ചീഫ് സെക്രട്ടറിയായി ഡോ വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനേയും നിയമിക്കും. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഷേയ്ഖ് ദര്‍വേസ് സാഹിബ് ഫയര്‍ഫോഴ്‌സ് മേധാവിയായി പ്രവര്‍ത്തിച്ചുവരികയാണ്. ക്രൈം ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പോലീസ് തലപ്പത്തെ സൗമ്യ മുഖമാണ് വിവാദങ്ങളില്‍ കുടുങ്ങാത്ത ഷെയ്ഖ് ദര്‍വേസ് സാഹിബിനുള്ളത്.
ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി. മന്ത്രിസഭാ യോഗമാണ് മറ്റന്നാള്‍ കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. രണ്ടു ദിവസം അവധി വേണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
വീണ്ടും പനി മരണം. പത്തനംതിട്ട പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്‌കുമാര്‍ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് എച്ച്1 എന്‍1 ആണെന്നു സംശയമുണ്ട്. ഇന്നലെ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 15,493 പേരാണ്.
രണ്ടു കോടിയിലേറെ രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് മന്ത്രിയുടെ കാറില്‍ തിരുവനന്തപുരത്തേക്കു കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.
എസ്എഫ്‌ഐ മുന്‍നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍നിന്നാണെന്ന് അറസ്റ്റിലായ അബിന്‍ രാജ് മൊഴി നല്‍കിയെന്നു പൊലീസ്. എസ്എഫ്‌ഐ മുന്‍ നേതാവായ അബിന്‍ രാജിനെ മാലിദ്വീപില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാലക്കാട് ജില്ലയിലെ വിഭാഗീയതയില്‍ സിപിഎം നടപടി തുടരുന്നു. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍നിന്ന് നാലു പേരെ ഒഴിവാക്കി. എന്നാല്‍ അഞ്ചു പേരെ തിരിച്ചെടുത്തു. മുന്‍ ഏരിയ സെക്രട്ടറി യു അസീസ് ഉള്‍പ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേരുന്നുണ്ട്.
അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഛത്തിസ്ഗഡിനു മുകളിലാണ്.
വ്യാജ ജോലി പരിചയ സര്‍ട്ടിഫിക്കറ്റു കേസില്‍ കെ വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചററായി നിയമനം നേടിയ കേസിലാണ് മൊഴിയെടുക്കുന്നത്.
കോട്ടയം തിരുവാര്‍പ്പിലെ ബസ് സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചയില്‍നിന്ന് ബസുടമ രാജമോഹന്‍ ഇറങ്ങിപ്പോയി. പോലീസിനു മുന്നില്‍വച്ച് തന്നെ മര്‍ദിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍. അജയ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ബഹിഷ്‌കരണത്തിനു കാരണം. രാജ്യത്തിനുവേണ്ടി പോരാടിയ സൈനികനായ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും രാജ്‌മോഹന്‍.
ദേഹാസ്വാസ്ഥ്യംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി ഇന്ന് അന്‍വാര്‍ശേരിയിലേക്കു പോകില്ല. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ അഞ്ചു മാസത്തിനിടെ 1.37 ലക്ഷം പേരെ തെരുവുനായ്ക്കള്‍ കടിച്ചെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 2.34 ലക്ഷം പേരെയാണു തെരുവു നായ്ക്കള്‍ കടിച്ചത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം മൂന്നു ലക്ഷമായി ഉയരും.
നെഞ്ചുവേദനക്ക് ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രോഗി ആശുപത്രി ജീവനക്കാരുടെ അവഗണന മൂലം മരിച്ചെന്ന് പരാതി. ഇടുക്കി പഴയരിക്കണ്ടം സ്വദേശി മേരി പൗലോസാണു മരിച്ചത്. ഡോക്ടറെ കാണാനും ഇ സി ജി എടുക്കുന്നതിനുമായി പലതവണ പടികള്‍ കയറിയിറങ്ങി അവശയായ രോഗിക്ക് വീല്‍ചെയര്‍ നല്‍കിയില്ലാണ് പരാതി.
പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്നു പാലക്കാട് നഗരസഭ. ഒരാഴ്ചയായി മഴയുണ്ടായിരുന്നു. എന്നിട്ടും കത്തിയത് ആരെങ്കിലും കത്തിച്ചതുകൊണ്ടാണെന്നു സംശയിക്കുന്നതായും നഗരസഭാ അധികൃതര്‍ പറഞ്ഞു. തീ ഫയര്‍ഫോഴ്‌സ് എത്തി അണക്കുകയായിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പാറശാല പരശുവയ്ക്കലില്‍ പളുകല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഈവലിംഗ് ജോയി(15) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നാല് കിലോയിലധികം കഞ്ചാവ് പിടികൂടി. വടകര രണ്ടാം നമ്പര്‍ റെയ്ല്‍വെ പ്ലാറ്റ്‌ഫോമിന്റെ തെക്കേ അറ്റത്തായിരുന്നു ബാഗ് കണ്ടെത്തിയത്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ‘അന്നഭാഗ്യ’ പദ്ധതി അനിശ്ചിതത്വത്തില്‍. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അരി തരില്ലെന്ന് വ്യക്തമാക്കിയതാണു കാരണം. ജൂലൈ ഒന്നുമുതല്‍ ബിപിഎല്‍ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്തു കിലോ വീതം അരി നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം.
യൂട്യൂബറും കോമേഡിയനുമായ ദേവ്‌രാജ് പട്ടേല്‍ ഛത്തീസ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. റായ്പൂരിലേക്ക് വീഡിയോ ചിത്രീകരണത്തിന് പോകുന്നതിനിടൊണ് അപകടമുണ്ടായത്.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വൈറ്റ് ഹൗസില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നതിനെ അപലപിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിനെക്കുറിച്ചാണ് വാള്‍ സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തക സബ്രീന സിദ്ദിഖി ചോദ്യം ഉന്നയിച്ചത്. ന്യൂനപക്ഷങ്ങളോടു വിവേചനമില്ലെന്നു മോദി മറുപടി നല്‍കിയിരുന്നു.
യു എ ഇയിലെ അജ്മാനില്‍ മുപ്പതു നില ഫ്‌ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തം. മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ നിന്ന് ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമില്ല.