സംസ്ഥാനത്തെ വിവിധ വനമേഖലയിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. പലയിടത്തായി 420 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചു. പാലക്കാട് ജില്ലയില്‍തന്നെ 160 ഹെക്ടര്‍ വനം കത്തി ചാരമായി. വനപാലകരുടെ പരിശോധനയില്‍ അട്ടിമറി സംശയിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചെന്നും മന്ത്രി.
ബ്രഹ്‌മപുരത്ത് മാലിന്യമലയിലെ തീകെടുത്താനാകാതെ അധികൃതര്‍. വിഷപ്പുക ശ്വസിച്ച് അഗ്നിശമന സേനയിലെ 20 ഉദ്യോഗസ്ഥര്‍ ചികില്‍സ തേടി. ഇന്നു രാവിലെ കൊച്ചിയിലെ മാലിന്യപുകയ്ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂര്‍, വൈറ്റില മേഖലകളില്‍ അന്തരീക്ഷത്തില്‍നിന്ന് പുക നീങ്ങി. മാലിന്യമലയ്ക്കു കരാറുകാര്‍ തീയിട്ടതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുക കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തരയോഗം വിളിച്ചു.
ബ്രഹ്‌മപുരം തീപിടുത്തതില്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ 54 കോടി രൂപയ്ക്ക് ടെന്‍ഡര്‍ ചെയ്ത ബയോ മൈനിംഗ് ഏറ്റെടുത്തത് എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്റെ മകളും മരുമകനും ഉള്‍പ്പെട്ട കമ്പനിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആര്‍ഡിഎഫാക്കി മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളിലേക്ക് എത്തിക്കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. എന്നാല്‍ തീപിടുത്തത്തോടെ ആ ചെലവ് കമ്പനി ലാഭിച്ചെന്നും ഷിയാസ് ആരോപിച്ചു.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായി കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സിപിഐക്കാരിയായ വൈക്കം എംഎല്‍എയും. പരിപാടിയുടെ സംഘാടക സമിതി ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിലാണ് സി.കെ. ആശ ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം പങ്കെടുത്തത്.
നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. ഡ്രൈവര്‍ക്കു പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങയതാണ് അപകട കാരണമെന്നു സംശയിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന. പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് പരിശോധന നടത്തുന്നത്.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ കരാര്‍ കാലാവധി ഒരുവര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടി. നവംബറില്‍ കാലാവധി കഴിഞ്ഞ 12 അംഗ സംഘം സേവനം തുടരും. സോഷ്യല്‍ മീഡിയ ടീമിന് 6,64,490 രൂപയാണ് പ്രതിമാസം നല്‍കുന്നത്.
കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോ. അശോകനെ മര്‍ദ്ദിച്ചതിന് രോഗിയുടെ ബന്ധുക്കളായ ആറു പേര്‍ക്കെതിരെ കേസ്. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ സൂചനാ സമരം നടത്തി.
തലശേരി അതിരൂപത മുന്‍ വികാരി ജനറല്‍ മോണ്‍ മാത്യു എം. ചാലില്‍ അന്തരിച്ചു. 85 വയസായിരുന്നു. സംസ്‌കാരം നാളെ രണ്ടരയ്ക്കു ചെമ്പേരിയില്‍.
മാവേലിക്കര ഉമ്പര്‍നാട് കൊലക്കേസിലെ പ്രതിയുടെ ഭാര്യ കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടില്‍ തൂങ്ങിമരിച്ചു. ഉമ്പര്‍നാട് വിഷ്ണുഭവനത്തില്‍ കെ. വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കുടുംബ സുഹൃത്തായിരുന്ന കല്ലുമല ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷിനെ (36) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനോദ്.
ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കടയുടമ പിടിയില്‍. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് വീടുകളില്‍ സാധനങ്ങള്‍ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. ജോലിക്കാരി വയനാട് വെണ്‍മണി എടമല വീട്ടില്‍ നന്ദനയ്ക്ക് (20) ആണ് മര്‍ദ്ദനമേറ്റത്.
കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ ജയിലില്‍നിന്നു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം.
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ റോഡരികില്‍ പുള്ളിമാന്‍ ചത്ത നിലയില്‍. വാഹനമിടിച്ച് ചത്തതാണെന്നാണ് സംശയിക്കുന്നത്.
മദ്യപിച്ചു ലക്കുകെട്ട വിദ്യാര്ത്ഥിയായ യാത്രക്കാരന്‍ വിമാനത്തില്‍ സഹയാത്രക്കാരന്റെ ശരീരത്തിലേക്കു മൂത്രമൊഴിച്ചു. അമേരിക്കയിലെ ജോണ്‍ എഫ് കെനഡി വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് സംഭവമുണ്ടായത്.
ഇറാനില്‍ വീണ്ടും പെണ്‍കുട്ടികള്‍ക്കെതിരെ വിഷപ്രയോഗം. അഞ്ചു പ്രവിശ്യകളില്‍ നിന്നുള്ള മുപ്പതോളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, ഇറാന്റെ ശത്രുക്കളാണ് അതിക്രമത്തിനു പിന്നിലെന്നു കുറ്റപ്പെടുത്തി.