ഡെയ്‌ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ ‘ഡെയ്‌ലി ന്യൂസ് നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡ്’ ഒരുക്കുന്നു. ഓര്‍മ്മത്താളുകളിലെ മയില്‍പീലിത്തുണ്ടുകള്‍പോലെ മനസില്‍ ചേര്‍ത്തുവച്ച 1985 മുതലുള്ള മലയാള സിനിമയിലെ പ്രിയ ചിത്രങ്ങളും കഥാപാത്രങ്ങളും പാട്ടുകളും വിലയിരുത്തി അവാര്‍ഡ് നിര്‍ണയിക്കുന്നതു പ്രേക്ഷക ജൂറിയാണ്. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന മേളയുടെ ലോഗോ സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ തൃശൂര്‍ പ്രസ് ക്ലബില്‍ പ്രകാശനം ചെയ്തു. പ്രമോഷന്‍ വീഡിയോ സിനിമാ, സീരിയല്‍ താരം മഞ്ജു സുഭാഷ് പ്രകാശിതമാക്കി. ജനപ്രിയ ചിത്രം, നടന്‍, നടി, ഗാനം, ഗായകന്‍, ഗായിക, സഹനടന്‍, സഹനടി, കൊമേഡിയന്‍, വില്ലന്‍ എന്നീ 10 വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഡെയ്‌ലി ന്യൂസിന്റെ പാനലിസ്റ്റുകള്‍ നല്‍കുന്ന നാല് ഓപ്ഷനുകളില്‍ വോട്ടു രേഖപ്പെടുത്താം. നടനും സാംസ്‌കാരിക നായകനുമാ വി.കെ. ശ്രീരാമന്‍, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍, ചലച്ചിത്ര മാധ്യമപ്രവര്‍ത്തക ബീനാ രഞ്ജിനി, സംഗീത നിരൂപകനായ രവിമേനോന്‍ എന്നിവരാണു പാനലിസ്റ്റുകള്‍. ഡെയ്‌ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിലൂടേയും യുട്യൂബ്, വാട്‌സ്ആപ് ഗ്രൂപ്പുകള്‍, ഫേസ് ബുക്ക് പേജ് എന്നിവയില്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ മൂന്നു മാസം എല്ലാ ശനിയാഴ്ചയും ഓരോ വീഡിയോ അപ് ലോഡ് ചെയ്യും. ഡെയ്‌ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ ക്ലിക്കു ചെയ്താല്‍ ഓണ്‍ലൈന്‍ ജനകീയ ഉല്‍സവത്തില്‍ ജൂറിയാകാമെന്ന് ഡെയ്‌ലി ന്യൂസ് മാനേജിംഗ് എഡിറ്റര്‍ ഷാജി പദ്മനാഭനും എഡിറ്റര്‍ ഫ്രാങ്കോ ലൂയിസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ തിരുവനന്തപുരം, മലപ്പുറം അടക്കം മിക്ക ജില്ലകളിലും സംഘര്‍ഷം. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കുമാണ് കോരിച്ചൊരിയുന്ന മഴയത്തു മാര്‍ച്ച് നടത്തിയത്. നേതാക്കള്‍ അഭിസംബോധന ചെയ്തതിനു പിറകേ പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയായത്.
അതിതീവ്ര മഴ മുന്നറിയിപ്പു നിലനില്‍ക്കേ റവന്യൂ മന്ത്രി കെ രാജന്‍ ഉന്നതതല യോഗം വിളിച്ചു. ഇന്നു വൈകിട്ട് അഞ്ചിനുള്ള യോഗത്തില്‍ എല്ലാ ജില്ലാ കളക്ടര്‍മാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
മഴയുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് അവധി തലേന്നു തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം. രാവിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.
പിഡിപി ചെയര്‍മാന്‍ മഅദനിക്കു ഡയാലിസിസ് വേണമെന്ന് അദ്ദേഹത്തെ പരിശോധിച്ച സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം പരിശോധിച്ചത്. മഅദനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്. വിദഗ്ദ്ധ സംഘം ചൂണ്ടിക്കാട്ടി.
പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവു നല്‍കി. 15 ദിവസത്തിനകം ചുമതലയേല്‍ക്കണമെന്നാണു ഉത്തരവിലെ നിര്‍ദേശം.
ശബരിമല വിമാനത്താവള പദ്ധതിയില്‍ 579 കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുമെന്ന് അന്തിമ സാമൂഹികാഘാത റിപ്പോര്‍ട്ട്. ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും കുടിയിറക്കണം. ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്നും ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ പാക്കേജ് നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ തിരുവനന്തപുരം പട്ടത്തെ ഓഫീസും കംപ്യൂട്ടറുകള്‍ അടക്കമുള്ള എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്‌ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തത് സ്ഥാപനത്തില്‍ പ്രവേശിക്കരുതെന്നു ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാത്രി 12 മണിയോടെ ആണ് നടപടി. മുഴുവന്‍ ജീവനക്കാരുടെയും ലാപ്‌ടോപ്പും കസ്റ്റഡിയില്‍ എടുത്തു.
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായി.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഉഴപ്പിയാല്‍ മാതാപിതാക്കള്‍ക്ക് അധ്യാപകരുടെ ഫോണ്‍ വിളിയെത്തും. അച്ചടക്കം ഉറപ്പാക്കാന്‍ രക്ഷിതാക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങിവക്കണമെന്നാണ് നിര്‍ദേശം.
പോക്‌സോ കേസിലെ അതിജീവിതയുടെ മൊഴിമാറ്റാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വിജിലന്‍സ്. നെയ്യാറ്റിന്‍കര പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനും ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്കും റിപ്പോര്‍ട്ട് നല്‍കി.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ആള്‍മാറാട്ട കേസിലെ പ്രതികളായ എസ്എഫ്‌ഐ മുന്‍ നേതാവ് എ വിശാഖ്, കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജി. ജെ. ഷൈജു എന്നിവര്‍ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീല (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പനി ബാധിച്ച് പന്തീരായിരത്തിലേറെ പേരാണ് ദിവസേന ആശുപത്രിയില്‍ എത്തുന്നത്.
പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. ഇളകൊള്ളൂര്‍ ഡിവിഷനില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എല്‍ഡിഎഫിലേക്കു കൂറുമാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് അയോഗ്യയാക്കിയത്. ഇതോടെ ബ്ലോക്ക് പഞ്ചായത്തില്‍ കക്ഷി നില ഇരുവശത്തും ആറായി.
തൃക്കാക്കര നഗരസഭയില്‍ യുഡിഎഫ് വിട്ട നാല് വിമതരില്‍ ഒരാള്‍ തിരിച്ചെത്തി. 33ാം വാര്‍ഡ് കൗണ്‍സിലര്‍ വര്‍ഗീസ് പ്‌ളാശ്ശേരി ആണ് തിരിച്ചെത്തിയത്. ഇതോടെ യുഡിഎഫിന് 22 പേരുടെ പിന്തുണ ആയി. തൃക്കാക്കര ന?ഗരസഭയില്‍ 43 അംഗങ്ങളാണുള്ളത്.
പൊലീസ് തന്റെ ഫോണ്‍ നിരീക്ഷിക്കുന്നുവെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരന്‍. തന്നെ ഫോണ്‍ വഴി തെറി വിളിക്കാനും ഭീഷണിപ്പെടുത്താനും പൊലീസ് സേന തന്നെ സൗകര്യം ചെയ്യുന്നുണ്ട്. ഇതിനു പിന്നില്‍ പാര്‍ട്ടിയില്‍ അമിതാധികാര കേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികളാണെന്നും ശക്തിധരന്‍ കുറ്റപ്പെടുത്തി.
കുഴല്‍മന്ദം ദേശീയപാതയില്‍ ബൈക്ക് ഇടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. ചിതലി പഞ്ഞിറോഡ് എം എന്‍ ലക്ഷംവീട് മാരാത്ത്ക്കാട് വീട്ടില്‍ അബ്ദുള്‍ മുബാറക് ( 58 ) ആണ് മരിച്ചത്.
തമിഴ്‌നാട്ടില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയെ കാണാനില്ലെന്ന് ആരോപിച്ചു ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നവിധി. മന്ത്രിയെ മോചിപ്പിക്കണമെന്നു ജസ്റ്റിസ് നിഷ ഭാനു ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് നിയമവിധേയമെന്നാണ് ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ ഉത്തരവ്. ഇതോടെ കേസ് വിശാല ബഞ്ചിലേക്കു പോകും. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക.
വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചതിന് പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ ഭാര്യ ടിന അംബാനിയെയും എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അനില്‍ അംബാനിയെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
സെമി വന്ദേഭാരത് ട്രെയിന്‍ ആരംഭിക്കുന്നു. ഉത്തര്‍പ്രദേശ് നഗരങ്ങളായ ലഖ്‌നൗ- ഗൊരഖ്പുര്‍ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിന്‍ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
പബ്ജി ഗെയിം ആപ്പിലൂടെ പരിചയപ്പെട്ട കാമുകനെ തേടി എത്തിയ പാകിസ്ഥാന്‍ യുവതി പിടിയിലായി. സീമ ഗുലാം ഹൈദര്‍ എന്ന യുവതിയാണ് നാല് മക്കളുമൊത്ത് കാമുകന്‍ സച്ചിനെ തേടി ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത്. റബുപുര ഏരിയയിലെ ഒരു വാടക അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവം അറിഞ്ഞ പൊലീസ് യുവതിയെയും കുട്ടികളേയും കസ്റ്റഡിയിലെടുത്തു.
സാന്‍ഫ്രാസിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഖലിസ്ഥാന്‍ വാദികള്‍ തീയിട്ടു. പെട്ടെന്ന് തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു.