നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ കാറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. വടകരയില്‍നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണം. എയര്‍ബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെടുത്തത്. സുധിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
നാട്ടിലിറങ്ങി വിഹരിച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ചു. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് മയക്കുവെടിയേറ്റത്. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി തിരുനെല്‍വേലി ജില്ലയിലെ പാപനാശം കാരയാര്‍ വനമേഖലയില്‍ തുറന്നുവിടും.
അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമാണെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍. കാട്ടാനയെ പിടികൂടി നാം നമുക്ക് ഇഷ്ടമുള്ളിയത്തു കൊണ്ടുപോയി തള്ളുന്നു. നമ്മുടെ ഇഷ്ടങ്ങള്‍ വന്യമൃഗങ്ങളില്‍ അടിച്ചേല്‍പിക്കുകയാണ്. കളമശേരി സെന്റ് പോള്‍സ് കോളജില്‍ വരാപ്പുഴ അതിരൂപതാ തലത്തില്‍ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് ക്യാമറകള്‍ പണി തുടങ്ങി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം തുടങ്ങിയ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കി തുടങ്ങി. ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ ആളായി യാത്ര ചെയ്യാന്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയില്‍ അച്ചടക്ക നടപടികളുമായി സിപിഎം സംസ്ഥാന നേതൃത്വം. പി പി ചിത്തരഞ്ജന്‍ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നോട്ടീസ് നല്‍കി. നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതക്കെതിരേയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും മൂന്ന് ഏരിയ സെക്രട്ടറിമാര്‍ക്കും നോട്ടീസ് നല്‍കിയത്. ഈ മാസം 10 ന് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ ബിജുവും ടി പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.
മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറി. മുപ്പതിലധികം വിനോദസഞ്ചാരികള്‍ ബോട്ടിലുണ്ടായിരുന്നു. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍പെട്ടത്. യാത്രക്കാരെ അപകടമില്ലാതെ കരയ്‌ക്കെത്തിച്ചു.
കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ സൈനികനെയും സഹോദരനെയും മര്‍ദിച്ചെന്ന കേസിലെ പ്രതികളായ പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സിഐ കെ വിനോദ്, എസ്ഐ എ പി അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. സഹോദരങ്ങളായ യുവാക്കളെ മര്‍ദിച്ചതിന് ഏഴു മാസം മുന്‍പാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.
കെ ഫോണ്‍ പദ്ധതി ഇന്നു വൈകുന്നേരം ഉദ്ഘാടനം ചെയ്യാനിരിക്കേ, ഗുരുതരമായ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. നിബന്ധനകള്‍ ലംഘിച്ചാണ് കേബിളിടുന്നത്. ചൈനയില്‍നിന്നുള്ള കേബിളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഗുണമേന്മയില്‍ ഒരു ഉറപ്പുമില്ല. എത്ര കണക്ഷന്‍ കൊടുത്തെന്ന് സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. സതീശന്‍ പറഞ്ഞു.
തന്റെ നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചതിനു രഹന ഫാത്തിമയ്‌ക്കെതിരെ പോലീസ് ചുമത്തിയ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.
വിദ്യാലയങ്ങള്‍ക്കു ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നത് തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ബുദ്ധിജീവികളുടെ ആശയമാണെന്ന് എല്‍ജെഡി നേതാവ് സലിം മടവൂര്‍ രംഗത്ത്. ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ കളിച്ചു വളരട്ടെ. കളിച്ചു വളരേണ്ട പ്രായത്തില്‍ പിടിച്ചു കൂട്ടിലിട്ട് അനങ്ങാന്‍ വിടാതെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് മതിലകം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ കമാന്‍ഡറായിരുന്ന നക്സലൈറ്റ് നേതാവ് എം.കെ നാരായണന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു. 74 വയസായിരുന്നു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ക്ഷേത്രത്തിനു മുന്നില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന നാരായണന്റെ ദേഹത്തേക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്ക് അപ്പ് നിരങ്ങിയിറങ്ങി ഇടിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്നോളജി വിദ്യാര്‍ഥിനി
തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ(20) ആത്മഹത്യ ചെയ്തതിനു കോളജ് അധികൃതര്‍ക്കെതിരേ ആരോപണവുമായി കുടുംബം. ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിന് അധ്യാപകര്‍ വഴക്കു പറഞ്ഞിരുന്നെന്നാണ് ആരോപണം.
പോക്‌സോ കേസ് പ്രതിയെ തീകൊളുത്തി ജീവനൊടുക്കി. കൂത്തുപറമ്പ് കൈതേരിയിലെ ധര്‍മ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ചത്.
കണ്ണൂരില്‍ പോലീസ് കമ്മീഷണര്‍ ഓഫീസിനു സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു. കണിച്ചാര്‍ സ്വദേശി ജിന്റോയാണ് മരിച്ചത്. മോഷണത്തിനായി ലോറിയില്‍ കയറിയയാളെ ചെറുക്കുന്നതിനിടെ കുത്തേറ്റതാണെന്നാണു സംശയിക്കുന്നത്.
ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ അന്‍സനയെ (20) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ബാര്‍ഗഡിലാണ് അപകടം. ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസമാണ് അപകടം. അഞ്ച് ബോഗികളാണ് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല.
യുക്രെയിന്റെ ആക്രമണ ശ്രമം തകര്‍ത്തെന്നും 250 യുക്രെയിന്‍ സൈനികരെ വകവരുത്തിയെന്നും റഷ്യ. ഡോണെടെസ്‌ക് മേഖലയില്‍ ആക്രമണത്തിനു ശ്രമിക്കവേയാണ് യുക്രെയിന്‍ സേനയെ വധിച്ചതെന്നാണ് റഷ്യയുടെ അവകാശവാദം.