തീരുമാനം.
കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് സിബിഐക്ക് കൈമാറാതെ ക്രൈം ബ്രാഞ്ചിന് വിട്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി. സിബിഐക്ക് വിടണമെന്ന് കുടുംബവും കേസന്വേഷിച്ച പൊലീസ് സംഘവും ശുപാർശ ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നാണ് ഡിജിപിയുടെ നിലപാട്.
കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുൻ അടക്കമുള്ളവർക്കായി അടുത്ത ആഴ്ച തെരച്ചിൽ പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാർവാർ കളക്ടറേറ്റിൽ ചേരുന്ന യോഗത്തിലുണ്ടാകും. തെരച്ചിലിനായുള്ള വലിയ ഡ്രഡ്‌ജർ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്.
ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത 7,000 രൂപയായി ഉയര്‍ത്തി. പെന്‍ഷന്‍ക്കാര്‍ക്ക് 2,500 രൂപയും ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 35,600 ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 7,009 പെന്‍ഷന്‍കാര്‍ക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.
നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തിൽനിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന.
കുളമാവിൽ പിക്കപ്പ് വാനിനു പിന്നിൽ ബൈക്കിടിച്ച് 17 കാരൻ മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം.
ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പൊന്നാനി അത്താണിയിൽ വച്ച് പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ ഓട്ടോ ഡ്രൈവർ അറിയില്ലി സുജിത്താണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ സുജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
മണിപ്പുരിൽ വീണ്ടം സംഘർഷം. അക്രമത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബിഷ്ണുപുരിൽ റോക്കറ്റാക്രമണത്തിൽ വയോധികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അനിഷ്ടസംഭവങ്ങൾ സംഭവിച്ചത്.
കൊൽക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് സിബിഐ. ഫലം ലഭിക്കുന്നതോടെ അന്വേഷണം പൂർത്തിയാകും. ഒരാഴ്ചക്കുള്ളിൽ അന്തിമറിപ്പോർട്ട് തയ്യാറാകും. കഴിഞ്ഞ മാസത്തിലാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തിലും പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയിൽ തന്നെയാണ് അന്വേഷണം ഒതുങ്ങി നിൽക്കുന്നത്. ഇയാളുടെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ മാത്രമാണ് പ്രതി എന്നാണ് മനസിലാകുന്നതെന്ന് സിബിഐ വ്യക്തമാക്കുന്നു.
ഏവിയേഷന്‍ യൂണിയനുകളുടെ പണിമുടക്കില്‍ സ്തംഭിച്ച് അര്‍ജന്‍റീനയിലെ വിമാനത്താവളങ്ങള്‍. അവസാന നിമിഷം പ്രഖ്യാപിച്ച പണിമുടക്ക് 15000 യാത്രക്കാരെയാണ് ഇതിനോടകം ബാധിച്ചത്. 150ലേറെ വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പണപ്പെരുപ്പത്തിനനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടായിരുന്നു വിമാന ജീവനക്കാരുടെ പണിമുടക്ക്.
ടെക്സാസിലേക്ക് പുറപ്പെട്ട വിമാനത്തിൻ്റെ ക്യാബിനുള്ളിൽ പുക കണ്ടതിന് പിന്നാലെ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. അമേരിക്കൻ എയർലൈനിന്റെ 1733 വിമാനമാണ് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. മിൽവാക്കി മിച്ചൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 108 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. ഫസ്റ്റ് ക്ലാസിനുള്ളിൽ നിന്ന് പുകയുടെ രൂക്ഷ ഗന്ധം ക്യാബിനുള്ളിൽ പടർന്നതോടെ വിമാനം വഴി തിരിച്ച് വിട്ട് എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു.