കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയനഗര്‍ നിയമസഭാ മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ സി കെ രാമമൂര്‍ത്തി 16 വോട്ടിന്റെ ഭൂരിപക്ഷത്തിനണ് ജയിച്ചത്. ആദ്യം കോണ്‍ഗ്രസിന്റെ സൗമ്യം റെഡിയെ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ബിജെപി പരാതി നല്‍കിയതോടെ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. ഇതോടെ കര്‍ണാടകത്തിലെ കക്ഷിനില കോണ്‍ഗ്രസിനു 135 സീറ്റും ബിജെപിക്ക് 66 സീറ്റും ജെഡിഎസിനു 19 സീറ്റുമായി.
കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വൈകീട്ട് ആറിനു നടക്കും. ജനകീയനും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കാണ് കൂടുതല്‍ പേരുടെ പിന്തുണ. ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നല്‍കിയേക്കും. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാര്‍ക്കും സാധ്യതയുണ്ട്.
അപകടകരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പോലീസിനെ സജ്ജമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് പൊലീസിന് ബാഹ്യ ഇടപെടല്‍ തടസമാകില്ല. സംസ്ഥാന പൊലീസിന്റെ കുറ്റാന്വേഷണ മികവ് ഗംഭീരമാണ്. സെബര്‍ കേസുകളില്‍ പോലീസിന്റെ ഇടപെടല്‍ ജനങ്ങളില്‍ നല്ല വിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു.
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുണ്‍ ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങളില്ല. ലഹരിക്ക് അടിമയല്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. കരാട്ടെ അഭ്യാസിയായ തന്നെ നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചെന്നും പറഞ്ഞു. നാട്ടുകാരുടെ ആക്രമണം ഭയന്നാണ് പോലിസിനെ വിളിച്ചത്. പിന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ നാളെ അപേക്ഷ നല്‍കും.
കൊച്ചി വാഴക്കാലയില്‍ ഫ്‌ളാറ്റില്‍ ലഹരി പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തിനുനേരെ തോക്കു ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കണ്ണൂര്‍ കോളയാട് സ്വദേശി ചിഞ്ചു മാത്യു താമസിച്ചിരുന്ന ഫ്‌ലാറ്റില്‍നിന്ന് മുക്കാല്‍ കിലോ എംഡിഎംഎയും, അന്പത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
മലപ്പുറം തിരൂരങ്ങാടിയില്‍ മെഡിക്കല്‍ പരിശോധനക്കു കൊണ്ടുവന്ന പ്രതി അക്രമാസക്തനായി. ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരെ ചവിട്ടി. പ്രതിയുടെ തോളിലെ മുണ്ട് ഉപയോഗിച്ച് കൈകള്‍ കെട്ടിയാണു വൈദ്യ പരിശോധന.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാകാന്‍ പ്രവര്‍ത്തകരുടെ വോട്ടു കിട്ടിയാല്‍ പോരാ, അഭിമുഖത്തിലും മികച്ച പ്രകടനം വേണം. ഇതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരേ സംസ്ഥാന നേതാക്കള്‍ എഐസിസിക്കു പാതി നല്‍കി. കൂടുതല്‍ വോട്ട് ലഭിക്കുന്ന മൂന്നു പേരില്‍നിന്ന് അഭിമുഖത്തിലൂടെയാകും പ്രസിഡന്റിനെ തീരുമാനിക്കുക. സമവായ നീക്കത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ്, കെപിസിസി നേതൃത്വം.
നൈറ്റ് പെട്രോളിംഗിനിടെ ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തില്‍ കയറി തെന്നിവീണ പോലീസ് എസ്‌ഐ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസിന്റെ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നെന്ന് ക്രൈം ബ്രാഞ്ച്. രണ്ട് ഡിവൈഎസ്പിമാര്‍, വിളപ്പില്‍ ശാല, പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണു റിപ്പോര്‍ട്ട്. ശേഖരിച്ച തെളിവുകള്‍ നശിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് ആരോപിച്ചിട്ടുണ്ട്.
പോക്‌സോ കേസ് പ്രതിയായ യുവാവിനെ ഇടുക്കി തങ്കമണിക്കു സമീപം റോഡരികിലെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ കിളിയാര്‍കണ്ടം കൊല്ലംപറമ്പില്‍ അഭിജിത് ആണ് മരിച്ചത്.
മൃതദേഹം കണ്ടെത്തിയതിനു സമീപത്തെ വീട്ടിലെ പെണ്‍കുട്ടിയുമായി ഇയാള്‍ സ്‌നേഹത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു പോക്‌സോ കേസെടുത്തത്.
കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേ മുക്കാല്‍ കോടി രൂപയുടെ മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. മൂന്നു വ്യത്യസ്ത കേസുകളിലായി മൂന്നു പേര്‍ അറസ്റ്റിലായി. മലപ്പുറം പുല്‍പറ്റ സ്വദേശിയായ പൂതനാരി ഫവാസ്, നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസിമിന്‍, തൃപ്പനച്ചി സ്വദേശിയായ സലീം എന്നിവരില്‍നിന്നാണു സ്വര്‍ണം പിടിച്ചത്.
നടനും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ.
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു. വണ്ടിപ്പെരിയാര്‍ കറുപ്പുപാലം പ്രഭുഭവനത്തില്‍ എസ്ഡി സെല്‍വകുമാര്‍ എന്ന 49 കാരനാണ് മരിച്ചത്.
തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ പതിനേഴുകാരി മരിച്ച നിലയില്‍. ബീമാപള്ളി സ്വദേശിനി അസ്മിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വീട്ടുകാര്‍ പരാതി നല്‍കി.
പിറവത്ത് പുഴയില്‍ ഒഴുക്കില്‍പെട്ടു കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലകോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഉല്ലാസ് ആര്‍ മുല്ലമല (42) ആണു മരിച്ചത്.
വനിതാ സംവരണ സീറ്റ് സ്വന്തമാക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനു രണ്ടു ദിവസം മുമ്പു വിവാഹം കഴിച്ച് മല്‍സരിപ്പിച്ച ആംആദ്മി പാര്‍ട്ടി നേതാവിനു വിജയം. മുപ്പത്താറുകാരി സനം ഖാനുത്തിനെയാണ് 45 കാരനായ നേതാവ് മാമൂന്‍ ഷാ വിവാഹം കഴിച്ചത്. ഉത്തര്‍പ്രദേശിലെ രാംപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് ഈ വിചിത്ര സംഭവം. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് ആം ആദ്മി പാര്‍ട്ടിയിലേക്കു മാറി ഭാര്യയെ മല്‍സരിപ്പിച്ചത്.
സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്കു ഫ്രണ്ട് റിക്വസ്റ്റുകള്‍ പ്രവഹിച്ച തകരാറ് പരിഹരിച്ചെന്നു ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് സുഹൃത് അഭ്യര്‍ത്ഥന പോയെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പരാതിപ്പെട്ടിരുന്നു.