mid day hd 27

 

ആലുവായില്‍ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിപ്പൊതിഞ്ഞ നിലയില്‍ ആലുവ മാര്‍ക്കറ്റില്‍ കണ്ടെത്തി. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. മുക്കത്തു പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പൂര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദിനിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആസാം സ്വദേശി അസ്ഫാക് ആലം സക്കീര്‍ എന്നയാള്‍ക്കു വിറ്റെന്ന് ഇന്നു പുലര്‍ച്ചെയാണു പോലീസിനോടു പറഞ്ഞത്. മദ്യപിച്ചു സുബോധമില്ലാതിരുന്ന ഇയാളെ പിടികൂടിയ ഉടനേ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ 21 എംപിമാര്‍ നടത്തുന്ന മണിപ്പൂര്‍ സന്ദര്‍ശനം ഇന്നും നാളെയും. 16 പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ് മണിപ്പൂരിലെത്തുന്നത്. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദര്‍ശിക്കും. രണ്ട് സംഘങ്ങളായിട്ടാണ് സന്ദര്‍ശനം. നാളെ രാവിലെ പ്രതിപക്ഷ സംഘം ഗവര്‍ണറെ കാണും. കേരളത്തില്‍ നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്), എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി), എഎ റഹീം (സിപിഎം), സന്തോഷ് കുമാര്‍(സിപിഐ) എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ട്.

കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനായുള്ള അന്തിമപട്ടിക കരട് പട്ടികയാക്കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം ഭരണാനുകൂല കോളജ് സംഘടനയായ എകെജിസിടിയുടെ ആവശ്യപ്രകാരമാണെന്ന് രേഖകള്‍. 43 പേരുടെ അന്തിമ പട്ടികക്കെതിരെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 ന് എകെജിസിടി മന്ത്രി ആര്‍ ബിന്ദുവിന് പരാതി നല്‍കിയിരുന്നു. ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പരാതി പരിഹരിക്കാന്‍ അവസരം നല്‍കണമെന്ന സംഘടനയുടെ ആവശ്യം പരിഗണിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബി എല്‍ സന്തോഷും തുടരും. ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരും. കേരളത്തിന്റെ സഹ പ്രഭാരി രാധാ മോഹന്‍ അഗര്‍വാളിന് ജനറല്‍ സെക്രട്ടറി സ്ഥാനമുണ്ട്.

പൊതുമരാമത്ത് വകുപ്പിനു കീഴിലെ പാലങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി വകുപ്പുകള്‍ ഡിസൈന്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പാലങ്ങള്‍ക്കടിയിലുള്ള സ്ഥലത്ത് ഓപ്പണ്‍ ജിമ്മും ബാഡ്മിന്റണ്‍ കോര്‍ട്ടുകളും സ്ഥാപിക്കുമെന്നും വ്യക്തമാക്കി. ആദ്യമായി കൊല്ലത്തും നെടുമ്പാശേരിയിലുമാണു നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലുമാണ് അന്വേഷണം. സുരേന്ദ്രന്റെ വീട്ടില്‍ വച്ച് മോന്‍സന് 25 ലക്ഷം കൈമാറിയെന്ന പരാതിക്കാരന്റെ മൊഴിയിലും വ്യക്തത വരുത്തും.

ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്കു കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്കു വരുമ്പോഴാണ് സംഭവം. ഒരു സ്‌കോര്‍പിയോ കാര്‍ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നു പോലീസ്.

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ഭരണം അട്ടിമറിക്കാന്‍ യുഡിഎഫ് അംഗത്തിന് മുന്‍ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രന്‍ പണം വാഗ്ദാനം ചെയ്‌തെന്ന് ആരോപണം. പഞ്ചായത്തംഗം വിജയലക്ഷ്മിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ബാലചന്ദ്രന്‍ ഇപ്പോള്‍ സിപിഎമ്മിനൊപ്പമാണു പ്രവര്‍ത്തിക്കുന്നത്.

രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രന്‍ നായരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. 2008 ല്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാന്‍ ശേഖരിച്ച ഫണ്ടില്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം.

വ്യാജ പാസ്‌പോര്‍ട്ടുമായി ഇസ്രയേലില്‍ ജോലിക്കായി എത്തിയ യുവാവിനെ തിരികെ അയച്ചു. കൊല്ലം ഇരവിപുരം സ്വദേശിയായ അലക്‌സ് സിറില്‍ എന്നയാളെയാണ് ഇസ്രയേലില്‍നിന്ന് തിരിച്ചയച്ചത്. ഡല്‍ഹിയില്‍ എത്തിയ ഇയാളെ പൊലീസ് പിടികൂടി.

തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. പുക ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. പിറകേ, ബസ് ആളിക്കത്തി. നിമിഷങ്ങള്‍ക്കകം പൂര്‍ണമായും കത്തി നശിച്ചു.

യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറു കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി.

മലയാളി യുവതി ഷാര്‍ജയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. കല്ലുവാതുക്കല്‍ മേവനകോണം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ 29 വയസുള്ള റാണി ഗൗരി മരിച്ചതു ഭര്‍ത്താവ് ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി വൈശാഖിന്റെ സ്ത്രീധന പീഡനംമൂലമാണെന്നാണ് പരാതി.

ആലപ്പുഴയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ കൊമ്പു തലയില്‍ വീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് തെക്കേ തറയില്‍ (ഇല്ലിച്ചിറ) പരേതനായ അബ്ദുല്‍ റസാഖിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ (നവാസ് – 47) ആണ് മരിച്ചത്.

കട്ടിപ്പാറ ചമലില്‍ ചെത്തുതൊഴിലാളി തെങ്ങില്‍നിന്നു വീണുമരിച്ചു. കുന്നിപ്പള്ളി റെജി ( 50) ആണ് മരിച്ചത്. മലയില്‍ പുത്തന്‍പുരയില്‍ ദേവസ്യയുടെ കൃഷിയിടത്തിലെ തെങ്ങില്‍നിന്നാണു വീണു മരിച്ചത്.

ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊരിങ്ങല്‍ക്കുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ ഗീതയെ കൊലപെടുത്തിയതിനാണ് ഭര്‍ത്താവ് സുരേഷ് പിടിയിലായത്.

തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം നാലു ദിവസത്തിനുശേഷം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്.

ചെറായിയില്‍ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശിയായ 26 കാരനായ ശ്യാംലാലിനെയാണ് പിടികൂടിയത്.

ഒരാഴ്ചയായി കാണാതായ അര്‍ജന്റീനക്കാരന്‍ ക്രിപ്‌റ്റോ കോടീശ്വരനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫെര്‍ണാണ്ടോ പെരസ് അല്‍ഗാബയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട് കേസിനുള്ളിലാക്കിയ നിലയിലായിരുന്നു. തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ തെരുവിലാണ് അല്‍ഗാബയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അല്‍ഗാബയുടെ ശരീരത്തില്‍നിന്നും മൂന്നു വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *