ചട്ടവിരുദ്ധമായ സര്‍വകലാശാല നിയമനങ്ങള്‍ അന്വേഷിക്കാന്‍ യുജിസി പ്രത്യേക സമിതിയെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎച്ച്ഡി ഗവേഷണ ബിരുദങ്ങളും ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കാനാണ് സമിതി. മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ ഉള്‍പെടുന്നതാകും സമിതി. കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനങ്ങള്‍, പിഎച്ച്ഡി ബിരുദങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് യുജിസി അറിയിച്ചു.
സാനിറ്ററി പാഡ് അടക്കം വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലേക്കു കൊണ്ടുവരരുതെന്ന് സെക്രട്ടേറിയറ്റ് ജീവനകകാര്ക്കു നിര്‍ദേശം. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനാലാണ് ഈ നിര്‍ദേശം. വേസ്റ്റ് ബിന്നുകള്‍ സിസിടിവി പരിധിയിലാക്കും. സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്കള്‍ക്കു ഭക്ഷണം നല്‍കരുത്. വെള്ളക്കുപ്പികളില്‍ അലങ്കാര ചെടി വളര്‍ത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഇന്നു മൂന്നിനു തൃശൂരില്‍. സമ്മേളനത്തോടനുബന്ധിച്ച് പഴയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സംഗമവും തൃശൂരില്‍ നടന്നു. വയലാര്‍ രവി, വി.എം. സുധീരന് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഇന്നു റാലിക്കുശേഷം തേക്കിന്‍കാട് മൈതാനിയില്‍ പൊതുസമ്മേളനം. നാളെ രാവിലെ പത്തിന് നന്ദനം കണ്വന്ഷന് സെന്ററില്‍ പ്രതിനിധി സമ്മേളനം നടക്കും.
അഴിമതി നടത്തി രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. എങ്ങനെ അഴിമതി നടത്താമെന്നു ഡോക്ടറേറ്റ് എടുത്തവരുണ്ട്. ഒരാള്‍ അഴിമതി നടത്തുന്നുണ്ടെങ്കില്‍ ഓഫീസിലെ മറ്റുള്ളവര്‍ ഒന്നുമറിയില്ലെന്ന മട്ടില്‍ ഇരിക്കരുത്. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റാഫ് യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളടക്കം ലഹരിക്കെണിയിലുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്. എല്ലാ തട്ടിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗമുണ്ട്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമര്‍ശം.
തൃശൂര്‍ ദേശീയപാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
കാറിടിച്ച ചക്കക്കൊമ്പന് ഗുരുതരമായ പരിക്കില്ലെന്ന് വനം വകുപ്പ്. ആന നടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
അരിക്കൊമ്പന്റെ പേരു പറഞ്ഞ് ഒരു രൂപപോലും പിരിച്ചിട്ടില്ലെന്ന് കെയര്‍ ആന്‍ഡ് കണ്‍സേണ്‍ ഫോര്‍ അനിമല്‍സ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന് സാറാ റോബിന്. തന്നെയും സഹോദരി മീരാ ജാസ്മിനെയും അപകീര്‍ത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് സാറാ റോബിന്. അഡ്വ. ശ്രീജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന് കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൗണില്‍നിന്ന് ആകാശദൂര പ്രകാരം ആറു കിലോമീറ്റര്‍ അകലെ വരെ ആനയെത്തിയെന്നാണ് റേഡിയോ കോളര്‍ സിഗ്നലുകളില്‍നിന്നു ലഭിച്ച വിവരം.
രോഗിയായ ഭാര്യയെ പരിചരിക്കാന്‍ എത്തിയ അമ്പത്തിരണ്ടുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ 66 കാരന് അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എന്‍.ആര്. സിറ്റി സ്വദേശി സുരേഷിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കുപ്രസിദ്ധ മോഷ്ടാവ് അനില്‍കുമാറിന്റെ തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ 47 പവന് സ്വര്‍ണാഭരണങ്ങളും ഡോളര്‍ ശേഖരവും കണ്ടെടുത്തു. കാവില്കടയിലെ ഒരു വീട്ടില്‍ നടത്തിയ കവര്‍ച്ചയുടെ തെളിവെടുപ്പിനിടെയാണ് ആള്‍താമസമില്ലാത്ത വീട്ടില്‍ കുഴിച്ചിട്ടിരുന്ന മോഷണ വസ്തുക്കള്‍ കണ്ടെടുത്തത്.
പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ ഹണിട്രാപിലൂടെ രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം. 65 കാരനെ 43 കാരിയായ സ്ത്രീ രാത്രി 11 ന് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുടുക്കിയാന്നാണു കേസ്. രാത്രി വീട്ടിലെത്തിയപ്പോള്‍ അഞ്ചു പുരുഷന്മാര് ചേര്‍ന്ന് മൊബൈലില്‍ വീഡിയോ എടുത്തു ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണു കേസ്.
നിക്ഷേപിച്ച തുക ചികിത്സാ ആവശ്യത്തിന് നല്‍കാമെന്ന വാക്ക് തെറ്റിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്. മാപ്രാണം സ്വദേശി ജോഷിയെയാണ് പണം നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ചത്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ട്യൂമര്‍ ശസ്ത്രക്രിയയാണ്. നാലു മാസം മുമ്പ് ആശുപത്രിക്കിടക്കയിലെത്തി നല്കിയ ഉറപ്പാണ് ബാങ്ക് അധികൃതര്‍ തെറ്റിച്ചത്.
ആര്‍എസ്എസ്, ബജ്റംഗ്ദള്‍ സംഘടനകള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളിലുടെ മുസ്ലിം പെണ്‍കുട്ടികളെ സ്നേഹം നടിച്ച് ആര്‍എസ്എസ്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതം മാറ്റുന്നുവെന്ന് ആരോപിച്ചാണു നോട്ടീസ് വിതരണം ചെയ്തത്. 45 കാരിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.
ഫ്ളാഗ് ഓഫ് ചെയ്ത് ആറു മാസത്തിനിടെ മൈസൂരു -ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസിന്റെ 64 ചില്ലുകള്‍ കല്ലേറില്‍ തകര്‍ത്തു. അത്രയും ചില്ലുകള്‍ മാറി. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ചെന്നൈ മൈസുരു പാതയില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന ചെങ്കോലിനെ കോണ്‍ഗ്രസ് ഇത്രയുംകാലം അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി. നെഹ്റുവിനു സമ്മാനമായി കിട്ടിയ സ്വര്ണവടിയായാണ് കോണ്‍ഗ്രസുകാര്‍ ചെങ്കോലിനെ കണ്ടത്. ചെങ്കോല്‍ ആനന്ദഭവനിലേക്ക് ഒതുക്കപ്പെട്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഓസ്ട്രേലിയയിലെ സിഡ്നിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിഗംഭീര വരവേല്പു ലഭിച്ചെങ്കിലും പാര്‍ലമെന്റ് ഹൗസില്‍ ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശിപ്പിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനു പുറമേ, ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചര്‍ച്ച നടത്തുകയും ചെയ്തു.