കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ സിപിഎം നേതാക്കള്‍ കുടുങ്ങുന്നതിനിടെ പണം എത്തിച്ചു പരിഹാരമുണ്ടാക്കാന്‍ ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിളിച്ച യോഗത്തില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണനും പങ്കെടുക്കുന്നുണ്ട്. നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാന്‍ 40 കോടി രൂപ കൂടി വേണമെന്ന് കണ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ ബാധ്യതകള്‍ തീര്‍ക്കാന്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് പണം സമാഹരിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണമില്ല. അടുത്ത ആഴ്ചയോടെ ഒരു പാക്കേജ് പ്രഖ്യാപിക്കുമെന്നും വാസവന്‍ പറഞ്ഞു.
ഡോക്ടര്‍ നിയമനത്തിനു കോഴ നല്‍കിയെന്ന ആരോപണത്തില്‍ ആര്‍ക്കാണു പണം കൈമാറിയതെന്നു വ്യക്തമാകാന്‍ മന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. പണം നല്‍കിയെന്നു പറയുന്ന ഏപ്രില്‍ 10 ന് അഖില്‍ മാത്യു പത്തനംതിട്ടയിലായിരുന്നെന്നും അഖില്‍ മാത്യവാണെന്നു പറഞ്ഞ് മറ്റാരോ പണം തട്ടിയെടുത്തതാകുമെന്നാണ് പോലീസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിനോടു സിപിഎം. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടിയായ ജനതാദളിന്റെ ദേശീയ അധ്യക്ഷന്‍ മുന്‍പ്രധാനമന്ത്രി ദേവഗൗഡ എന്‍ഡിഎയില്‍ പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ചിരിക്കേയാണ് സിപിഎം അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നു നിര്‍ദേശിച്ചത്.
മുട്ടില്‍ മരംമുറിക്കേസില്‍ കര്‍ഷകര്‍ക്കും സ്ഥലമുടമകളായ ആദിവാസികള്‍ക്കും പിഴ ചുമത്തിയ റവന്യൂവകുപ്പു നടപടി പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥ ശ്രമമെന്നും ഗഗാറിന്‍ ആരോപിച്ചു.
മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഒ നെഗറ്റീവ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തം നല്‍കിയ ഗര്‍ഭിണിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍. മലപ്പുറം സ്വദേശിനി റുക്‌സാന അപകട നില തരണം ചെയ്‌തെന്നും ഗര്‍ഭസ്ഥ ശിശുവിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് അറിയിച്ചത്.
ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന്. പാലക്കാട് സ്വദേശി മുഹമ്മദ് നിയാസാണ് ഹൈമാസ്റ്റ് ലൈറ്റുകളുടെ പോസ്റ്റുകള്‍ക്കു താഴെ താഴിട്ട് പൂട്ടുകയും ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തത്.
പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എംജി രവിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. പുറത്തായ മുന്‍ പ്രസിഡന്റ് കെപി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയില്ല. യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരില്‍ ഒരാള്‍ എല്‍ഡിഎഫിനെ പിന്തുണക്കുകയും ചെയ്തതോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
ജയിലില്‍ സഹതടവുകാരനായിരുന്നയാളുടെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും 15,000 രൂപയും ശിക്ഷ. മലപ്പുറം മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദിനെയാണ് (45) കോടതി ശിക്ഷിച്ചത്.
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം 36 കോടി രൂപ മൂല്യമുള്ള തിമിംഗില ഛര്‍ദിയുമായി ആറ് മലയാളികള്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി വിവേകാനന്ദന്‍ (49), കൊല്ലം സ്വദേശി നിജു (39), കാരക്കോണം സ്വദേശികളായ ജയന്‍ (41), ദിലീപ് (26), പാലക്കാട് സ്വദേശികളായ ബാലകൃഷ്ണന്‍ (50), വീരാന്‍ (61) എന്നിവരാണ് കന്യാകുമാരി പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട് കൊയിലാണ്ടി മാടാക്കരയില്‍ ഭാര്യയെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചയാളെ അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ എഎസ്‌ഐ വിനോദ് അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതി അബ്ദുള്‍ റൗഫിനെ റിമാന്‍ഡു ചെയ്തു.
കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഒന്നേ കാല്‍ കിലോ കഞ്ചാവുമായി തിരുവല്ല കവിയൂര്‍ സ്വദേശി സി.വി.അരുണ്‍മോനെ എക്‌സൈസ് പിടികൂടി. തലയോലപ്പറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഒന്നേ മുക്കാല്‍ കിലോ കഞ്ചാവും പിടികൂടി.
തെലങ്കാനയില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ഫാക്ടറിക്കു കിറ്റെക്‌സ് കമ്പനി തറക്കല്ലിട്ടു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ 1.2 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്നു ഫാക്ടറിയും മൊത്തം 3.6 കിലോമീറ്റര്‍ നീളമുള്ള ഫൈബര്‍ ടു അപ്പാരല്‍ നിര്‍മ്മാണ കേന്ദ്രവുമാണ് ഒരുങ്ങുന്നത്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. 250 ഏക്കറില്‍ 45 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കുന്നതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് പറഞ്ഞു. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ പണി പൂര്‍ത്തിയാക്കും. കുട്ടികളുടെ വസ്ത്രങ്ങളില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളാണ് കിറ്റെക്‌സ് ഗ്രൂപ്പ്.
ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ അബദ്ധത്തില്‍ ഒമ്പതിനായിരം കോടി രൂപ നിക്ഷേപിച്ച സംഭവത്തിനു പിറകേ, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണന്‍ രാജിവച്ചു. കഴിഞ്ഞ വര്‍ഷം ചുമതലയേറ്റ ഇദ്ദേഹം വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വയ്ക്കുന്നതെന്നാണ് അറിയിച്ചത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങി സഹോദരങ്ങളടക്കം മൂന്നു യുവാക്കള്‍ മരിച്ചു.