ഭാരത് ജോഡോ യാത്രക്കിടെ ജലന്ധറില്‍നിന്നുള്ള ലോക്‌സഭാംഗമായ സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണു മരിച്ചു. 75 വയസായിരുന്നു. മുന്‍ മന്ത്രിയാണ്. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് എംപി മരിച്ചത്. യാത്ര താത്കാലികമായി നിറുത്തിവച്ചു.
സംസ്ഥാനത്തെ ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായി പോലീസ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ് സ്ഥാപന മേധാവികള്‍ക്കു നിര്‍ദ്ദേശം നല്‍കി. പ്രാക്ടിക്കലിന്റെ ഭാഗമായി ആയുധം നിര്‍മ്മിക്കുന്നത് അധ്യാപകരുടെ ശ്രദ്ധിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
മകരവിളക്ക് ദര്‍ശനത്തിന് സന്നിധാനവും പരിസരവും അയ്യപ്പഭക്തരെക്കൊണ്ട് നിറഞ്ഞു. പത്തരയോടെ എരുമേലിയിലും ഉച്ചയോടെ പമ്പയിലും തീര്‍ത്ഥാടകരെ തടഞ്ഞു. എരുമേലിയില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ വഴിയില്‍ കത്തിയിരുന്നു പ്രതിഷേധിച്ചു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്ന് മകരവിളക്ക് കാണാന്‍ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്.
തൃക്കാക്കര നഗരസഭയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കം വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി ബി അനിലിന്റെ പരാതി. പൊലീസ് കേസെടുത്തു. നഗരസഭാധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
കാസര്‍ഗോഡും നിക്ഷേപ തട്ടിപ്പ്. നിക്ഷേപങ്ങള്‍ക്കു വന്‍ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിലെ ജിബിജി നിധി ലിമിറ്റഡിനെതിരായാണു പരാതി. ജിബിജി ചെയര്‍മാന്‍ കുണ്ടംകുഴിയിലെ വിനോദ് കുമാര്‍, ആറ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. 20 പേരാണ് ബേഡകം പൊലീസില്‍ പരാതി നല്‍കിയത്.
താന്‍ ധരിക്കുന്നതു മുഖ്യമന്ത്രി കോട്ടല്ലെന്ന് ശശി തരൂര്‍. മുഖ്യമന്ത്രിക്കായി ഒരു കോട്ട് ഉണ്ടോ? താന്‍ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു പരിഹാസത്തോടെ തിരിച്ചടിച്ചുകൊണ്ട് ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ പരിപാടികളിലേക്കു ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാര്‍ തന്നെ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നു. താന്‍ പരിപാടികളില്‍ പങ്കെടുക്കുമെന്നും തരൂര്‍ പറഞ്ഞു.
എന്‍എസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ ഭാവി അവസാനിച്ചെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തറവാടി നായരെന്ന് പരസ്യമായി വിളിക്കാമോയെന്നും നടേശന്‍ ചോദിച്ചു.
നടന്‍ ബാലയുടെ വീട്ടില്‍ ആക്രമണശ്രമം. കാറിലെത്തിയ മൂന്നു പേരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി. അയല്‍ വീടുകളിലും ഇവര്‍ ഭീഷണിപ്പെടുത്തി. അക്രമിസംഘം ലഹരിയിലാണെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.
കോവളം ബീച്ചില്‍ സെയിലിംഗിനിടെ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വിനോദസഞ്ചാരി പാരാസെയിലിംഗ് ബലൂണുമായി കടലില്‍ പതിച്ചു. ബോട്ടിലുണ്ടായിരുന്നവര്‍ ഇയാളെ കരയ്‌ക്കെത്തിച്ചു.
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂളിലെ അധ്യാപകനായിരുന്ന ഫൈസല്‍ 26 വിദ്യാര്‍ത്ഥികളെ പീഡിപിച്ചെന്നു പൊലീസ്. കണ്ണൂര്‍ തളിപറമ്പില്‍ യു പി സ്‌കൂളിലെ 26 പേരും തളിപറമ്പ് പൊലീസിന് മൊഴി നല്‍കി. മലപ്പുറം സ്വദേശിയായ ഫൈസല്‍ റിമാന്റിലാണ്.
മണ്ണാര്‍ക്കാട് ഒന്നാം മൈലില്‍ നിന്നും എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ചങ്ങലീരി മോതിക്കല്‍ സ്വദേശി പാട്ടത്തില്‍ വീട്ടില്‍ സജയനെ(32) ആണ് 11.63 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
മലപ്പുറത്ത് വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പാതായ്ക്കര സ്‌കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്.
ഏപ്രില്‍ മുതല്‍ പെട്രോളില്‍ ചേര്‍ക്കുന്ന എഥനോളിന്റെ അളവ് 20 ശതമാനമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ പ്രകൃതി സൗഹൃദ മോഡലുകള്‍ സജ്ജമാക്കണം. മന്ത്രി പറഞ്ഞു. നോയിഡയില്‍ ഓട്ടോ എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തമിഴ്‌നാട്ടില്‍ വിളവെടുപ്പുല്‍സവമായ പൊങ്കല്‍ നാളെ തുടങ്ങും. കൊവിഡ്മൂലം മൂന്നു വര്‍ഷം മുടങ്ങിയ പൊങ്കല്‍ ആഘോഷത്തിനായി നാടും നഗരവും തെരുവുകളുമെല്ലാം അലംകൃതമായി ഒരുങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യ -ശ്രീലങ്കയെ ക്രിക്കറ്റ്. ഇരു ടീമംഗങ്ങളും ഇന്ന് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്കു നാല് വരെ ശ്രീലങ്കയും വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. നാളെ രാവിലെ 11.30 മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്കു കയറ്റും.