mid day hd 22

 

കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ തിരൂര്‍ സ്വദേശി സിദ്ധിക്കിനെ വെട്ടിക്കൊന്നു കഷണങ്ങളാക്കി പെട്ടിയില്‍ അട്ടപ്പാടിയിലെ ഒമ്പതാം വളവില്‍ തള്ളിയ കേസില്‍ നാലു പേര്‍ കസ്റ്റഡിയില്‍. മൃതദേഹ കഷണങ്ങള്‍ നിറച്ച രണ്ടു ട്രോളി ബാഗുകള്‍ അട്ടപ്പാടി ചുരം ഒമ്പതാം വളവിലെ പാറക്കൂട്ടത്തില്‍നിന്നു കണ്ടെടുത്തു. എരഞ്ഞിരപ്പലത്തെ ഹോട്ടലിലാണ് സിദ്ധിക്കിനെ വെട്ടിനുറുക്കിയത്. തമിഴ്‌നാട് പോലീസ് പിടികൂടിയ ഹോട്ടല്‍ ജീവനക്കാരനായ വല്ലപ്പുഴ സ്വദേശി ഷിബിലി (22), ഇയാളെ രണ്ടു വര്‍ഷം മുമ്പ് പോക്‌സോ കേസില്‍ കുടുക്കിയ കാമുകി ചളവറ സ്വദേശിനി ഫര്‍ഹാന (19) എന്നിവരെ കേരള പോലീസ് ഇന്നുതന്നെ കേരളത്തിലെത്തിക്കും. ഇവര്‍ക്കു പുറമേ, ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂര്‍ എന്ന ഷുക്കൂര്‍, ആഷിഖ് എന്നിവരെ കേരള പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയ്ക്കുശേഷം സിദ്ധിക്കിന്റെ എക്കൗണ്ടില്‍നിന്നു പണം പിന്‍വലിച്ചതിന്റെ സന്ദേശങ്ങള്‍ സിദ്ധിക്കിന്റെ മകനു ലഭിച്ചിരുന്നു.

ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതിനു നിയന്ത്രണങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തില്‍ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്കു പോകുന്ന ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം. ഇക്കാര്യത്തിനു ജില്ലാതലത്തില്‍ നിരീക്ഷണ സമിതി വേണമെന്നും കോടതി പറഞ്ഞു.

ലൈഫ് മിഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കൊച്ചിയിലെ വിചാരണ കോടതി തള്ളി. ചികിത്സയ്ക്കായി ജാമ്യം വേണമെന്നാണ് എം ശിവശങ്കര്‍ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കൊച്ചിയില്‍ സൗജന്യ വൈഫൈ സ്ട്രീറ്റ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സ്ട്രീറ്റ് സൗജന്യ െൈവെഫ സൗകര്യത്തിലാവുന്നത്. ഗോശ്രീ പാലം മുതല്‍ ചാത്യാത്ത് റോഡില്‍ 1.8 കിലോമീറ്ററാണ് സൗജന്യ വൈഫൈ സൗകര്യം.
ഒരു പോയിന്റില്‍നിന്ന് ഒരേ സമയം 75 പേര്‍ക്കു വൈഫൈ സേവനം ലഭിക്കും. ക്യൂന്‍സ് വാക്ക് വേ വൈഫൈ സ്ട്രീറ്റ് എന്നു പേരിട്ട ഈ പദ്ധതി ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം പിയുടെ പ്രാദേശീക വികസന ഫണ്ടില്‍നിന്ന് 31.86 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.

പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയില്‍തൂക്കി മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറി റസാക്ക് പഴംപൊറോട്ട് തൂങ്ങി മരിച്ചു. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരായ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൂങ്ങിമരിച്ചത്.

അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞു. കാമറയും കേടായി. കായംകുളത്ത്‌നിന്ന് അടൂരിലേക്കു പോകുകയായിരുന്ന ടിപ്പര്‍ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ടിപ്പര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

വാഴച്ചാല്‍, മലക്കപ്പാറ റൂട്ടില്‍ ഇന്നു മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം വിനോദ സഞ്ചാരികളുടെ തിരക്കുമൂലം പിന്‍വലിച്ചു. ടാറിംഗിനായാണ് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം തല്‍ക്കാലം ഒഴിവാക്കിയത്.

കൊച്ചി തന്തോന്നിതുരുത്തില്‍ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ട നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഗള്‍ഫില്‍ ജീവനൊടുക്കിയ പ്രവാസി മലയാളി ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹംം കോട്ടയം ഏറ്റുമാനൂരിലെ വീട്ടുകാര്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയ. നേരത്തെ വിവാഹിതനായ ജയകുമാര്‍ കഴിഞ്ഞ നാലു വര്‍ഷമായി സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ജയകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയ സഫിയ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ജയകുമാറിന്റെ മരണ വിവരം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്.

തൃശൂരില്‍ രണ്ടിടത്ത് കാട്ടാനകളുടെ വിളയാട്ടം. പീച്ചി മയിലാട്ടുംപാറയില്‍ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു. കാട്ടാനകള്‍ 400 പൂവന്‍ വാഴകളാണ് നശിപ്പിച്ചത്. തുമ്പൂര്‍മുഴിയിലെ വിനോദസഞ്ചാര കേന്ദ്രത്തിനരികിലും കാട്ടാനക്കൂട്ടമിറങ്ങി.

കേന്ദ്രസര്‍ക്കാര്‍ 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നാണയം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നാണയം പ്രകാശനം ചെയ്യും.

തമിഴ്‌നാട്ടില്‍ വൈദ്യുതി എക്‌സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ, കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിലധികം സ്ഥലങ്ങളില്‍ പുലര്‍ച്ചെ 6.30 മുതല്‍ പരിശോധന തുടങ്ങി. കരൂര്‍ രാമകൃഷ്ണപുരത്ത് സെന്തില്‍ ബാലാജിയുടെ സഹോദരന്‍ വി.അശോകിന്റെ വീട്ടിലും പരിശോധനയുണ്ട്.

തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ വീണു പരിക്കേറ്റ ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11 വരെയാണ് ജാമ്യം. ആറാഴ്ച ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കാം. ഡല്‍ഹി സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല. മാധ്യമങ്ങളെ കാണാനും പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം.

രാജസ്ഥാനിലെ കോണ്‍ഗ്രസിലുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള ഉന്നതതല യോഗം ഇന്ന്. മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിന്‍ പൈലറ്റിനെയും ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്. അഴിമതിയോടുള്ള ഗലോട്ട് സര്‍ക്കാരിന്റെ നിലപാട് പുനഃപരിശോധിക്കുക, രാജ്സ്ഥാന്‍ പിഎസ്‌സി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളാണു സച്ചിന്‍ മുന്നോട്ടുവച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *