ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രം സമിതി രൂപീകരിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമിതിയുടെ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വിഷയം പഠിച്ചതിനുശേഷം പാനല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം 18 നു ചേരാനിരിക്കേയാണ് തിടുക്കത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
വാണിജ്യ എല്‍പിജി വില 158 രൂപ കുറച്ചു. തിരുവനന്തപുരത്തെ പുതിയവില 1,558 രൂപയാണ്. വിലക്കുറവ് ഇന്നു പ്രാബല്യത്തിലായി.
പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കേ, കേന്ദ്ര മന്ത്രിമാര്‍ വിദേശയാത്രകള്‍ റദ്ദാക്കണമെന്ന് ബിജെപി നേതൃത്വം. സുപ്രധാന നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കേയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യത. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ ഉള്ളതിനാലാണ് മഴ മുന്നറിയിപ്പുള്ളത്.
ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഇന്നു പുലിക്കളി. അഞ്ചു പുലിക്കളി സംഘങ്ങളാണ് വൈകുന്നേരം നാലരയോടെ സ്വരാജ് റൗണ്ട് കീഴടക്കുക. ഓരോ പുലിസംഘത്തിലും അമ്പതു മുതല്‍ എഴുപതുവരെ പുലിവേഷധാരികളുണ്ടാകും. നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. ശരീരത്തില്‍ പുലി വേഷം പെയിന്റു ചെയ്യുന്ന പണികള്‍ രാവിലെ ആരംഭിച്ചിരുന്നു. ഉച്ചയ്ക്കുശേഷം തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം കല്ലമ്പലത്ത് മധ്യവയസ്‌കനായ മണമ്പൂര്‍ സ്വദേശി ബൈജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മണല്‍ മാഫിയ സംഘത്തിലെ നാലു പേര്‍ പിടിയില്‍. മണമ്പൂര്‍ സ്വദേശികളായ റിനു, ഷൈബു, അനീഷ്, വിശാഖ് എന്നിവരാണ് പിടിയിലായത്. പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനു മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി. പെണ്‍കുട്ടി കൊല്ലപ്പെട്ടു 35 ആം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.
കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വസതിയില്‍ മന്ത്രിയുടെ മകന്റെ സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. സംഭവം. സംഭവ സമയത്ത് മകന്‍ സ്ഥലത്തില്ലായിരുന്നെന്നു മന്ത്രി പറഞ്ഞു. മകന്റെ പേരിലുള്ള തോക്കില്‍നിന്നാണു വെടിപൊട്ടിയത്. മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡല്‍ഹിയിലെ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ 3,500 ഡോളര്‍ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവര്‍ക്ക് പണം നല്‍കിയത്. ആകെ വാഗ്ദാനം ചെയ്തത് 7,000 ഡോളര്‍ ആയിരുന്നു.
പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. റാഞ്ചിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ ഒര്‍മഞ്ചി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം.
ചൈന പുറത്തുവിട്ട പുതിയ ഭൂപടത്തിനെതിരേ കൂടുതല്‍ രാജ്യങ്ങള്‍. വിയറ്റ്‌നാം, മലേഷ്യ, തായ് വാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണ് ചൈനയുടെ ഭൂപടത്തെ എതിര്‍ക്കുന്നത്. തങ്ങളുടെ അധീനതയിലുള്ള സ്പ്രാറ്റ്‌ലി, പഴ്‌സല്‍ ദ്വീപുകളും സമുദ്രാതിര്‍ത്തിയും ചൈനയുടേതാക്കി ഭൂപടത്തില്‍ ഉള്‍പെടുത്തിയതില്‍ വിയറ്റ്‌നാം പ്രതിഷേധിച്ചു.