ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഏഴ് വർഷത്തിന് ശേഷമുള്ള നാമ മാത്ര വർധനയാണിതെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
സപ്ലൈക്കോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്ലൈക്കോയെ ആശ്രയിക്കുന്നത്. ഈ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയിരിക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.
പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതായതിനാൽ ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം എഡിജിപി അജിത് കുമാറിനെ മാറ്റിനിര്‍ത്തിയാവണം എന്നത് അന്‍വറിന്റെ മാത്രം ആവശ്യമാണ്, സര്‍ക്കാരിന് ആ അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു.
എം എൽ എ പി വി അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന പ്രശ്നമല്ല ഇപ്പോഴത്തെതെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി. ഗുരുതരമായ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം. അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്. കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎ പിവി അൻവറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് ഡിജിപിക്ക് പരാതി നൽകി. ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ചതും കുറ്റകൃത്യമാണെന്ന് ഷോൺ ജോർജിന്റെ പരാതിയിൽ പറയുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തി. സംസ്ഥാനത്താകെ ഓണാഘോഷ പരിപാടികളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ മത്സരങ്ങൾ നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും അത്തപ്പൂക്കളം ഇടാൻ അനുമതിയുണ്ട്. ഇതോടെ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ്റെ ഓണം സുവനിയർ ഇറക്കുന്നതും പ്രതിസന്ധിയിലാണ്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി മുൻ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. എല്ലാ വിഘ്നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി ഈ കേരളത്തിൽ തന്നെ ഗവര്‍ണറായി വരട്ടെയന്ന് ആശംസിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം. എന്നാൽ പ്രസംഗം വിമര്‍ശനത്തിനിടയാക്കിയതോടെ തിരുവഞ്ചൂര്‍ വിശദീകരണം നൽകി. ഗവർണർ പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചതാണെന്നും ,അദ്ദേഹം ചെയ്ത കാര്യങ്ങളിൽ കുറെയേറെ ശരികൾ ഉണ്ട്. ഒപ്പം യോജിക്കാൻ കഴിയാത്ത കാര്യങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹർജികൾ കേൾക്കുകയെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനിതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്.
ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി നടൻ പ്രേംകുമാർ അധികാരമേറ്റു വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കുമെന്നും പ്രേംകുമാർ പറഞ്ഞു. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്.
സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു.
തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.മുരളീധരൻ. സംഘിയെ ദില്ലിയിലേക്ക് അയക്കുന്നതിൻ്റെ ഭാഗമായാണ് പൊലിസിനെ ഉപയോഗിച്ച് പൂരം കലക്കിയത്. ഇപി ജയരാജനെ ജാവദേക്കറിനടുത്തേക്കയച്ചതും സ്വർണക്കടത്തുൾപ്പെടെയുള്ള കാര്യങ്ങളിൽ ഒത്തുതീർപ്പിനായിരുന്നു. ആ ചർച്ചയിലാണ് പൂരം കലക്കാൻ തീരുമാനമുണ്ടായതെന്നും മുരളീധരൻ പറഞ്ഞു. പിന്നാലെയാണ് എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിൽ പൂരം കലക്കാൻ പ്ലാനിട്ടത്. എല്ലാം ചേർത്ത് വായിച്ചാൽ അതിനുത്തരമാണ് തൃശൂരിലെ ബിജെപിയുടെ ജയമെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കുറ്റവിചാരണയ്ക്കുളള കോടതി മുറി തന്നെ മാറ്റാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മുതിര്‍ന്ന അഭിഭാഷകന് ബി.രാമന്‍പിളളയ്ക്കു വേണ്ടിയാണ് ഹൈക്കോടതി നിര്‍ദേശം. മാണി സി കാപ്പന് എംഎല്‍എയ്ക്കെതിരായ വഞ്ചനാ കേസിലാണ് പ്രതി ഭാഗത്തിനു വേണ്ടി രാമന്പിളള ഹാജരാകുന്നത്. വക്കീലിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് വിചാരണ സൗകര്യപ്രദമായ മറ്റൊരു കോടതി മുറിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇടുക്കിയിലെ ആദിവാസി ഊരുകളിൽ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് സബ് കളക്ടർ പിഴചുമത്തി. ഉടുമ്പന്നൂർ, വെളളിയാമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളിലുണ്ടായിരുന്ന കേരശക്തി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആളുകൾക്ക് വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രാദേശിക ഭിന്നതകളെ തുടർന്ന് ബ്രാഞ്ച് അംഗങ്ങൾ വിട്ടുനിന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാടായ മൊറാഴയിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി. മൊറാഴ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ പേരും ബഹിഷ്കരിച്ചത്.
എ കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ എന്‍സിപിയിൽ ശക്തമായ നീക്കമെന്ന് സൂചന. എന്നാൽ മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രൻ സ്വീകരിച്ചതോടെ പാര്‍ട്ടിയിൽ പ്രതിസന്ധി രൂക്ഷമായെന്നാണ് റിപ്പോർട്ട്. പ്രശ്ന പരിഹാരത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
എടവണ്ണയിൽ പൊലീസുകാരനായ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി സുഹൃത്ത്. മരിക്കുന്നതിന് തലേ ദിവസം പൊലീസ് സേനയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാർ തന്നോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്തായ എടവണ്ണ സ്വദേശി നാസർ പറഞ്ഞു. എഎസ്ഐ ശ്രീകുമാർ 2021 ജൂൺ 10 നാണ് ആത്മഹത്യ ചെയ്തത്. പിടികൂടുന്ന പ്രതികളെ മർദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. അത് ചെയ്യാതെ വന്നപ്പോൾ സ്ഥലം മാറ്റിയും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചുവെന്നും മുൻ എസ്പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്നും ശ്രീകുമാർ പറഞ്ഞതായി നാസർ പറയുന്നു.
സിപിഎം സംസ്ഥാന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിനെതിരായ ആരോപണങ്ങളിൽ സ്വപ്ന സുരേഷിനെതിരെ എടുത്ത അപകീർത്തി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലുളളവർ സ്ഥലം മാറിപ്പോയിട്ടും പുതിയ സംഘത്തെ കേസ് ഏൽപ്പിച്ചിട്ടില്ല. സ്വപ്നയെയും വിജേഷ് പിളളയെയും ഒരു തവണ ചോദ്യം ചെയ്തതല്ലാതെ അന്വേഷണം മുന്നോട്ട് നീങ്ങാത്തതിൽ പാർട്ടിയിലും അതൃപ്തിയുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി ഡിജിപിക്ക് പരാതി നല്കി. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നല്‍കിയത്. കേസിലെ എഫ്ഐആറിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിൻ വ്യക്തമാക്കി. തന്റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വനിത ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്റ്റ് നടന്നു. ചിറ്റൂർ ജോയിന്റ് ആർടിഒ ബൃന്ദ സനിലാണ്
ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ടെസ്റ്റിനെത്തിയവരുടെ ഡ്രൈവിങിലുള്ള കാര്യക്ഷമതയും ടെസ്റ്റുകള്‍ കൃത്യമായി പരിശോധിച്ചതുമെല്ലാം ബൃന്ദ സനിലായിരുന്നു. ഇതുവരെ പുരുഷൻമാരായ ഉദ്യോഗസ്ഥർ മാത്രമാണ് ഹെവി വെക്കിക്കിൾ ടെസ്റ്റ് നടത്തിയിരുന്നത്.
സാഹിത്യകാരന് കെ.എല്‍. മോഹനവര്‍മ്മ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണൻ അംഗത്വം നല്‍കിയത്.
കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കൽ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബസിനുള്ളിൽ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെ ആക്രമിച്ച മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തിൽ പികെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം ചങ്ങരംകുളം കോക്കൂരിൽ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ഒതളൂർ സ്വദേശി മണിയാറംകുന്നത്ത് ശംസുദ്ധീൻ (29) ആണ് മരിച്ചത്. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
വയനാട് തൊണ്ടർനാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞാമിയെ ഇന്നലെ മുതല്‍ കാണാതായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു.
ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളില്‍ രാത്രിയില്‍ പോസ്റ്റ്മോര്‍ട്ടം തുടങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവ് തൃശൂരില്‍ നടപ്പിലാക്കുന്നതിന് ഡോക്ടര്‍മാരുടെ കുറവ് തടസമാകുന്നു. ആകെയുള്ള ഏഴ് ഫോറൻസിക് സർജന്മാരുടെ തസ്തികകളില്‍ നാലെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ അനുബന്ധ ജീവനക്കാരുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് അനുകൂലമായിട്ടുള്ളത്. അവയവദാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് കണ്ടെത്തിയാല്‍ അവയവദാനത്തിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്താനും വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്.
നടൻ വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചെന്ന കേസിൽ ചലച്ചിത്ര സംവിധായകൻ ആറ്റ്ലിക്കും ചിത്രം നിര്‍മ്മിച്ച എജിഎസ് എന്റര്‍ടെയ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനും, എക്സിക്യൂട്ടീവ് ഡയറക്ടർ അർച്ചന കൽപാത്തിക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. തിരക്കഥാകൃത്ത് അംജത് മീരൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എം.സുന്ദറും ആർ.ശക്തിവേലും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചത്.
രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ രണ്ട് ഇരുചക്രവാഹനങ്ങളുമായി കാർ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. സൂറത്ത്ഗഡ്-അനുപ്ഗഡ് സംസ്ഥാന പാതയിലാണ് അപകടം. മതപരമായ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചതെന്ന് ബിജയ് നഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് വ്യക്തമാക്കി.
ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈനായി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദിലെ എംബസിയിൽ നടന്ന കൂടികാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഹിമാചൽപ്രദേശ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 2 ലക്ഷം ജീവനക്കാർക്കും 1.5 ലക്ഷം പെൻഷൻകാർക്കും സെപ്റ്റംബർ ഒന്നിന് ശമ്പളവും പെൻഷനും ലഭിച്ചില്ല. ക്യാബിനറ്റ് മന്ത്രിമാർ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം വാങ്ങില്ലെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പ്രഖ്യാപിച്ചു.
പൊലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണവും പെൻഷൻകാർക്ക് അഞ്ച് ശതമാനം അധിക അലവൻസും ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ. കഴിഞ്ഞ ദിവസമാണ് പുതിയ നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചത്. മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം 3,150 മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്ക് സ്ഥലം അനുവദിക്കാനുള്ള നിർദേശവും അംഗീകരിച്ചു.
മഹാരാഷ്ട്ര സിന്ധുദുർഗിലെ രാജ്കോട്ട് കോട്ടയിലെ ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണ സംഭവത്തിൽ ശിൽപിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ശിൽപിയും കരാറുകാരനുമായ ജയദീപ് ആപ്തെയെയാണ് താനെ ജില്ലയിലെ കല്യാണിൽ നിന്ന് മഹാരാഷ്ട്ര ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആപ്തെ ഇപ്പോൾ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിലാണ്.ഇയാൾക്ക് വലിയ പ്രതിമകൾ നിർമിച്ച് പരിചയമില്ലെന്നും കല്യാണിലെ ഒരു ആർട്ട് കമ്പനിയുടെ ഉടമയാണെന്നും പൊലീസ് പറയുന്നു.
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു. റതിയാ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ആയ ലക്ഷ്മണ് ദാസ് നാപയാണ് ബിജെപിയില്‍നിന്ന് രാജിവെച്ചത്. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാജി.
മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടിയും അറസ്റ്റ് ചോദ്യംചെയ്തും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.