mid day hd 25

 

മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്നു ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. ഡല്‍ഹി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലിനു ശേഷം അടുത്തയാഴ്ച അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഡല്‍ഹി ഓര്‍ഡിനന്‍സിനേയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും.
ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ കേസ്. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ. എ.സി പ്രമോദിനെതിരെ അമ്പലപ്പുഴ സ്വദേശിനി നല്‍കിയ പരാതിയില്‍ മലപ്പുറം കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്.

മദ്യനയം കള്ളു വ്യവസായത്തെ തകര്‍ക്കുമെന്നു എഐടിയുസി. റിസോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും കള്ളുചെത്ത് അനുവദിക്കരുതെന്നും എഐടിയുസി ആവശ്യപ്പെട്ടു. രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്കു മാത്രമേ കള്ളു ചെത്താന്‍ അവകാശമുള്ളൂവെന്നും എഐടിയുസി.

കാസര്‍കോഡ് ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്ന് നടനും അഭിഭാഷകനുമായ അഡ്വ. ഷുക്കൂര്‍. തട്ടിപ്പിന് ഇരയായവര്‍ക്കൊപ്പംനിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിച്ചു. വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിന് ഷുക്കൂര്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു.

ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിനു ഫയല്‍ ചെയ്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ കഥകളി ആസ്വദിച്ച് രാഹുല്‍ ഗാന്ധിയും എംടി വാസുദേവന്‍നായരും. ആര്യവൈദ്യശാലയില്‍ ചികിത്സയിലാണ് ഇരുവരും. ആര്യ വൈദ്യശാലയുടെ ധന്വന്തരി ക്ഷേത്രത്തിന് സമീപമുള്ള അഗ്രശാലയിലായിരുന്നു കഥകളി. കോട്ടക്കല്‍ പിഎസ് വി നാട്യ സംഘമാണ് ദക്ഷയാഗം കഥകളി അവതരിപ്പിച്ചത്.

തൃശൂര്‍ പടിയൂര്‍ കെട്ടിച്ചിറയില്‍ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. കല്ലേറ്റുങ്കര സ്വദേശി പ്രണവി (18) നെയാണ് കാണാതായത്. സുഹൃത്തിനൊപ്പം വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടം.

തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ പെട്ടു വള്ളം മറിഞ്ഞു. മത്സ്യതൊഴിലാളിയെ രക്ഷിച്ചു. ഷിബു എന്ന മത്സ്യ തൊഴിലാളിക്കു മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്.

തൃശൂരില്‍ പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതി മരിച്ച നിലയില്‍. ആനപ്പാന്തം കോളണിയിലെ ഗീത (40) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു.

കാസര്‍കോട് കറന്തക്കാട് വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു.

പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്തു സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത പൊലീസുകാരോടു വിശദീകരണം തേടി. പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ പോലീസുകാരോടാണ് ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടിയത്.

ജാര്‍ഖണ്ഡില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവച്ചു കൊന്നു. ദലിത് ശോഷണ്‍ മുക്തി മഞ്ച് നേതാവായ സുഭാഷ് മുണ്ടയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ ബൈക്കുകളിലെത്തിയ അക്രമികള്‍ റാഞ്ചി ജില്ലയിലെ ദലദല്ലി ഭാഗത്തുള്ള ഓഫീസില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു.

രാജസ്ഥാനിലെ സിക്കാറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു പ്രസംഗിക്കാന്‍ അനുവദിച്ചിരുന്ന മൂന്നു മിനിറ്റ് സമയം പ്രധാനമന്ത്രിയുടെ ഓഫീസ് റദ്ദാക്കി. പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ മാത്രമേ സ്വാഗതം ചെയ്യുന്നുള്ളൂവെന്നും പ്രസംഗത്തില്‍ സംസ്ഥാനത്തിനുവേണ്ടി ആവശ്യപ്പെടാനിരുന്ന പദ്ധതികള്‍ ഉടനേ അനുവദിക്കണണെന്നും അശോക് ഗെലോട്ട് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനാലാണ് ഒഴിവാക്കിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വം അവധിയും നല്‍കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്. സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *