mid day hd 27

 

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരേ നിയമസഭയില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ആരംഭിച്ച നിയമസഭയില്‍ അഞ്ചു മാസമായി ക്ഷേമപെന്‍ഷന്‍ മുടങ്ങിയതു സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ച ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. പെന്‍ഷന്‍ കിട്ടാതെ കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം പി.സി വിഷ്ണുനാഥാണ് ഉന്നയിച്ചത്. പെന്‍ഷന്‍ നല്‍കാനെന്ന പേരില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തി പിരിച്ചെടുത്ത പണം മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും പെന്‍ഷന്‍ മുടങ്ങിയത് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍മൂലമാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം തരാനുള്ള പണം നല്‍കിയാല്‍ എല്ലാ പെന്‍ഷന്‍ പ്രതിസന്ധിയും മാറും. പെന്‍ഷന്‍ 2500 രൂപയാക്കി വര്‍ധിപ്പിക്കാമായിരുന്നു. ആത്മഹത്യ ചെയ്ത ജോസഫ് നവംബറിലും ഡിസംബറിലും ജോസഫ് പെന്‍ഷന്‍ വാങ്ങി. തൊഴിലുറപ്പും പെന്‍ഷനും ചേര്‍ത്ത് ഒരു വര്‍ഷം 52400 രൂപ ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിേേഷധിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു കിട്ടാനില്ലെന്നു പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. അനൂപ് ജേക്കബാണു വിഷയം ഉന്നയിച്ചത്. പണം നല്‍കാത്തതിനാലാണു കരാറുകാര്‍ മരുന്നു തരാത്തതെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോര്‍ട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ചൂണ്ടിക്കാണിച്ചു. ആശുപത്രിയില്‍ മരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.

രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറി. ഇസ്ഡ് പ്ലസ് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി സിആര്‍പിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. കേരള പോലീസിന്റെ സേവനം ആവശ്യമില്ലെന്ന് കത്തില്‍ പറയാത്തതിനാല്‍ പോലീസിന്റെ സേവനവും തുടരും.

കോണ്‍ഗ്രസ് നടത്തിയ ഡിജിപി മാര്‍ച്ചിനിടെ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ പോലീസ് വേദിയില്‍ അടക്കമുള്ളിടത്തു നടത്തിയ അതിക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടി. എംപിമാരായ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കെ. മുരളീധരന്‍ എന്നിവര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച പരാതിയെത്തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക മികവ് വിളംബരം ചെയ്യാന്‍ ‘കേരളീയം’ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിനു കലാകാരന്മാര്‍ പങ്കെടുത്തു. അതു ധൂര്‍ത്തല്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നേട്ടമുണ്ടാക്കുയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുകളുടേയും ആര്‍.സി.ബുക്കുകളുടേയും പ്രിന്റിംഗും വിതരണവും നിലച്ചു. പ്രിന്റ് ചെയ്യുന്ന കരാര്‍ കമ്പനിക്കു പണം നല്‍കാത്തതിനാല്‍ പ്രിന്റിംഗ് നിര്‍ത്തിവച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പാസായാലും വാഹനം രജിസ്റ്റര്‍ ചെയ്താലും മൂന്നു മാസം കഴിഞ്ഞാണ് ലൈസന്‍സും ആര്‍സി ബുക്കും ലഭിച്ചിരുന്നത്. പണം നല്‍കാത്തതുമൂലം തപാല്‍വകുപ്പ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഇത്തരം ഇനങ്ങള്‍ തപാലില്‍ അയക്കാന്‍ സ്വീകരിക്കുന്നതും നിര്‍ത്തിവച്ചു.

ആലത്തൂരില്‍ ബാറില്‍ വെടിവയ്പ്. കാവശ്ശേരിയില്‍ ആറ് മാസം മുമ്പ് ആരംഭിച്ച ബാറില്‍ ഇന്നലെ രാത്രിയാണു സംഭവം. മാനേജര്‍ രഘുനന്ദന് വെടിയേറ്റു. കഞ്ചിക്കോട് സ്വദേശികളായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോശം സര്‍വീസെന്ന പേരില്‍ വഴക്കുണ്ടാക്കിയ സംഘം മദ്യലഹരിയില്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരേ ഭൂമികയ്യേറ്റത്തിന് റവന്യു വകുപ്പ് കേസെടുത്തു. ഹിയറിംഗിനു ഹാജരാകാന്‍ മാത്യുവിനു നോട്ടീസ് നല്‍കി. ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്. ആധാരത്തില്‍ വില കുറച്ചു കാണിച്ച് ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടു വിവാദായത്.

മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് സ്ഥലം വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റര്‍ ഓസ്റ്റിന്‍. ചിന്നക്കനാലിലെ റിസോര്‍ട്ടിനു കെട്ടിട നമ്പര്‍ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം രേഖകളില്‍ കാണിക്കാതിരുന്നതെന്നും പീറ്റര്‍ ഓസ്റ്റിന്‍ വ്യക്തമാക്കി.

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രാനിരക്ക് ഇരട്ടിയോളമാക്കിയതിനെതിരേ മുസ്ലീം ലീഗ് പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ നടപടിയെടുത്തില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. എയര്‍ ഇന്ത്യ സൗദി എയര്‍ലൈന്‍സിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ റീ ടെന്‍ഡര്‍ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു.

കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചു ജില്ലകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബാങ്കിന്റെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഇടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണു പരിശോധന. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതിനു സമാനമായ തട്ടിപ്പാണ് കണ്ണൂര്‍ അര്‍ബന്‍ ബാങ്കിലും നടന്നതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്.

നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥന് എസ്. സന്ദീപും ചോദ്യം ചെയ്യലിന് ഹാജരായില്ല. രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. അവധി വേണമെന്ന് ഇവര്‍ ആലപ്പുഴ പൊലീസിനെ അറിയിച്ചു.

പത്മശ്രീ ലഭിക്കേണ്ട വ്യക്തിയല്ല താനെന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എംഎന്‍ കാരശ്ശേരി. വൈക്കം മുഹമ്മദ് ബീഷിനും എംടിക്കും ലീലാവതിക്കുമൊക്കെ ലഭിച്ച പുരസ്‌കാരമാണ് പത്മശ്രീ. അവരെപ്പോലെ വലിയ സംഭാവനയൊന്നും താന്‍ ചെയ്തിട്ടില്ല. താന്‍ അടക്കമുള്ളവര്‍ക്ക് പത്മശ്രീ നല്‍കേണ്ടതായിരുന്നെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായം കേട്ടപ്പോള്‍ സന്തോഷമുണ്ടെന്നും കാരശ്ശേരി പറഞ്ഞു.

കൊല്ലം സ്വദേശിയില്‍ നിന്ന് കഴിഞ്ഞ മാസം 90 ലക്ഷം തട്ടിയെടുത്തത് ചൈനീസ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘമെന്ന് സൈബര്‍ പൊലീസ്. ഹൈ ടെക് തട്ടിപ്പിനായി മലയാളികള്‍ ജോലി ചെയ്യുന്ന കോള്‍ സെന്ററുകള്‍ പോലും വിദേശത്തുണ്ടെന്നാണ് രഹസ്വാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

പെരിന്തല്‍മണ്ണയില്‍ മ്യൂസിക് ഫെസ്റ്റിനിടെ സംഘര്‍ഷം. എക്സ്‌പോ ഗ്രൗണ്ടില്‍ അമിത തിരക്ക് മൂലം പരിപാടി നിര്‍ത്തിവച്ചതോടെ ഒരു സംഘം ആളുകള്‍ ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകര്‍ത്തു. പണം തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ജനം അക്രമാസക്തരാകുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.

പാലക്കാട് കൂട്ടുപാതയില്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിയെ ഏല്‍പിച്ച് അമ്മ കടന്നുകളഞ്ഞു. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി. ആസാം സ്വദേശികളുടേതാണ് കുഞ്ഞ്. അച്ഛന്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുഞ്ഞിനെ അമ്മ മറ്റൊരാള്‍ക്കു നല്‍കി കടന്നുകളഞ്ഞത്.

വിവാഹമോചന കേസ് നിലവിലുള്ള ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട വലഞ്ചുഴിയില്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *