കേരളത്തില്‍ 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. മലപ്പുറം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളിലാണ് പരിശോധന. 250 സിആര്‍പിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയോടെയാണ് പരിശോധന പുരോഗമിക്കുന്നത്. ചാവക്കാട് മുനയ്ക്കകടവില്‍ ലത്തീഫ് പോക്കാക്കില്ലത്ത്, കൊച്ചി കുമ്പളത്ത് മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുല്‍ അമീന്‍ എന്നിവര്‍ അടക്കമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്.
മദ്യപിച്ചോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എഡിജിപി അജിത്കുമാറിന്റെ ഉത്തരവ്. മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്എച്ച്ഒ മാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്താന്‍ വൈകും. കപ്പല്‍ അടുപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഇനിയും സജ്ജമായില്ല. തുറമുഖത്തിനു വേണ്ട കൂറ്റന്‍ ക്രെയിനുകളുമായി ചൈനയില്‍നിന്നുള്ള കപ്പല്‍ ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിച്ചു. ഷെന്‍ഹുവ 15 എന്ന കപ്പല്‍ ഗുജറാത്തിലെ, മുന്ദ്രാ തുറമുഖത്തേക്കു നീങ്ങുകയാണ്. നാലാം തീയതി കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. പത്താം തീയതിയോ പതിനഞ്ചാം തീയതിയോ ചടങ്ങ് നടത്താനാണ് ആലോചന.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവ് എം കെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു. തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് കണ്ണന്‍.
കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഏതു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന സംബന്ധിച്ച്‌കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്നു കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമന്‍സ് അയച്ചു.
കൊല്ലത്ത് കുരീപ്പുഴ ടോള്‍ പ്ലാസയില്‍ ഡിവൈഎഫ്‌ഐ ഉപരോധ സമരംമൂലം ടോള്‍ പിരിവ് തത്കാലം നിര്‍ത്തി. ദേശീയപാതാ വികസനം പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ ഉപരോധ സമരം നടത്തിയത്. കരാര്‍ കമ്പനി ടോള്‍ പിരിവു തുടരാന്‍ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ഇടപെടല്‍ തേടി.
കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ 57 കോടി രൂപയുടെ തട്ടിപ്പ് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതിയില്‍നിന്ന് ഈടാക്കണമെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനാണ് ക്രമക്കേടിന്റെ സൂത്രധാരനെന്നാണ് സഹകരണ റജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തിയതോടെ വധ ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ സുരേഷ്. സൂക്ഷിക്കണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍. അപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലെ കോടതിയുടെ അധികാര പരിധിയിലാണെന്നാണ് വാദം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നിര്‍മിച്ച വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ 36 വീടുകള്‍ പണിതു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. 24 ലക്ഷം രൂപ മാത്രമാണ് നല്‍കേണ്ടത്. സമയബന്ധിതമായി ഇരകളെ മാറ്റി പാര്‍പ്പിക്കണമെന്നും ജില്ലാ കളക്ടറോട് കോടതി പറഞ്ഞു.
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷാക്കിര്‍ വിദേശത്ത് തുടരുകയാണ്. ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു പേലീസ് നിര്‍ദ്ദേശിച്ചിരുന്നു.
കോട്ടയം കുമാരനെല്ലൂരില്‍ കഞ്ചാവ് കച്ചവടത്തിനു പട്ടികളെ സംരക്ഷണം. അര്‍ധരാത്രി റെയ്ഡിനെത്തിയ പോലീസിനെതിരെ പട്ടികളെ അഴിച്ചുവിട്ട റോബിന്‍ എന്നയാള്‍ ഓടിരക്ഷപ്പെട്ടു. പോലീസ് 17.8 കിലോ കഞ്ചാവ് ഉള്‍പ്പെടെ പിടിച്ചെടുത്തു.
ആലപ്പുഴ മാരാരിക്കുളത്ത് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യില്‍ പ്രസന്നന്റെ ഭാര്യ മഹിളാമണി (55) വീടിനു പുറത്തു മരിച്ചത്.
തമിഴ്‌നാടിന് കാവേരി വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ നാളെ ബംഗളൂരുവില്‍ ബന്ത്. ബസ്, ഓട്ടോ, ടാക്‌സി, ഒല, ഉബര്‍ തുടങ്ങിയ വെബ് ടാക്‌സികള്‍ നിരത്തിലിറങ്ങില്ല. ഹോട്ടലുകള്‍ തുറക്കില്ല. വിവിധ കര്‍ഷക സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, കന്നട അനുകൂല സംഘടനകള്‍ എന്നിവ ഉള്‍പ്പെടെ നൂറിലേറെ സംഘടനകള്‍ ബന്തിന് പിന്തുണ പ്രഖ്യാപിച്ചു.
മണിപ്പൂരില്‍ അര്‍ധസൈനിക വിന്യാസം വര്‍ധിപ്പിച്ചു. 400 അധിക കമ്പനി സേനയെ വിന്യസിപ്പിച്ചു. ബിഎസ്എഫ്, സിആര്‍പിഎഫ് സംഘത്തെയാണ് എത്തിച്ചത്. ചുരാചന്ദ്പുരിലെ ബിഎസ്എഫിന്റെ ക്യാമ്പ് താല്‍ക്കാലിക ജയിലാക്കി മാറ്റും അക്രമിക സംഘങ്ങള്‍ പോലീസില്‍നിന്നും പട്ടാളത്തില്‍നിന്നുമായി കവര്‍ന്നെടുത്ത അയ്യായിരത്തിലേറെ ആയുധങ്ങള്‍ തിരിച്ചുതരണമെന്ന് അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.
യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഗ്ലോബല്‍ സൗത്ത് വികസ്വര രാഷ്ട്രങ്ങള്‍. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിനു മാതൃകയാണെന്നു വിവിധ രാജ്യങ്ങള്‍ പ്രശംസിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍. ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനുമുള്ള ബാധ്യത കാനഡയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ഗ്രോവിലെ ബറകത്ത് ഗാലറിയില്‍നിന്ന് പന്ത്രണ്ടര കോടി രൂപ വിലമതിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ മോഷണം പോയി. 114 കിലോഗ്രാം വരുന്ന വെങ്കല ശില്‍പമാണു മോഷണം പോയത്.