ഉറങ്ങിക്കിടന്ന ഏഴു വയസുകാരനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ ബലാല്‍സംഗം ചെയ്ത മാതൃസഹോദരീ ഭര്‍ത്താവായ അമ്പതുകാരനു വധശിക്ഷ. വണ്ടിപ്പെരിയാര്‍ മ്ലാമല ഇരുപതാംപറമ്പില്‍ സുനില്‍കുമാര്‍ എന്ന ഷാന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. നാലു കേസുകളിലായി 104 വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്ന് ഇടുക്കി അതിവേഗ കോടതി വിധിച്ചു. ആമകണ്ടം വടക്കേതാഴെ റിയാസിന്റേയും സഫിയയുടേയും മകന്‍ അബ്ദുള്‍ ഫത്താഹ് റെയ്ഹാനാണ് 2021 ഒക്ടോബര്‍ മൂന്നിനു പുലര്‍ച്ചെ മൂന്നിനു കൊല്ലപ്പെട്ടത്.
കേന്ദ്രമന്ത്രിമാരുടെ സ്റ്റാഫംഗങ്ങളെന്ന് അവകാശപ്പെട്ട് രണ്ടു പേര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഹരിയാനയിലെ കുരുക്ഷേത്ര അഡീഷണല്‍ ജഡ്ജി അഷു കുമാര്‍ ജെയിന്‍. കേന്ദ്ര നിയമമന്ത്രിയുടേയും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയുടേയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെന്ന് അവകാശപ്പെട്ട് രണ്ടു പേര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് വെളിപെടുത്തല്‍.
മണിപ്പൂരിലെ ഇംഫാലില്‍ മറ്റൊരു ഇരട്ട കൂട്ടബലാല്‍സംഗ കൊലക്കേസ്. കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ടു യുവതികളെ മേയ് നാലിനു ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ കേസോ അറസ്റ്റോ ഉണ്ടായിട്ടില്ല. അക്രമിസംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ഇതേസമയം, മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെകൂടി അറസ്റ്റു ചെയ്തു. യുംലെംബാം നുംഗ്‌സിത്തോയി എന്ന മെയ്‌ത്തെയ് വംശജനെയാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ മരങ്ങളുടെ മൂല്യം സംബന്ധിച്ച റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് വൈകുന്നതിനാല്‍ പോലീസിന്റെ കുറ്റപത്രവും വൈകുന്നു. മുറിച്ച 104 മരങ്ങളില്‍ പന്ത്രണ്ടെണ്ണം 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വൃക്ഷങ്ങളാണ്. മൂന്നെണ്ണം 500 വര്‍ഷം പഴക്കമുള്ളതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി. ഭൂവുടമകളുടെ പേരില്‍ മരം മുറിക്കാന്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ ഏഴ് അപേക്ഷകള്‍ വ്യാജമാണെന്ന് കണ്ടെത്തി.
ആലപ്പുഴ എടത്വയില്‍ യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍. തായങ്കരി ബോട്ടു ജെട്ടിയ്ക്കു സമീപം പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തിയത്. ഫയര്‍ ഫോഴ്‌സെത്തി തീയണച്ചപ്പോഴാണ് അകത്തു മൃതദേഹം കണ്ടത്. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടെ കാറാണു കത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്ക് ആരെ പരിഗണക്കുമെന്നു നാളെ നടക്കുന്ന അനുശോചന സമ്മേളനത്തിനുശേഷം തീരുമാനിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പരിഗണിച്ചേക്കുമെന്നാണു പൊതുവേയുള്ള സംസാരം. പാര്‍ട്ടി തീരുമാനിക്കുമെന്നു ചാണ്ടി ഉമ്മന്‍. സിപിഎം യുവനേതാവ് ജെയ്ക് സി. തോമസിനെ മല്‍സരിപ്പിക്കാനാണു സാധ്യത.
ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകന്‍ ഒളിവില്‍. മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ചെങ്കിലും വിനായകന്‍ എത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫാണ്. ഏഴ് ദിവസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്നു നോട്ടീസ് നല്‍കും.
കൊയിലാണ്ടിയില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കു നടത്തിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കൊയിലാണ്ടി -കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് പണിമുടക്കിയത്. ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാരനായ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് സമരം.
മദ്യപിച്ചു ലക്കുകെട്ട് വീട്ടില്‍ ഭാര്യയെ മര്‍ദിച്ചയാളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് പ്രതി അടിച്ചു തകര്‍ത്തു. ബാലരാമപുരം തലയലില്‍ സതീഷ്(42) എന്നയാളെ ബലപ്രയോഗത്തിലൂടെ ബാലരാമപുരം പൊലീസ് പിടികൂടി. ഭാര്യ വിജിതയെ വീട്ടില്‍ അടച്ചിട്ട് മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണു പോലീസ് എത്തിയത്.
ആകാശവാണി അനന്തപുരി എഫ്എം പ്രക്ഷേപണം അവസാനിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 40 ലക്ഷത്തോളം ശ്രോതാക്കളാണ് എഫ്എമ്മിനുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരമാണ് പ്രസാര്‍ഭാരതി പ്രാദേശിക എഫ്എമ്മുകള്‍ നിര്‍ത്തലാക്കിയത്.
അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാ പ്രാദേശിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടിണ്ട്. തിങ്കളാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയൊരു ന്യൂന മര്‍ദ്ദം രൂപപ്പെടും.
കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി എ.കെ ധര്‍മ്മരാജനില്‍നിന്ന് സംഭാവന വാങ്ങിയതിനെച്ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. അന്തരിച്ച യുവമോര്‍ച്ച കോഴിക്കോട് മുന്‍ ജില്ല പ്രസിഡന്റിന്റെ കുടുംബസഹായ നിധിയിലേക്ക് 50,000 രൂപ വാങ്ങിയതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം നേതാക്കള്‍ ധനസമാഹരണ കൂട്ടായ്മയ ബഹിഷ്‌കരിച്ചു.
ആലുവായില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടുക്കി സ്വദേശിനി ശരണ്യ എന്ന 23 കാരിയാണ് ഭര്‍ത്താവ് അലക്‌സിന്റെ മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ആലുവയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
പുനലൂരില്‍ നഗരസഭ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ വീട്ടമ്മ കല്ലടയാറ്റിലേക്കു ചാടി ജീവനൊടുക്കി. സിന്ധു ഉദയകുമാര്‍ (42) ആണ് മരിച്ചത്. സിന്ധുവും സുഹൃത്തുകളും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് നരിക്കുനി മൂര്‍ഖന്‍കുണ്ട് കുളത്തില്‍ മദ്രസാ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേളന്നൂര്‍ കണ്ണങ്കര പടിഞ്ഞാറയില്‍ മീത്തല്‍ സലീമിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്.
ഇടുക്കി കഞ്ഞിക്കുഴിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്.
സോണിയ ഗാന്ധി അടുത്ത വര്‍ഷം കര്‍ണാടകത്തില്‍നിന്നു രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും സോണിയ ലോക്‌സഭയിലേക്ക് മത്സരിക്കില്ല. സോണിയയുടെ സിറ്റിംഗ് സീറ്റായ യുപിയിലെ റായബറേലിയില്‍ പ്രിയങ്കാഗാന്ധി മല്‍സരിച്ചേക്കും.
പ്രിന്റ് ചെയ്ത എംആര്‍പിയേക്കാള്‍ അധികമായി ഒരു രൂപ വാങ്ങിയതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം്. ചെന്നൈ സില്‍ക്‌സിനെതിരെ നിയമപോരാട്ടം നടത്തിയ സതീശിനാണു നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിനു ചെന്നൈ സ്വദേശിയായ എം. സതീശ് തിരുവള്ളൂരിലെ ചെന്നൈ സില്‍ക്‌സില്‍ നിന്ന് 2545 രൂപയ്ക്ക് വസ്ത്രങ്ങളും ചെരിപ്പും വാങ്ങിയിരുന്നു. ചെരിപ്പിന്റെ എംആര്‍പി വില സ്റ്റിക്കറില്‍ 379 രൂപ എന്നത് തിരുത്തി 380 ആക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് നഷ്ടപരിഹാരം വിധിച്ചത്.
ഈവന്റ്- സിനിമാ നിര്‍മാണ കമ്പനിയില്‍ നിക്ഷേപിക്കാമെന്നു വിശ്വാസിപ്പിച്ച് ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയിയില്‍നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്തെന്നു പരാതി. ബിസിനസ് പങ്കാളികളായ സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക നന്ദ എന്നിവര്‍ക്കെതിരെയാണ് പരാതി.
വ്യായാമത്തിനിടെ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ കഴുത്തില്‍ പതിച്ച് 33 കാരനായ സോഷ്യല്‍ മീഡിയ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറായ ഇന്തോനേഷ്യക്കാരന്‍ ജസ്റ്റിന്‍ വിക്കി മരിച്ചു.
ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ചാപ്ലിന്റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകളായിരുന്നു ജോസഫിന്‍.
അമേരിക്കന്‍ നാവികസേനയുടെ തലപ്പത്തേക്ക് ഒരു വനിത. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവികസേനാ മേധാവിയായി പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചത്. 38 വര്‍ഷമായി നാവികസേനയില്‍ പ്രവര്‍ത്തിച്ച ലിസ വൈസ് ചീഫായി പ്രവര്‍ത്തിക്കവേയാണ് നിയമനം.