വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില 102 രൂപ വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 1842 രൂപയായി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
ബസിലെ ഡ്രൈവര്‍ക്കും മുന്‍ സീറ്റിലെ യാത്രക്കാരനും ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ പിഴയീടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തിടുക്കത്തില്‍ നടപ്പാക്കില്ല. എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടില്ല. ഇന്നലെ പണിമുടക്കിയ സ്വകാര്യ ബസുടമകള്‍ക്കു സാവകാശം നല്‍കാനാണു നീക്കം.
എല്ലാ വര്‍ഷവും കേരളീയം സംഘടിപ്പിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയുയുകയായിരുന്നു അദ്ദേഹം. കമല്ഹാസന്, മമ്മൂട്ടി, മോന്ലാല്, ശോഭന അടക്കം താരപ്രമുഖര്‍ പങ്കെടുത്തു. ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേരളം കൈവരിച്ച നേട്ടങ്ങള്‍, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തുടങ്ങിയവ പുനരാവിഷ്കരിക്കുന്നതാണ് കേരളീയം. ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
കളമശേരി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യഹോവയുടെ സാക്ഷികള്‍ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ നല്കിയ അറിയിപ്പ്. പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ ‘യഹോവയുടെ സാക്ഷികള്‍ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്കി.
യുനെസ്കോയുടെ സാഹിത്യനഗരം പദവി കോഴിക്കോടിന്. അഭിമാനമെന്നു കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്. സാഹിത്യ, മാധ്യമ മേഖലകളില്‍ കോഴിക്കോട് കൈവരിച്ച മികവ് അംഗീകരിക്കുന്നതാണ് ഈ നേട്ടം. ഈ അംഗീകാരം നേടിയെടുക്കാന്‍ രണ്ടുവര്‍ഷത്തോളമായി കോര്പ്പറേഷന് അധ്വാനിക്കുകയായിരുന്നെന്നും മേയര്‍ പറഞ്ഞു.
മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി അഡ്വ. അഖില്‍ വിജയനെ നിയമിച്ചു. ഹര്‍ജി നാളെ കോടതി വീണ്ടും പരിഗണിക്കും. അതേസമയം, ഹര്ജിക്കാരന് മരിച്ചതിനാല്‍ കേസ് അവസാനിപ്പിക്കാമെന്ന് കുടുംബം കോടതിയെ അറിയിച്ചു.
നെടുങ്കണ്ടം ഇടുക്കി ജില്ല ഡീലേഴ്സ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അടക്കം 13 പേര്‍ക്ക് എതിരെയാണ് കേസ്. ബാങ്കില്‍ നിന്ന് നാലര കോടി രൂപ തട്ടിയെന്നാണ് കേസ്. ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ് ,ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അടക്കമുള്ളവരും പ്രതികളാണ്.
കരുവന്നൂര്‍ ബാങ്കിലെ 82 ലക്ഷം രൂപയുടെ നിക്ഷേപം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് പദയാത്രയുമായി നിക്ഷേപകന് മാപ്രാണം സ്വദേശി ജോഷി. തൃശൂര്‍ സിവില്‍ സ്റ്റേഷന് വരെയുള്ള പദയാത്രയില്‍ ടി എന്‍ പ്രതാപന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി എത്തി.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ റോഡപകടങ്ങളുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുനിന്നാണ് മൂന്നാം സ്ഥാനത്തേക്കു കേരളത്തിലെ അപകടങ്ങള്‍ വര്‍ധിച്ചത്. തമിഴ്നാടും മധ്യപ്രദേശുമാണ് ഏറ്റവും കൂടുതല്‍ റോഡപകടങ്ങളണ്ടാകുന്ന സംസ്ഥാനങ്ങള്‍. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 43,910 റോഡപകടങ്ങളുണ്ടായി.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ റിജില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍നിന്ന് പണം തട്ടിയ കേസ് സിബിഐ ഏറ്റെടുത്തു. കോര്പ്പറേഷന് അക്കൗണ്ടുകളില്‍ 13 കോടിയുടെ തട്ടിപ്പാണ് നടന്നത്. സിബിഐ അന്വേഷണത്തിന് ജൂലൈയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ട് മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. പതിവ് പരിശോധനകള്‍ക്ക് പ്രിയ ആശുപത്രിയില്‍ പോയപ്പോള്‍ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
മാനന്തവാടി തോല്‍പ്പെട്ടി ചന്ദ്രിക കൊലക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. ഇരിട്ടി സ്വദേശി അശോകനെയാണ് മാനന്തവാടി കോടതി ജീവപര്യന്തം ശിക്ഷിച്ചത്. അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. 2019 മെയ് അഞ്ചിനു രാത്രി ഭക്ഷണം കഴിച്ച് കൈകഴുകാനായി വീടിനു പുറത്തിറങ്ങിയ ചന്ദ്രികയെ അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവ് അശോകന് കുത്തിക്കൊല്ലുകയായിരുന്നു.
മണര്‍കാട് പോക്സോ പീഡന കൊലപാതക കേസില്‍ പ്രതിക്കു ജീവപര്യന്തം തടവ്. 2019 ല്‍ 15 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അജേഷിനെ കോടതി ശിക്ഷിച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
ആലപ്പുഴ കാട്ടൂരില്‍ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം. മന്ദിരത്തിന്റെ ഗേറ്റും കാണിക്ക വഞ്ചിയും തകര്‍ത്ത നിലയിലാണ്. മോഷണ ശ്രമമല്ലെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ബൈജുവിന്റെ മകന് ജിഷ്ണു ആണ് മരിച്ചത്. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ചൈനീസ് കമ്പനികളുടെ ഇടപെടലുമണ്ടോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇന്ത്യയിലെ ആപ്പിള്‍ ഫോണ്‍ നിര്‍മാണം അട്ടിമറിക്കാനെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. സുരക്ഷാ സന്ദേശങ്ങള്‍ സംബന്ധിച്ച് ആപ്പിള്‍ കമ്പനിയോട് വിശദീകരണം തേടി.