75 വര്‍ഷത്തെ ഐതിഹാസികമായ ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പാര്‍ലമെന്റ് മന്ദിരം പുതതലമുറക്കുള്ള ചരിത്ര പഠനകേന്ദ്രവും പ്രചോദനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗണേശ ചതുര്‍ത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനത്തിനു ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പുത്തന്‍ പ്രതീക്ഷയോടെ പ്രവേശിക്കാം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോടു വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഇന്ത്യന്‍ പതാക ചന്ദ്രനിലെത്തി. ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളുണ്ടായി. ജി 20 ഉച്ചകോടി വന്‍ വിജയമായി. മോദി പറഞ്ഞു.
കൂടുതല്‍ പേര്‍ക്കു നിപ രോഗവ്യാപനമില്ല. പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണ്. നിപ ബാധിച്ചു മരിച്ച ഹാരിസുമായി അടുത്തിടപഴകിയ വ്യക്തിയുടെ പരിശോധനാഫലവും നെഗറ്റീവാണ്.
ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേരള പ്രവാസി അസോസിയേഷനാണു ഹര്‍ജി നല്‍കിയത്. വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഐജി പി. വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വീണ്ടും മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വകുപ്പുതല അന്വേഷണത്തിനു തടസമാകില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എലത്തൂര്‍ ട്രെയിന്‍ തീവയ്പുകേസിലെ പ്രതിയെ പിടികൂടി കൊണ്ടുവരുന്നതിനു വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തില്ലെന്ന വിവരം മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയെന്ന് ആരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18 ന് സസ്‌പെന്‍ഡ് ചെയ്തത്.
ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി അറേബ്യയിലേക്ക്. അടുത്ത മാസം 19 മുതല്‍ 22 വരെ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കി.
ഇന്ത്യ സഖ്യം രൂപീകരിച്ച എല്ലാ സമിതികളിലും സിപിഐ തുടരുമെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസുമായി വേദി പങ്കിട്ടാല്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടം ദുര്‍ബലപ്പെടില്ലെന്നും ബിജെപിയാണു മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘം തൃശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന നടത്തി. അറസ്റ്റിലായ സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥലത്തിലാണ് റെയ്ഡ്. ബന്ധുക്കളുടെ അടക്കം അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളിപ്പിച്ചെന്നാണ് സംശയം.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്നതിനെ പിന്തുണച്ച് സിപിഐ സ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഭരണത്തിരിലിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ആവശ്യമുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ പുനസംഘടന നേരത്തെ തീരുമാനിച്ചതാണ്. ഗണേഷിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണ്. കാനം പറഞ്ഞു.
മലയാറ്റൂരിലെ ബസ് സ്റ്റേപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 1,22,700 രൂപയ്ക്കു ജനകീയ സമിതി പിരിവെടുത്തു നിര്‍മിച്ച ബസ് സ്റ്റോപ്പാണു തരംഗമായത്. മനോഹാരിതയും സൗകര്യങ്ങളും ധാരാളമുണ്ടെന്നു മാത്രമല്ല, നിര്‍മാണ ചെലവു വളരെ കുറവാണ്. എംപി ഫണ്ടോ എംഎല്‍എ ഫണ്ടോ ഉപയോഗിച്ച് മരാമത്ത് വകുപ്പു നിര്‍മിക്കുകയാണെങ്കില്‍ 15 മുതല്‍ 25 വരെ ലക്ഷം രൂപ ചെലവാക്കുമായിരുന്നുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ ഓടിച്ച പൊലീസ് ജീപ്പ് മൈലപ്രയില്‍ ഇന്നലെ രാത്രി കടയിലേക്ക് ഇടുച്ചു കയറി. അമിതവേഗതയിലായിരുന്നുവെന്നും ഡിവൈഎസ്പി മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ആരോപിച്ചു.
പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹര്‍ജിക്കാരനായിരുന്നു അദ്ദേഹം.
ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍. ഗുജറാത്ത് തുളസിദര്‍ സ്വദേശി സയ്യിദ് ആരിഫ് ഹുസൈന്‍ ( 66) ആണ് മരിച്ചത്. രാവിലെ ഒമ്പതിനു ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് മരിച്ച വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചെന്നൈയില്‍നിന്ന് കയറിയ കാസര്‍ക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.
കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ ഭാര്യയെ തീകൊളുത്തി കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കര്‍ണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റഹീമിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. സംശയരോഗമാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ്.
2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറുമ്പോള്‍ 55 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയുടെ കട ബാധ്യത മോദി ഭരണത്തില്‍ 155 ലക്ഷം കോടി രൂപയായെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയതില്‍ ഏഴര ലക്ഷം കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ട് അഴിമതിയാണു ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരു ജെപി നഗറിലെ സത്യഗണപതി ക്ഷേത്രം 65 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ചു. ഇത്തവണ 10, 20, 50 രൂപയുടെ കറന്‍സികള്‍ മുതല്‍ 500 രൂപ കറന്‍സി വരെ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചത്.
വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് അഞ്ചുവയസുകാരി മരിച്ചു. അഞ്ചുവയസുകാരി ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറിനുമുകളിലേക്ക് വിമാനം തീഗോളമായി ഇടിച്ചുകയറുകയായിരുന്നു. ഇറ്റലിയിലെ ടുറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമാണ് സംഭവം.