പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനു ജീവപര്യന്തം തടവുശിക്ഷ. 2019 ല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധിച്ചത്.
കായംകുളം എംഎസ്എം കോളജില്‍ എസ്എഫ്‌ഐ നേതാവ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റു നല്‍കി എംകോമിനു പ്രവേശനം നേടിയെന്ന് ആരോപണം. ആരോപിതനായ എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സിപിഎം ഫ്രാക്ഷന്‍ യോഗം വിളിച്ചുവരുത്തി വിശദീകരണം തേടി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍നിന്ന് നിഖിലിനെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. വ്യാജ ഡിഗ്രി ആരോപണം അന്വേഷിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ.
മധുരയിലെ സിപിഎം എംപി വെങ്കിടേഷിനെതിരേ അധിക്ഷേപകരവും അപകീര്‍ത്തിപരവുമായ പ്രചാരണം നടത്തിയ ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ അറസ്റ്റു ചെയ്തു. ഭീഷണിപ്പെടുത്തി മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല്‍ വൃത്തിയാക്കിച്ചതുമൂലം ശുചീകരണ തൊഴിലാളി മരിച്ചെന്ന് എസ് ജി സൂര്യ ട്വിറ്ററില്‍ ആരോപിച്ചിരുന്നു. ഇതിനെതിരേയുള്ള പരാതിയിലാണ് അറസ്റ്റ്. അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും റോഡ് ഉപരോധിച്ചു.
തെരുവ് നായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ടു മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് മരിച്ചത്. 49 വയസായിരുന്നു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാര്‍ഡില്‍ രോഗിക്കു കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് അണലി പാമ്പിന്റെ കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യം ആവശ്യപ്പെട്ട് മദ്യശാല ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ പൂത്തോളില്‍ ഇന്നലെ രാത്രി ഒമ്പതിന് കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചപ്പോഴാണ് നാലംഗ സംഘം മദ്യം വാങ്ങാന്‍ എത്തിയത്. കട പകുതി ഷട്ടറിട്ട് കണക്ക് ശരിയാക്കുകയായിരുന്ന ജീവനക്കാര്‍ മദ്യ വില്‍പനയ്ക്കുള്ള സമയം കഴിഞ്ഞെന്ന് അറിയിച്ചതോടെയാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ 10 ദിവസങ്ങളിലായി ‘ഓപ്പറേഷന്‍ മത്സ്യ’യുടെ ഭാഗമായി 1536 പരിശോധനകള്‍ നടത്തിയെന്ന് വീണ അറിയിച്ചു.
ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷിനെ 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കാനുള്ള ജൂറിയുടെ അധ്യക്ഷനായി നിയമിച്ചു.
സാമ്പത്തിക തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനു പങ്കില്ലെന്ന് ആവര്‍ത്തിച്ച് കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കല്‍. പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ പ്രതികരണം.
റിയാദില്‍ പെട്രോളിയം ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോര്‍ജ് (55) ആണ് മരിച്ചത്.
തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടി ആഞ്ഞിലി മരത്തില്‍ കയറിയ ഹനുമാന്‍ കുരങ്ങ് പുറത്തുകടന്നു. ഇന്നു രാവിലെ മുതല്‍ മരത്തില്‍ ഹനുമാന്‍ കുരങ്ങിനെ കാണുന്നില്ല. ഹനുമാന്‍ കുരങ്ങിനായി മൃഗശാലയിലും പുറത്തും തെരച്ചില്‍ തുടരുകയാണ്.
ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 73 വര്‍ഷം കഠിന തടവ്. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിനെ (ഉണ്ണിമോന്‍ 49) യാണ് ശിക്ഷിച്ചത്. 1,85,000 രൂപ പിഴയും ഒടുക്കണമെന്ന് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി വിധിച്ചു.
പാര്‍ക്കു ചെയ്തു യാത്രയ്ക്കുപോയയാളുടെ ബൈക്കില്‍നിന്ന് നമ്പര്‍ പ്ലേറ്റ് അപഹരിച്ച് മറ്റൊരു ബൈക്കില്‍ വച്ചപിടിപ്പിച്ചു പോയി നിയമലംഘനം നടത്തിയതിന് എഐ കാമറ വഴി പിഴശിക്ഷ നമ്പര്‍പ്ലേറ്റ് അപഹരിക്കപ്പെട്ട ബൈക്കുടമയ്ക്ക്. മലപ്പുറം ചെമ്മാട് സികെ നഗറിലെ കൊളക്കാടന്‍ പുളിക്കല്‍ കെ.പി.അഷ്റഫിനാണ് ആലപ്പുഴ അരൂരില്‍ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്. പോലീസിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ 101 ആപ്പുകള്‍ നീക്കം ചെയ്തു. സുരക്ഷാ ഗവേഷകരായ ഡോ. വെബാണ് സ്‌പൈ വെയറിനെ കണ്ടെത്തിയത്.
മണിപ്പൂരില്‍ സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികള്‍ വെടിവയ്പു നടത്തുമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പൊലീസിന്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടിരിക്കേയാണ് യൂണിഫോമില്‍ ആക്രമണം നടത്തുമെന്നു മുന്നറിയിപ്പു നല്‍കിയത്. കുക്കികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പോലീസും സൈന്യവും ഒത്താശ ചെയ്യുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് ജാഗ്രതാ നിര്‍ദേശം.
അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍നിന്നു രാജസ്ഥാനിലേക്ക് കടന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശും. ദേശീയ ദുരന്ത നിവാരണ സംഘത്തെ ഉള്‍പ്പെടെ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്.