സിക്കിമിലെ ലഖന്‍ വാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തോടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ സൈനിക ക്യാമ്പ് കുത്തിയൊലിച്ചുപോയി. 23 സൈനികരെ കാണാതായി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങി ഒലിച്ചുപോയതെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു.ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്‌ഫോടനത്തോടെ പെയ്ത പെരുമഴമൂലം ടീസ്റ്റ നദി കവിഞ്ഞൊഴുകുകയായിരുന്നു. കാണാതായവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്.
ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് യുഎപിഎ ചുമത്തി വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ഥയെ ഒരാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിനും അടച്ചുപൂട്ടിച്ചതിനുമെതിരെ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അറസ്റ്റിനെതിരേ മാധ്യമ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം.
സാങ്കേതിക പിഴവിന്റെ പേരില്‍ റദ്ദാക്കിയ കെഎസ്ഇബിയുടെ വൈദ്യതി കരാര്‍ പുനഃസ്ഥാപിക്കും. സര്‍ക്കാര്‍ റെഗുലേറ്ററി കമ്മീഷന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ട് വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് കരാര്‍ റദ്ദാക്കിയതുമൂലം രൂക്ഷമായ വൈദ്യുതി ക്ഷാമമുണ്ടായി. വൈദ്യുതി വാങ്ങുന്നതിനുള്ള പതിയ കരാറുകള്‍ക്കു ഭീമമായ നിരക്ക് ആവശ്യപ്പെട്ടിരിക്കേയാണ് റദ്ദാക്കിയ കരാര്‍ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
ക്ഷേത്രങ്ങളെ സംരക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സുരേഷ് ഗോപി. കേന്ദ്രസംവിധാനം വരുന്നതോടെ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ ഉണ്ടാകില്ല. ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ അവിശ്വാസികളായ രാഷ്ട്രീയക്കാരുടെ അധമ പ്രവര്‍ത്തനങ്ങള്‍ അതോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയും കടലാക്രമണ ഭീഷണിയും നിലവിലുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു.
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കില്‍നിന്നു കേരള ബാങ്ക് ആസ്ഥാനത്തേക്ക് ബിജെപി നവംബര്‍ ഒന്നിനു മാര്‍ച്ച് നടത്തും. സഹകാരികളെയും നിക്ഷേപകരെയും അണിനിരത്തും. സഹകരണ തട്ടിപ്പിനെതിരേ തൃശൂര്‍ കരിവന്നൂരില്‍നിന്നം തൃശ്ശൂര്‍ സഹകരണ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് വന്‍ വിജയമായിരിക്കേ, സഹകരണ മാര്‍ച്ച് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണു ബിജെപിയുടെ തീരുമാനം.
കണ്ടല ബാങ്കിലെ ക്രമക്കേട് കേസിന്റെ അന്വേഷണം സബന്ധിച്ച് കാട്ടാക്കട ഡിവൈഎസ്പി ഷിബുവിനോട് റൂറല്‍ എസ്പി വിശദീകരണം തേടി. നിക്ഷേപ തട്ടിപ്പില്‍ ബാങ്ക് പ്രസിഡന്റ് ഭാസുരംഗനെതിരെ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ചോദ്യം ചെയ്യുകപോലും ചെയ്തിട്ടില്ല.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 14 ലക്ഷം രൂപ നിക്ഷേമുണ്ടായിട്ടും ചികില്‍സയ്ക്കു പണമില്ലാതെയാണു അംഗപരിമിതനായ നിക്ഷേപകന്‍ മരിച്ചതെന്ന് കുടുംബം. കരുവന്നൂര്‍ കൊളങ്ങാട്ട് ശശി 30 നാണു മരിച്ചത്. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷം ആവശ്യമായിരുന്നു. ബാങ്ക് പല തവണയായി തന്നത് 1,90,000 രൂപയാണെന്ന് കുടുബം പറയുന്നു.
എറണാകുളം കല്ലൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്തു നാലര മാസം ഗര്‍ഭിണിയാക്കിയശേഷം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി മരട് സ്വദേശി സഫര്‍ഷാ കുറ്റക്കാരനെന്നു എറണാകുളം പോക്‌സോ കോടതി. ശിക്ഷ ഇന്ന് ഉച്ചയ്ക്കുശേഷം വിധിക്കും.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം കോര്‍പറേഷന്‍ ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാറിനെയാണ് രണ്ടായിരം രൂപ കൈക്കൂലിയുമായി വിജിലന്‍സ് അറസ്റ്റു ചെയ്തത്.
ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന്റെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് റെയ്ഡ് നടക്കുന്നത്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഭക്ഷ്യവിഷബാധയേറ്റ് നൂറിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ഗ്വാളിയോറിലെ ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വകാര്യ ചര്‍ച്ച വേണമെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി. കലിസ്ഥാന്‍ വിഘനാവാദി നേതാവ് ഹര്‍ദീപ് സംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം ഉലഞ്ഞിരിക്കേയാണ് മെലാനിയുടെ പ്രതികരണം.
ചൈനയുടെ ആണവ അന്തര്‍വാഹിനി മഞ്ഞക്കടലില്‍ തകര്‍ന്ന് 55 സൈനികര്‍ കൊല്ലപ്പെട്ടു. ഓക്‌സിജന്‍ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിനു കാരണം.