ജനപ്രീണന പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി ജൂലൈ മാസത്തില്‍ സമ്പൂര്‍ണ ബജ്റ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. പത്തു വര്‍ഷം മോദി സര്‍ക്കാര്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിളംബരമാണ് ബജറ്റ് പ്രസംഗത്തില്‍ ഏറേയും കണ്ടത്. നികുതി നിരക്കുകളില്‍ മാറ്റമില്ല. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍: ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി, റെയില്‍വേ നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും, മൂന്ന് റെയില്‍വെ ഇടനാഴിക്കു രൂപം നല്‍കും, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും, ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.
സംസ്ഥാനങ്ങള്‍ക്കു പലിശരഹിത വായ്പ നല്‍കുമെന്നു കേന്ദ്ര ബജറ്റ്. ഇതര നിര്‍ദേശങ്ങള്‍: സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും, ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും, സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും, വടക്കു കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും, വിമാനത്താവള വികസനം തുടരും, വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും, വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപം. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി ദാരിദ്ര്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കിയത് മോദി സര്‍ക്കാരിന്റെ നേട്ടമാണെന്നു കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പറഞ്ഞു.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 14 രൂപ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി വിധിക്കെതിരെ മുസ്ലീം വിഭാഗം അടിയന്തര വാദം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് രജിസ്ട്രി നിര്‍ദേശിച്ചത്. ഇതേസമയം, ഹിന്ദു വിഭാഗം തടസ ഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗം പൂജ ആരംഭിച്ചു. പ്രദേശത്ത് പോലീസും സൈന്യവും സുരക്ഷ വര്‍ധിപ്പിച്ചു.
ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. കെ.യു. ജനീഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കലിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഭാര്യയുടെ പെന്‍ഷന്‍ പണം ഉപയോഗിച്ചാണ് മകള്‍ കമ്പനി തുടങ്ങിയതെന്ന കോമഡി പറച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ത്തണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇനിയെങ്കിലും അന്വേഷണവുമായി മുഖ്യമന്ത്രി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ഭരണപക്ഷം തള്ളി. സിപിഎം ബന്ധമുള്ള പ്രതിയായിരുന്നയാള്‍ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്റേയും പോലീസിന്റേയും വീഴ്ചയാണെന്നു അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു..
സംസ്ഥാന സര്‍ക്കാരിന് 1600 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുമെങ്കിലും വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയുമാണ് പിടിയിലായത്.
വൈത്തിരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയതിനിടെ കീഴുദ്യോഗസ്ഥനെ മര്‍ദ്ദിച്ച സി.ഐക്കു സ്ഥലംമാറ്റം. വൈത്തിരി എസ്.എച്ച്.ഒ ബോബി വര്‍ഗീസിനെയാണ് തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കു മാറ്റിയത്.
അട്ടപ്പാടിയില്‍ ഭാര്യയേയും സുഹൃത്തിനേയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കള്ളമല താഴെ ഊരിലെ മല്ലി, സുഹൃത്ത് സുരേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് നഞ്ചനെ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഡീനുവിന്റെ ഭര്‍ത്താവ് ലൂയിസ് അഞ്ച് മാസം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.
കോഴിക്കോട് പയ്യാനക്കലില്‍ അഞ്ചു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. തെളിവുകളില്ലെന്ന് കോഴിക്കോട് പോക്‌സോ കോടതി വിധിച്ചു.
പുല്‍പ്പള്ളി താന്നിത്തെരുവില്‍ കടുവയിറങ്ങി. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു.
പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ വിലക്ക്. ഫെബ്രുവരി 29 നു ശേഷം അക്കൗണ്ടുകളിലും വാലറ്റുകള്‍, ഫാസ്റ്റാഗുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റു രീതികളിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് റിസര്‍വ് ബാങ്ക് തടഞ്ഞിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് പ്രവര്‍ത്തിക്കുന്നതെന്നു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഴിമതിയില്‍ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനു പിറകേയാണ് രാഹുലിന്റെ വിമര്‍ശനം.