കേന്ദ്രമന്ത്രി വി. മുരളീധരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയേക്കും. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കും. സംസ്ഥാന പ്രസിഡന്റു സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന കെ. സുരേന്ദ്രനു പകരം എന്തു ചുമതല നല്‍കുമെന്നു വ്യക്തമല്ല. കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ ബിജെപി പ്രസിഡന്റുമാരെ മാറ്റുമെന്നാണു വിവരം. കഴിഞ്ഞ ദിവസം നാലു സംസ്ഥാനങ്ങളില്‍ പുതിയ പ്രസിഡന്റുമാരെ നിയമിച്ചിരുന്നു.
സംസ്ഥാനത്തുടനീളം മഴക്കെടുതികള്‍. നിലമ്പൂരിലെ കുതിരപ്പുഴയില്‍ ഒഴുക്കില്‍ പെട്ട ഒരു കുടുംബത്തിലെ അഞ്ചു പേരില്‍ രണ്ടു പേരെ കണ്ടെത്താനായില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകക്കു താമസിക്കുന്ന കുടുംബമാണ് ഒഴുക്കില്‍ അകപ്പെട്ടത്. ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. സുശീല (60), അനുശ്രീ (12) എന്നിവരാണ് ഒഴുക്കില്‍പെട്ടു പോയത്.
ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് തിങ്കളാഴ്ച കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐആര്‍ഇയുടെ എസ്‌കവേറ്റര്‍ ജീവനക്കാരനായ രാജ്കുമാറാണ് മരിച്ചത്. ഇയാള്‍ ബീഹാര്‍ സ്വദേശിയാണ്.
അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളും തുറന്നു. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടര്‍ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 30 സെന്റീമീറ്ററുമാണ് തുറന്നത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടര്‍ 15 സെന്റീമീറ്ററും രണ്ടാമത്തം ഷട്ടര്‍ 90 സെന്റീമീറ്ററുമാണ് തുറന്നത്.
ചാലക്കുടിയില്‍ മിന്നല്‍ ചുഴലി. വ്യാപക നാശനഷ്ടം. കൂടപ്പുഴ മേഖലയിലെ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകരാറിലായി.
എടത്വ വീയപുരത്ത് കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ആറു വീടുകള്‍ തകര്‍ന്നു. മരം വീണ് വള്ളം തകര്‍ന്നു. കരകൃഷിയിലും വ്യാപകനഷ്ടമുണ്ടായി. ഏത്തവാഴകള്‍ ഒടിഞ്ഞു വീണു വന്‍ നാശം.
സിപിഎമ്മില്‍ അഞ്ചാംപത്തികളുടെ ദ്രോഹംമൂലമാണു പാര്‍ട്ടിവിടേണ്ടിവന്നതെന്ന് എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി തുറന്നു സംസാരിച്ചിരുന്നെങ്കില്‍ പാര്‍ട്ടിവിടേണ്ടി വരുമായിരുന്നില്ലെന്നും സിന്ധു. സിന്ധു ജോയിയുടെ വരികള്‍ വായിക്കാം: അഞ്ചാംപത്തികളുടെ ദ്രോഹം.- https://dailynewslive.in/tricksters-cheating-sindu-joy-july-5/
തൃശൂരിലെ ആമ്പല്ലൂര്‍ പ്രദേശത്തു നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂകമ്പവും അനുഭവപ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൃശൂര്‍, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നായിരുന്നു 1987 ല്‍ സിപിഎമ്മിന്റേയും ഇഎംഎസിന്റേയും നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് ഇപ്പോള്‍ സിപിഎമ്മിന്റെ നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് പ്രക്ഷോഭത്തിനു വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ലഹരി കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസ് റദ്ദാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് സ്‌കൂട്ടറും ഫോണും തിരികെ ലഭിക്കും.
അരിക്കൊമ്പനെ തമിഴ്‌നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാനും ഇടപെടല്‍ തേടി പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.കെ ആനന്ദന്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
വിമാനത്തിലെത്തി ഓട്ടോറിക്ഷയില്‍ കറങ്ങി മോഷണം നടത്തി വിമാനത്തില്‍ മടങ്ങുന്ന തെലങ്കാന പോലീസിലെ താത്കാലിക ജീവനക്കാരന്‍ തിരുവനന്തപുരത്ത് പിടിയില്‍. തെലങ്കാന സ്വദേശി ഉമാപ്രസാദിനെയാണ് പിടികൂടിയത്. തിരുവനന്തപുരത്ത് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
വയനാട് ജില്ലയിലെ പനവല്ലി സര്‍വ്വാണി വളവില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ റോഡരികിലെ കൊക്കയിലേക്കു മറിഞ്ഞ് യാത്രക്കാര്‍ക്കു പരിക്കേറ്റു. തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തിനു പോയ കണ്ണൂര്‍ പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു കുട്ടിയടക്കം പത്ത് യാത്രക്കാരാണുണ്ടായിരുന്നത്.
ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാധിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ജില്ലയില്‍ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തില്‍ പറമ്പില്‍ ദിവാകരനാണ് (75)ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.