മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നിയോഗിച്ചു. നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച നടത്തുക.
സംസ്ഥാനത്ത് നാലര ലക്ഷം ഡ്രൈവിംഗ് ലൈസന്‍സും ആര്‍സി ബുക്കും വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഒരു ആര്‍ടി ഓഫീസില്‍നിന്ന് ഒരു ദിവസം ഇരുപതിലേറെ പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലേണേഴ്‌സ് പരീക്ഷയ്ക്കു 30 ചോദ്യങ്ങള്‍ ഉള്‍പെടുത്തുമെന്നും 25 എണ്ണത്തിനു ശരിയുത്തരം നല്‍കുന്നവരെ മാത്രമേ പാസാക്കൂവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 20 ചോദ്യങ്ങളില്‍ 12 ശരിയുത്തരം നല്‍കിയാല്‍ പാസാകും.
റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്. റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചതാണു കാരണം. നൂറുകോടി രൂപ കുടിശികയുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
എക്‌സാലോജിക് സേവനം നല്‍കാതെ നിരവധി കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ചെലവുകള്‍ പെരുപ്പിച്ചു കാണിച്ച് തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേന്ദ്ര അന്വേഷണത്തെക്കുറിച്ച് സിപിഎം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേന്ദ്ര അന്വേഷണത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തുതീര്‍പ്പിനുള്ള കളമൊരുക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. സ്വര്‍ണ്ണകടത്തു കേസ് അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടറിയേറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര ശക്തമാക്കാനാണ് അന്വേഷണമെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
കേന്ദ്ര അന്വേഷണം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം ബിജെപി ബന്ധം ശക്തമാക്കാനുള്ള കുറുക്കുവഴയാണെന്നു സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി എംപി. സമര പോരാട്ടങ്ങളിലൂടെ പാര്‍ട്ടിയെ സജീവമാക്കുന്നതില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ മാതൃകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്ന് ഭക്തരുടെ ശരണംവിളികളോടെ പുറപ്പെട്ടു. പാരമ്പരാഗത പാതയിലൂടെ 15 ന് വൈകുന്നേരം സന്നിധാനത്ത് എത്തും.
ജനുവരി 20 ന് ഡിവൈഎഫ്‌ഐ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരുക്കുന്ന മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകാന്‍ പ്രമുഖരെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍. നടി നിഖിലാ വിമലിനെ വീട്ടിലെത്തി ഡിവൈഎഫ്‌ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജ് മനുഷ്യച്ചങ്ങലയില്‍ കണ്ണിയാകാന്‍ ക്ഷണിച്ചു. റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരേയാണ് മനുഷ്യച്ചങ്ങല ഒരുക്കുന്നത്.
കോഴിക്കോട് ജില്ല ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ടിപി ശ്രീജിത്തിനെ സസ്‌പെന്‍ഡു ചെയ്തു. ഹൈദരാബാദിലെ കറന്‍സി ചെസ്റ്റിലേക്ക് പണംകൊണ്ടു പോകാന്‍ മതിയായ സുരക്ഷ നല്‍കിയില്ലെന്ന് ആരോപിച്ചാണു സസ്‌പെന്‍ഷന്‍. കറന്‍സിയുമായി പോയ വാഹനത്തിന് അകമ്പടി പോകാന്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ല, സര്‍വീസ് പിസ്റ്റള്‍ കൈവശം വച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
രാത്രിയില്‍ യുവതി ഫോണില്‍ വിളിച്ചുവരുത്തിയ യുവാവിനെ ഒമ്പതംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണവും ഫോണും അപഹരിച്ച സംഭവത്തില്‍ രണ്ടു യുവതികളടക്കം ഏഴുപേരെ ചേര്‍ത്തല പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ജലീല്‍(32), ജലാലുദ്ദീന്‍(35), മുഹമ്മദ് റംഷാദ്(25), ഫൈസല്‍(32), അല്‍ത്താഫ്(20), കൊല്ലം കരുനാഗപള്ളി ശിവഭവനം വീട്ടില്‍ കല്ല്യാണി(20), പാലക്കാട് വാണിയംകുളം കുന്നുംപറമ്പ് വീട്ടില്‍ മഞ്ജു(25)എന്നിവരാണ് പിടിയിലായത്.
വടകര കുഞ്ഞിപ്പള്ളിയില്‍ കടമുറിയില്‍ കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്നു സംശയം. മുറിയില്‍നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കൊയിലാണ്ടി സ്വദേശിയുടേതാണ്. ഇയാളെ കുറിച്ച് ഏറെ നാളായി വിവരമൊന്നും ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു.
ദമ്പതികള്‍ തമ്മിലുള്ള വഴക്കു തീര്‍ക്കാനുള്ള മധ്യസ്ഥ ചര്‍ച്ചക്കിടെ മര്‍ദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സലീം മണ്ണേല്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. യുവതിയുടെ ബന്ധുക്കളായ തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലീം(25) അന്തരിച്ചു. കാനഡയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സാന്ദ്ര സലീമിന് കാന്‍സര്‍ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തി ചികില്‍സ നടത്തിവരികയായിരുന്നു.
ക്രിപ്‌റ്റോ കറന്‍സി ഓണ്‍ലൈന്‍ മണി ചെയിന്‍ തട്ടിപ്പിലൂടെ ഒന്നര കോടി രൂപ കൈക്കലാക്കിയെന്ന കേസില്‍ കല്ലേപ്പുള്ളി സ്വദേശി മിഥുന്‍ ദാസിനെ പാലക്കാട് സൗത്ത് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. മെറ്റഫോഴ്‌സ് ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി എന്ന പേരില്‍ പൊതുജനങ്ങളില്‍നിന്നു ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹ. കോഴിക്കോട് കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവിലാണു ഡ്രൈവിംഗ് സീറ്റില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57)ആണ് മരിച്ചത്.
തുണിക്കടയുടെ മുന്നില്‍ ഇരുന്നതിനാണ് കഴിഞ്ഞ ദിവസം എറണാകുളം ഇരുമ്പനത്ത് കടയുടമ അറുപതുകാരനെ വെട്ടിക്കൊന്നതെന്നു പോലീസ്. തുതിയൂര്‍ സ്വദേശിയായ ശശി (60)യാണ് കൊല്ലപ്പെട്ടത്. കടയുടമ ഹരിദാസനെ പൊലീസ് അറസ്റ്റു ചെയ്തു. കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റു പോകാന്‍ ആവശ്യപ്പെട്ടിട്ടും പോകാതിരുന്നതിന്റെ പേരിലുണ്ടായ വഴക്കിനൊടുവിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
വിലക്കയറ്റം നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഡിസംബറില്‍ 5.69 ശതമാനമാണു വിലക്കയറ്റം. ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം നവംബറില്‍ 5.5 ശതമാനമാണ്.
സിപിഎം നേതാവ് പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ പാര്‍ട്ടിയില്‍ പലപ്പോഴും തന്നെ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതല്‍ 1985 വരെയുള്ള അനുഭവക്കുറിപ്പുകള്‍ രേഖപ്പെടുത്തിയ പുസ്തകത്തിലാണ് ബൃന്ദയുടെ പരാമര്‍ശങ്ങള്‍. ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്നാണ് പുസ്തകത്തിന്റെ പേര്.
പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭാ അത്രെ പൂനെയില്‍ അന്തരിച്ചു. 92 വയസായിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോട് മദ്യനയ അഴിമതി കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നാലാം തവണയും നോട്ടീസ് നല്‍കി. 18 നു ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതോ ഫോണിലുണ്ടാകുന്നതോ പോക്‌സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി. അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നതും പ്രചരിപ്പിക്കലും പോക്‌സോ വകുപ്പിനു കീഴിലുള്ള കുറ്റകൃത്യമാകുമെന്നുമാണ് ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ ഉത്തരവ്. രണ്ട് അശ്ലീല വിഡിയോകള്‍ മൊബൈലില്‍ കണ്ടതിന് യുവാവിനെ അറസ്റ്റു ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
മൃതദേഹവുമായുള്ള ആംബുലന്‍സ് കുഴിയില്‍ ചാടിയതോടെ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ എണ്‍പതുകാരന്‍ ചാടിയെണീറ്റു. ഹരിയാനയിലാണ് സംഭവം. ദര്‍ശന്‍ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി ജീവന്‍ തിരിച്ചു നല്‍കിയത്. പട്യാലയിലെ ആശുപത്രിയില്‍ നിന്ന് കര്‍ണലിനടുത്തുള്ള വീട്ടിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു പുനര്‍ജന്മം.