മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും അമേരിക്ക, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂണ്‍ എട്ടു മുതല്‍ 18 വരെയാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കു കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി യഥാസമയം ലഭിക്കാത്തതിനാല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു.
കമ്പത്ത് ജനവാസ മേഖലയില്‍ അരികൊമ്പന്‍ ബൈക്കില്‍നിന്നു തട്ടിയിട്ടയാള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയ്ക്കടുത്തുനിന്നും ഉള്‍വനത്തിലേക്ക് നീങ്ങുന്നു. അരിക്കൊമ്പനെ പിടികൂടാന്‍ ആദിവാസി സംഘവും രംഗത്തെത്തി.
തേക്കടിയില്‍ പ്രഭാതസവാരിക്കിറങ്ങിയ വനംവകുപ്പ് ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വര്‍ഗീസിനാണ് (54) പരുക്കേറ്റത്. തേക്കടി ബോട്ട് ലാന്‍ഡിങ് പരിസരത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വയനാട്ടില്‍ കടബാധ്യതയെത്തുടര്‍ന്നു ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. പുല്‍പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന്‍ നായര്‍ (60) ആണു ജീവനൊടുക്കിയത്. പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 35 ലക്ഷം രൂപയുടെ കടബാധ്യതയെത്തുടര്‍ന്നാണ് ആത്മഹത്യയെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഹോട്ടല്‍ ഉടമ സിദ്ധിഖിന്റെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാനായത് ഫര്‍ഹാനയുടെ ഫോണ്‍വിളി. ചെന്നൈയിലേക്കു പോയപ്പോള്‍ മറ്റൊരാളുടെ ഫോണില്‍നിന്ന് ഫര്‍ഹാന ഒറ്റപ്പാലത്തെ ബന്ധുവിനെ വിളിച്ചിരുന്നു. ഇതു പിന്തുടര്‍ന്നാണ് പൊലീസ് മൂവരെയും കുടുക്കിയത്. സിദ്ധിഖിന്റെ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തില്‍ പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ ഹോട്ടല്‍ ‘ഡി കാസ ഇന്നി’ന് ലൈസന്‍സില്ലെന്ന് അധികൃതര്‍ പറഞ്ഞു.
സിപിഎം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മും മലിനീകരണമുണ്ടാകുന്ന ഫാക്ടറി ഉടമയില്‍നിന്ന് കൈപ്പറ്റിയതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍കൂടിയായ റസാഖ് പയന്‌പ്രോട്ടിന്റെ പരാതി ചെവിക്കൊള്ളാതിരുന്നതെന്ന് റസാഖിന്റെ സഹോദരന്‍ ജമാലുദീന്‍. പരാതികള്‍ ഉന്നയിച്ചപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് റസാഖിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. റസാഖ് മരിച്ചപ്പോള്‍ ഒരു കീടം പോയെന്നാണ് പഞ്ചായത്ത് പ്രസിഡന്റു പ്രതികരിച്ചതെന്നും ജമാലുദ്ദീന്‍ പറഞ്ഞു.
കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെ 2800 എണ്ണം ജലാറ്റീന്‍ സ്റ്റിക്കുകളും 500 ഡിറ്റണേറ്റേഴ്‌സും പിടികൂടി. കാറില്‍ സ്ഫോടക വസ്തുക്കള്‍ കൊണ്ടു പോവുകയായിരുന്ന മുളിയാര്‍ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ അറസ്റ്റു ചെയ്തു. ഇയാളുടെ വീട്ടില്‍നിന്നും ജലാറ്റിന്‍ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.
തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസി അന്തരരിച്ചു. 47 വയസായിരുന്നു. ഉദരസംബന്ധമായ രോഗത്തിനു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.
തൃശൂര്‍ മാപ്രാണം ലാല്‍ ആശുപത്രിയ്ക്ക് സമീപം ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. എ കെ സണ്‍സ് എന്ന ഓര്‍ഡിനറി ബസിന് പുറകില്‍ എം എസ് മേനോന്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്തു മാസമുള്ള കുഞ്ഞ് മരിച്ചു. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് മരിച്ചത്.
ജമ്മു കാഷ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് പത്തു പേര്‍ മരിച്ചു. അമൃത്സറില്‍നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്.