mid day hd 16

 

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരളത്തിന്റെ ആദരം. സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിയാണ്. ഇന്നു വെളുപ്പിനു നാലരയ്ക്ക് ബെംഗളൂരുവില്‍ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. ജഗതിയിലെ വസതിയലും വൈകുന്നേരം ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രിയോടെ കെപിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനുശേഷം ജഗതിയിലെ വീട്ടിലേക്കു കൊണ്ടുപോകും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്കു കൊണ്ടുപോകും. തിരുനക്കരയില്‍ മൈതാനത്ത് പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം പുതുപ്പള്ളിയില്‍ എത്തിക്കും. മറ്റന്നാള്‍ ഉച്ചയ്ക്കു രണ്ടിനാണ് സംസ്‌കാരം.

മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്നു നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും 22 ലേക്കു മാറ്റി. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 22 ന് കോഴിക്കോട് നടത്താനിരുന്ന ജനസദസ് ഉള്‍പ്പെടെയുള്ള കെപിസിസിയുടെയും കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഈ ഒരാഴ്ചക്കാലം എല്ലാ കമ്മിറ്റികളും ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടികള്‍ നടത്തണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍ദ്ദേശിച്ചു.

ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലികളുമായി രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെയും അടക്കമുള്ള എഐസിസി നേതാക്കള്‍. ജനകീയ അടിത്തറയുള്ള നേതാവിനെയാണു നഷ്ടമായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതു ദര്‍ശനത്തിനുവച്ച കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ചു.

ഒരേ കാലഘട്ടത്തില്‍ മുഖ്യമന്ത്രിമാരായി സേവനം ചെയ്തവരാണെന്ന് ഉമ്മന്‍ ചാണ്ടിയെ അനുസമരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. കേരളത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രിയായശേഷവും സൗഹാര്‍ദം തുടര്‍ന്നെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മന്‍ചാണ്ടിയുടെ വിട പറയല്‍ അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടെന്ന് എകെ ആന്റണി. തന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മന്‍ചാണ്ടിയാണെന്നും ആന്റണി പറഞ്ഞു.

കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കയറിപ്പോകാനുള്ള ഏണിപ്പടികളായി ജനത്തെ ഉമ്മന്‍ ചാണ്ടി ഒരിക്കലും കണ്ടില്ല. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മന്‍ചാണ്ടി. സതീശന്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച നേതായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങളുടെ ഇടയിലായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 12 ലേക്കു മാറ്റി. സിബിഐക്കു വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹര്‍ജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാന്‍ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് മാറ്റിയത്.

വാഹന അപകടത്തില്‍ പരിക്കേറ്റ് അര മണിക്കൂര്‍ റോഡില്‍ കിടക്കേണ്ടി വന്ന യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം വീട്ടില്‍ മോഹനദാസന്‍ നായരുടെ മകന്‍ ശ്രീഭാസ്‌കര്‍ (20) ആണ് മരിച്ചത്.

മകന്റെ കോളേജ് ഫീസ് അടക്കാന്‍ പണമില്ലാതെ ക്ലേശിച്ച വീട്ടമ്മ വന്‍തുക നഷ്ടപരിഹാരം കിട്ടുമെന്നു മോഹിച്ചു ബസിനു മുന്നിലേക്കു ചാടി മരിച്ചു. തമിഴ്‌നാട്ടിലെ സേലത്താണ് പാപ്പാത്തി എന്ന 45 കാരിയാണ് മരിച്ചതെന്നു പോലീസ് പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ തകര്‍ക്കാനായിരുന്നെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. പൊതു ബോണ്ടുകളുടെ വില്‍പനയ്ക്കു തൊട്ടുമുമ്പ് പുറത്തിറക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ”നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍” നിറഞ്ഞതായിരുന്നു. തെറ്റായ വിവരങ്ങളും അപകീര്‍ത്തി നിറഞ്ഞതുമാണെന്ന് അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കവേ ഗൗതം അദാനി പറഞ്ഞു.

ട്വിറ്ററില്‍നിന്ന് പരസ്യ വരുമാനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയെന്നു റിപ്പോര്‍ട്ട്. ‘ആഡ് റെവന്യൂ ഷെയറിങ്’ ക്രിയേറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്രോ?ഗ്രാമുകളില്‍ സൈന്‍അപ്പ് ചെയ്ത ക്രിയേറ്റര്‍മാര്‍ക്കാണ് വരുമാനം ലഭിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *