സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പാടിപ്പുകഴ്ത്തി സര്‍ക്കാര്‍ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പു തടയുകയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ തടയുകയാണെന്നുമുള്ള കേന്ദ്രവിമര്‍ശനവും നിയമസഭാ പാസാക്കിയ ബില്ലുകള്‍ നിയമമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നിവയില്‍ വളര്‍ച്ച നേടിയെന്നു പുകഴ്ത്തുന്ന പ്രസംഗമാണ് അവതരിപ്പിച്ചത്. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണമെന്നും പ്രസംഗത്തില്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പു നയപ്രഖ്യാപന പ്രസംഗത്തില്‍ കാണാം. കേന്ദ്ര സര്‍ക്കാരിനെ തലോടുന്ന പ്രസംഗത്തില്‍ വസ്തുതയ്ക്കു നിരക്കാത്ത കാര്യങ്ങളാണ്. സാമ്പത്തിക സ്ഥിതി ഭദ്രമെന്ന അവകാശവാദം ആരേയും ചിരിപ്പിക്കുന്നതാണ്. ശമ്പളം പോലും കൊടുക്കാനാവാത്ത അവസ്ഥയെ മറച്ചുവച്ചിരിക്കുകയാണെന്ന് തുറന്നു പറയേണ്ടതായിരുന്നെന്നും സതീശന്‍.
മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ കമ്പിയില്ലാതെ പണിത കനാലിലൂടെ വെള്ളം തുറന്നുവിട്ടതോടെ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. ഒരു കാര്‍ കടന്നുപോയതിനു തൊട്ടുപിറകേയാണ് കനാല്‍ ഇടിഞ്ഞു വീണത്. പൊട്ടിയ കനാലില്‍നിന്നുള്ള വെള്ളം സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇരച്ചെത്തി. കനാല്‍ഭിത്തി ഉറപ്പോടെ നിര്‍മിക്കാത്തതാണു കാരണമെന്ന് ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതൂര്‍.
ലൈഫ് മിഷനില്‍ ആറു കോടി രൂപയുടെ കോഴ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നു സ്വപ്‌ന സുരേഷ്. കോഴക്കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. മാവരേയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യുന്നുണ്ട്.
സാങ്കേതിക തകരാര്‍മൂലം മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കൊല്ലത്തെ പെരുമാതുറയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ജെസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കുണ്ടറയിലേക്കു വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.
ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചിലയിടങ്ങളില്‍ ബസില്‍ സഞ്ചരിക്കും. സുരക്ഷാ സേനകളുടെ നിര്‍ദ്ദേശപ്രകാരമാണ് യാത്ര ബസിലേക്കു മാറ്റുന്നത്. സുരക്ഷയ്ക്കായി ആളെ കുറയ്ക്കാനും സാധ്യതയുണ്ട്. യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്.
നാവികസേനയ്ക്കു പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി. ഐഎന്‍എസ് വഗീര്‍ മുംബൈയില്‍ കമ്മീഷന്‍ ചെയ്തു. സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ അഞ്ചാമനാണ് വഗീര്‍.
ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്കു പരംവീര്‍ ചക്ര ജേതാക്കളായ ധീരസൈനികരുടെ പേര് നല്‍കി പ്രധാനമന്ത്രി. രാജ്യത്തിന് വലിയ സന്ദേശം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ ഓര്‍മകളുണര്‍ത്തുന്ന പേരുകളായിരുന്നു ദ്വീപുകളുടേത്. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നത് സായുധ സേനയുടെ ധീരതയുടെ സന്ദേശമാണെന്നും മോദി പറഞ്ഞു.
കാലിഫോര്‍ണിയയിലെ മോണ്ടറി പാര്‍ക്കില്‍ ഡാന്‍സ് ക്ലബ്ബിലുണ്ടായ വെടിവയ്പിലെ അക്രമി മരിച്ച നിലയില്‍. മോണ്ടറി പാര്‍ക്കില്‍നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയുള്ള ടോറന്‍സില്‍ നിര്‍ത്തിയിട്ടിരിന്ന ഒരു വെള്ള വാനിലെ ഡ്രൈവര്‍ സീറ്റില്‍ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു.