എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി കത്തിച്ചു. കണ്ണൂരില്‍ പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണു ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ തീ ആളിക്കത്തിയത്. തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധന സംഭരണ കേന്ദ്രം. അഗ്‌നിശമന വിഭാഗം എത്തി തീയണച്ചു. ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിരികിലേക്കു നടക്കുന്നതും തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കോച്ചിന്റെ വിന്‍ഡോ ഗ്ലാസ് വലിയ കല്ലുകൊണ്ട് തകര്‍ത്ത് അകത്തു കടന്നാണ് അക്രമി കത്തിച്ചത്. അക്രമത്തിന് ഉപയോഗിച്ച കല്ല് ഇതേ കോച്ചിന്റെ ശുചിമുറിയില്‍ കണ്ടെത്തി. ശുചിമുറിയിലെ കണ്ണാടി തകര്‍ത്തിട്ടുണ്ട്. പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. എന്‍ ഐ എ വിവരങ്ങള്‍ തേടി. എലത്തൂരില്‍ കത്തിച്ച അതേ ട്രെയിനിന്റെ കോച്ചാണ് ഇന്നും കത്തിച്ചത്.
ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറു മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കും. മലയിന്‍കീഴ് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 42 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലെത്തി. ഒന്നാം ക്ലാസിലേക്ക് മൂന്നു ലക്ഷത്തോളം കുട്ടികളാണ് എത്തിയത്. ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയുടെ വാഗ്ദാനങ്ങളാണു കുട്ടികള്‍. അറിവിനൊപ്പം മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
മണിപ്പൂര്‍ കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും അമിത് ഷാ വാഗ്ദാനം ചെയ്തു.
സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. മരുന്നു ലഭ്യത ഉറപ്പാക്കാന്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം വെള്ളറടയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം. എസ്എഫ്‌ഐ വെള്ളറട ഏരിയ പ്രസിഡന്റ് മന്‍സൂറിനും പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. കോണ്‍ഗ്രസിന്റെ വെള്ളറട മണ്ഡലം കമ്മറ്റി ഓഫിസ് അടിച്ച് തകര്‍ത്തു. ആക്രമണത്തില്‍ ഒമ്പതു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചാം തീയതി വരെ വ്യാപകമായ മഴക്ക് സാധ്യത. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കു സാധ്യത.
പത്തനംതിട്ട റാന്നിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് മറിഞ്ഞത്. രാവിലെ സ്‌കൂളിലേക്കു പോകുകയായിരുന്ന എട്ടു കുട്ടികളാണു ബസിലുണ്ടായിരുന്നത്.
കട്ടപ്പന ബെവ്കോ മദ്യശാലയില്‍ വിജിലന്‍സ് റെയ്ഡില്‍ അനധികൃതമായി 85,000 രൂപ കണ്ടെത്തി. മദ്യക്കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ കച്ചവടം വര്‍ധിപ്പിക്കാന്‍ നല്‍കിയ കോഴത്തുകയാണെന്നു വിജിലന്‍സ്. ബീവറേജസ് ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്‌കൂട്ടറില്‍ നിന്നാണ് എല്ലാ ജീവനക്കാര്‍ക്കും നല്‍കാന്‍ റബര്‍ ബാന്‍ഡിട്ട കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്.
ലോക കേരളസഭ യുഎസ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാന്‍ പണപ്പിരിവു നടത്തിയതു കമ്മ്യൂണിസ്റ്റ് രീതിയാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തരീതിയാണിത്. അനധികൃത പിരിവിന് ആരാണ് അനുമതി നല്‍കിയെത്. പണം ഇല്ലാത്തവര്‍ അടുത്തു വരേണ്ട എന്ന രീതി നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊടുപുഴ ഇടവെട്ടി പാറമടയില്‍ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിക്കാണ് ഇടിമിന്നല്‍ ഉണ്ടായത്. പരിക്കേറ്റ എട്ടു പേര്‍ ചികിത്സയിലാണ്.
ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ജൂണ്‍ അഞ്ചിന് കോഴിക്കോട് വിദ്യാര്‍ത്ഥി സമര സംഗമം നടത്തും. പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം എസ് എഫ് അറിയിച്ചു.
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ് സംസഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തീവ്രവാദികളാണ് ഇതിനു പിറകില്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതു കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചു കെട്ടാനാവുന്നത്. സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ ചെറുപുഴയില്‍ സ്വകാര്യ ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതി പൊലീസിന്റെ പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോം പുഴ സ്വദേശി നിരപ്പില്‍ ബിനുവിനെയാണ് പിടികൂടിയത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തിനു നിര്‍ണായക പങ്ക് വഹിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവാകും. കാബിനറ്റ് റാങ്കോടെയാണു നിയമനം. ബെല്ലാരി സ്വദേശിയാണ് സുനില്‍ കനുഗോലു.
കര്‍ണാടകയിലെ ഹുബ്ലിയില്‍ വാഹന അപകടത്തില്‍ മലയാളിയായ റിട്ടയേഡ് അധ്യാപകന്‍ മരിച്ചു. ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു വിരമിച്ച ചെത്തുകടവ് ശ്രീവത്സം വീട്ടില്‍ പി. ബാലസുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്.
വീട് മാറിയിട്ടും കുടുംബവഴക്കു മൂത്ത് അമ്മായിയമ്മയെ വേഷം മാറിയെത്തി കൊലപ്പെടുത്തിയ മരുമകള്‍ പിടിയിലായി. തിരുനെല്‍വേലിയിലെ തുലുകാകുളം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഭര്‍ത്താവ് ഷണ്‍മുഖവേലന്റെ ഭാര്യ 58 കാരിയായ സീതാലക്ഷ്മിയാണു കൊല്ലപ്പെട്ടത്. ഭര്‍തൃപിതാവിന്റെ നിലവിളി കേട്ട് അമ്മായിഅമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മരുമകളും 28 കാരിയുമായ മഹാലക്ഷ്മിയാണു കൊലപാതകത്തിന് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മരുമകളാണ കൊലപാതകം നടത്തിയതെന്നു കണ്ടെത്തിയത്.
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് രാഹുല്‍ഗാന്ധി. എന്നാല്‍ അയോഗ്യനാക്കപ്പെട്ടതിലൂടെ വലിയ അവസരമാണ് ലഭിച്ചത്. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം. ഇന്ത്യ- ചൈന ബന്ധം മോശമായി. ഇന്ത്യയിലെ അതിര്‍ത്തി മേഖലകളിലേക്കു ചൈന കൈയേറി. എന്നാല്‍ ഇന്ത്യക്കു മേല്‍ മേധാവിത്വം സ്ഥാപിക്കാന്‍ ചൈനക്ക് കഴിയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ആഭ്യന്തര കലാപം തുടരുന്ന സുഡാനിലെ ഖാര്‍തൂമിലെ അനാഥാലയത്തില്‍ അറുപതോളം കുട്ടികള്‍ ഭക്ഷണവും ചികില്‍സയും ലഭിക്കാതെ മരിച്ചു. നവജാതശിശുക്കളടക്കമാണു മരിച്ചതെന്നാണ് ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറ് ആഴ്ചയോളം അനാഥാലയത്തില്‍ ഇവര്‍ കുടുങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്.