mid day hd 17

 

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു സുപ്രീംകോടതി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ല. എന്നാല്‍ ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയില്‍ തല്‍ക്കാലം ഇടപെടാന്‍ കഴിയില്ല. രണ്ടു വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു. സുപ്രീം കോടതി ചോദിച്ചു.

രാജ്യത്തിനാകെ സന്തോഷം നല്‍കിയ ദിനമാണ് ഇന്നലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികളെ തുരങ്കത്തില്‍നിന്ന് രക്ഷിച്ചു. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തിയതാണ് മറ്റൊരു സന്തോഷം. മലപ്പുറത്തു നവകേരള സദസിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടിയെ കണ്ടെത്താന്‍ ശ്രമിച്ച പൊലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനം. കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനം. മാധ്യമങ്ങളും മികച്ച പങ്ക് വഹിച്ചു. അതേ സമയം മാധ്യമങ്ങള്‍ ഔചിത്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ കുട്ടിക്കു മയക്കുമരുന്നു നല്‍കിയെന്നു പോലീസിനു സംശയം. സംഘത്തില്‍ രണ്ടു സ്ത്രീകളുണ്ടായിരുന്നെന്നും പൊലീസ് സംശയിക്കുന്നു. മയക്കുമരുന്ന് നല്‍കിയോടെന്ന് അറിയാന്‍ മൂത്രവും രക്തവും രാസപരിശോധനക്കയച്ചു. പ്രതികളെ കണ്ടെത്താന്‍ 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കി. അതേസമയം പ്രതിയെന്നു സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

കോട്ടയത്തെ ചീഫ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റിനെതിരേ അസഭ്യ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും കോടതി നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തതിന് 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ കേസെടുത്തു. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അടക്കമുള്ള അഭിഭാഷകര്‍ക്കെതിരെയാണ് നടപടി.

രാഹുല്‍ ഗാന്ധി എംപി ഇന്നു വൈകുന്നേരം നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ നടപടി വിവാദമായി. നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എം എല്‍ എ നിര്‍വഹിച്ചത്.

നര്‍ത്തകി മന്‍സിയ നവകേരള സദസിന്റെ പ്രഭാത സദസില്‍. മലപ്പുറം ജില്ലയിലെ വളളുമ്പ്രം സ്വദേശിയായ മന്‍സിയ ഇന്ന് പ്രഭാതസദസില്‍ എത്തിയെന്ന് മന്ത്രി വിഎന്‍ വാസവന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

ആലപ്പുഴ കരുവാറ്റയില്‍ നാലു വീപ്പകള്‍ ചേര്‍ത്തുവച്ച് പ്ലാറ്റ്‌ഫോം കെട്ടിയുണ്ടാക്കിയ ചങ്ങാടം ഉദ്ഘാടന യാത്രയില്‍ മറിഞ്ഞു. ചെമ്പുതോട്ടിലെ കടവില്‍ കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും വെള്ളത്തില്‍ വീണു. ആര്‍ക്കും പരിക്കില്ല.

ഓയൂരിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പങ്കില്ലെന്ന് കഞ്ചാവ്, മോഷണകേസുകളിലെ പ്രതി കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ഷാജഹാന്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പൊലീസ് പുറത്തുവിട്ട രേഖാചിത്രം കണ്ട് താനാണ് പ്രതിയെന്ന് പ്രചാരണമുണ്ടായതിനാലാണ് തനിക്കു പങ്കില്ലെന്ന് സ്റ്റേഷനില്‍ എത്തി പറഞ്ഞതെന്ന് ഷാജഹാന്‍.

കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ ഉപയോഗിച്ചിരുന്നത് നിലമ്പൂരിലെ മറ്റൊരു വാഹനത്തിന്റെ നമ്പറാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി ഇക്കാര്യം സ്ഥരീകരിച്ചത്.

ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍തന്നെ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉത്തരേന്ത്യയില്‍ രാഹുല്‍ മത്സരിക്കില്ലെന്നും താരിഖ് വ്യക്തമാക്കി.

നവകേരള സദസിന് പന്തലിടാന്‍ കോട്ടയം പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഴയ കെട്ടിടം ഇടിച്ചു നിരത്തി. ഉപയോഗിക്കാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെയും ഉപയോഗശൂന്യമായി കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.

സുല്‍ത്താന്‍ ബത്തേരിയില്‍ വീടിനു സമീപമുള്ള കടയിലേക്ക് പോയ വയോധികനെ കാണാതായെന്നു പരാതി. മണിച്ചിറ സ്വദേശി ചന്ദ്രനെയാണ് കാണാതായത്. 75 വയസുള്ള ചന്ദ്രനെ ഇക്കഴിഞ്ഞ 27 മുതലാണ് കാണാതായത്.

ആലുവ പുളിഞ്ചോടില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂര്‍ സ്വദേശി ലിയ ജിജി (22) ആണു മരിച്ചത്. പരിക്കേറ്റ കൊരട്ടി സ്വദേശി ജിബിന്‍ ജോയിയെ (23) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സില്‍ക്യാര തുരങ്കത്തില്‍നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 41 തൊഴിലാളികളും ഇന്നും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ടെലിഫോണില്‍ സംസാരിച്ചു.

എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോല്‍ക്കറിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന യുജിസി നിര്‍ദ്ദേശം വിവാദമായി. മഹാരാഷ്ട്രയിലെ കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമാണ് യുജിസി നിര്‍ദ്ദേശം.

ദുബായില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഇല്ല. ശ്വാസകോശസംബന്ധമായ അസുഖംമൂവമാണ് 86 കാരനായ മാര്‍പാപ്പ ദുബായി യാത്ര ഒഴിവാക്കിയത്.

യുഎസ് കഴിഞ്ഞ വര്‍ഷം 1,40,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു വിസ നല്‍കി. അമേരിക്ക ആകെ ആറു ലക്ഷത്തിലധികം സ്റ്റുഡന്റ് വിസകളാണ് അനുവദിച്ചത്. ഇന്ത്യയുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നടപടിയെന്ന് അമേരിക്ക വ്യക്തമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *