തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, മൂന്നു പേരെ കാണാതായി. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കാണാതായ മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ വള്ളമാണ് മറിഞ്ഞത്.
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. ഡെറാഡൂണിലേക്കു വിനോദയാത്രക്കാരുമായി പോയ ബസ് വികാസ് നഗറിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയായിരുന്നു. ജനലിലൂടെ യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ 45 മലയാളികളും സുരക്ഷിതരാണ്. കൊച്ചി മെഡിക്കല്‍ കോളജിലെ 27 ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 18 ഡോക്ടര്‍മാരുമാണ് കുടുങ്ങിയത്. ഇന്നു വൈകുന്നേരത്തോടെ ഇവര്‍ മടക്കയാത്ര ആരംഭിക്കുമെന്നാണു റിപ്പോര്‍ട്ട്.
സംരക്ഷണത്തിനു കോടതി ഉത്തരവുണ്ടായിട്ടും ബസുടമയെ ആക്രമിച്ച സംഭവത്തില്‍ പോലീസിനെതിരേ ഹൈക്കോടതി. അടിയേറ്റതു കോടതിയുടെ മുഖത്താണെന്നും ഒന്നു തല്ലീക്കോയെന്ന് പോലീസ് നാടകം കളിച്ചെന്നും സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചു. കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയെ സിഐടിയുക്കാരന്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയേയും സ്റ്റേഷന്‍ ഹൗസ് ഓഫീസറേയും കോടതി മുറിയില്‍ നിര്‍ത്തിപൊരിച്ചു. എത്ര പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നെന്നും അക്രമിക്കെതിരേ എന്തു നടപടിയെടുത്തെന്നും കോടതി ചോദിച്ചു. കുമരകം എസ്എച്ചഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നല്‍കുകയും 18 നു നേരിട്ടു ഹാജരാകുകയും വണം. കോടതി ഉത്തവിട്ടു.
വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ കിണറിലെ പഴയ റിംഗ് മാറ്റി പുതിയത് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു. 47 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തമിഴ്‌നാട് സ്വദേശിയായ മഹാരാജിന്റെ മൃതദേഹം പുറത്തെടുത്തത്. കൊല്ലം സ്വദേശികളായ ബാബു, ഷാജി, അജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവസാനവട്ട രക്ഷാപ്രവര്‍ത്തനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് തലയില്‍നിന്ന് പോയി കിട്ടിയാല്‍ അത്രയും സന്തോഷമെന്ന് ലോകായുക്ത. കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്ന് പരാതിക്കാരനോട് ലോകായുക്ത പറഞ്ഞു. ഇടക്കിടെ പത്രവാര്‍ത്ത വരുമല്ലോ? ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് ഉപലോകായുക്ത ചോദിച്ചു. കേസ് ഈ മാസം 20 ലേക്കു മാറ്റി.
ആലപ്പുഴ ചാത്തങ്കരിയില്‍ ഹൃദ്രോഗമുണ്ടായ 73 കാരിയെ വെള്ളക്കെട്ടുമൂലം യഥാസമയം ആശുപത്രിയില്‍ എത്തിക്കാനാകാത്തതുമൂലം മാര്‍ഗമധ്യേ മരിച്ചു. അച്ചാമ്മ ജോസഫിനു നെഞ്ചു വേദന അനുഭവപ്പെട്ട് രണ്ടര മണിക്കൂറിനുശേഷം നാട്ടുകാര്‍ ജെസിബി എത്തിച്ച് ജെസിബിയുടെ ബക്കറ്റിലാക്കിയാണ് വെള്ളക്കെട്ടില്ലാത്ത പ്രദേശത്ത് എത്തിച്ചത്. വെള്ളക്കെട്ടുമൂം വീട്ടിലെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകാനായില്ല. ഭര്‍ത്താവ് മാധവന്‍ പൊലീസിന്റെ സഹായം തേടിയെങ്കിലും വാഹനം എത്തിക്കാനായില്ല.
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. പ്രതി അല്ലാത്തയാളുടെ മൊബൈല്‍ ഫോണ്‍ എന്തിനു പിടിച്ചെടുത്തെന്ന് കോടതി ചോദിച്ചു. ഫോണ്‍ ഉടന്‍ വിട്ടുനല്‍കണം. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞു.
കേരളത്തിലേക്കു മടങ്ങാന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി വീണ്ടും സുപ്രീം കോടതിയില്‍. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. മഅദനിക്കു നാട്ടിലേക്കു മടങ്ങാന്‍ സുപ്രീം കോടതി നല്‍കിയ അനുമതി നടപ്പാക്കാതിരിക്കാന്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാ കാരണങ്ങള്‍ അടക്കം വിചിത്രമായ തടസങ്ങള്‍ സൃഷ്ടിച്ചെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് റൂട്ടുമാറി ഓടിയ സ്വകാര്യ ബസിനെ റോഡില്‍ ബസുകള്‍ നിരത്തിയിട്ടു തടഞ്ഞ് മിന്നല്‍ പണിമുടക്കും മണിക്കൂറുകളോളം ഗതാഗത തടസവുമുണ്ടാക്കിയ കെഎസ്ആര്‍ടിസിയിലെ 61 ജീവനക്കാരെ കുറ്റവിമുക്തരാക്കി. യൂണിയനുകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി മനേജുമെന്റ് അവസാനിപ്പിച്ചത്.
ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. തൃശൂര്‍ ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്.
തെരുവു നായ ആക്രമണത്തെത്തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്ര കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്നലെ ഈ പ്രദേശത്തെ നാലു പേരെ തെരുവുനായ് ആക്രമിച്ചിരുന്നു.
കൊച്ചിയില്‍ കുടുംബശ്രീ തട്ടിപ്പിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്. അയല്‍ കൂട്ടങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവരാണു പിടിയിലായത്. ചോദ്യം ചെയ്യാനായി ഇവരെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
കാനഡയിലേക്കു വിസ വാഗ്ദാനം ചെയ്ത് 1.15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒഡിഷ സ്വദേശി പിടിയില്‍. റൂര്‍ക്കല സ്വദേശി ഡാനിയേല്‍ ബിറുവയെ (49) ആണ് മലപ്പുറം കാളികാവ് മാളിയേക്കല്‍ സ്വദേശി കുപ്പനത്ത് അബുവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തത്.
യാത്രക്കാരനെ കാറിടിപ്പിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ടു ലക്ഷം രൂപ കവര്‍ന്ന കേസില്‍ നാലുപേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. അടൂര്‍ സ്വദേശികളായ സുജിത്ത് (20), വടക്കേടത്തുകാവ് രൂപന്‍ രാജ് (23), സൂരജ് (23), അടൂര്‍ സ്വദേശി സലിന്‍ ഷാജി (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലെ നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകള്‍ പങ്കജത്തെ അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍ പെരുമഴ. 40 വര്‍ഷത്തിനിടെ ജൂലൈയില്‍ പെയ്യുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. പലയിടത്തും വെള്ളക്കെട്ട്. ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ പാതി വഴിയില്‍ മുന്നോട്ട് പോകാനാകാതെ കുടുങ്ങി. വാഹനങ്ങള്‍ അടക്കമുള്ള സ്വത്തുവകകള്‍ കുത്തിയൊലിച്ചു പോകാതിരിക്കാന്‍ ഉടമകള്‍ പാടുപെടുന്ന നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍.
ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ 906.29 കോടി രൂപയുടെ സമ്പാദ്യം അവസാനത്തെ കാമുകിക്ക്. 2023 ജൂണ്‍ 12 ന് 86ാം വയസിലാണ് സില്‍വിയോ ബെര്‍ലുസ്‌കോണി അന്തരിച്ചത്. കാമുകിയായിരുന്ന 33 കാരി മാര്‍ത്ത ഫാസിനയ്ക്കാണ് ഇത്രയും തുക വില്‍പത്രത്തില്‍ നീക്കിവച്ചത്.
മോശം കാലാവസ്ഥയും വിമാനത്തിലെ അമിത ഭാരവും ചൂണ്ടിക്കാട്ടി ഈസിജെറ്റ് വിമാനത്തിലെ 19 യാത്രക്കാരെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു. ജൂലൈ അഞ്ചിന് ലാന്‍സറോട്ടില്‍ നിന്ന് ലിവര്‍പൂളിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. പ്രതികൂലമായ കാറ്റും ചെറിയ റണ്‍വേയുമാണ് വിമാനത്തിനു പറന്നുയരാന്‍ തടസമെന്ന് പൈലറ്റ് വിശദീകരിച്ച വീഡിയോ വൈറലായി.