അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജി അടക്കം ആറു പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.
മൊത്തം 13 ഗവര്‍ണര്‍മാര്‍ക്കു മാറ്റം. അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ബഞ്ചിലെ ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായാണു നിയമിച്ചത്. കര്‍ണാടക സ്വദേശിയാണ്. അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയെ കഴിഞ്ഞ വര്‍ഷം രാജ്യസഭാംഗമായി നോമിനേറ്റു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ആര്‍മി കമാന്‍ഡറായിരുന്ന കൈവല്യ ത്രിവിക്രം പര്‍നായിക്കിനെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. മുന്‍ കോയമ്പത്തൂര്‍ എംപി സി.പി രാധാകൃഷ്ണനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി. ശിവപ്രസാദ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗുലാബ് ചന്ദ് കഠാരിയ ആസാമിലും ഗവര്‍ണറാകും. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബെയ്‌സിനെ മഹാരാഷ്ട്രയിലേക്കു മാറ്റി. ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്ന ബിസ്വ ഭൂഷണ്‍ ഹരിചന്ദനെ ചത്തീസ്ഗഡിലേക്കും ചത്തീസ്ഗഡ് ഗവര്‍ണര്‍ അനുസ്യൂയ ഉയ്കിയെ മണിപ്പൂരിലേക്കും മാറ്റി. മണിപ്പൂര്‍ ഗവര്‍ണര്‍ ലാ ഗണേശനെ നാ?ഗലാന്ഡിലേക്കും ബിഹാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ മേഘാലയിലേക്കും ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാദ് അര്‍ലേക്കറിനെ ബിഹാറിലേക്കും അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബി ഡി മിശ്രയെ ലഡാക്കിന്റെ ലഫ്റ്റ്. ഗവര്‍ണാറിയും മാറ്റി. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുടെ യും. ലഡാഖ് ലഫ് ഗവര്‍ണര്‍ രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു.
ശാസ്ത്രത്തെ കേട്ടുകേള്‍വിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി കെട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിക്കാനം എംബിസി എന്ജിനീയറിംഗ് കോളജില്‍ കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ സ്വാതന്ത്രമാക്കാനുള്ള ഉപാധിയായി ശാസ്ത്രത്തെ കാണണം. വിദ്യാലയങ്ങളെക്കാള്‍ കൂടുതല്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാനാണു പണം മുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് അങ്ങനെ പറയുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഏടാട്ട് ചീരാക്കല്‍ പുത്തൂര്‍ ഹൗസില്‍ മനോജ് (46) ആണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ളയാളാണ്.
ബിജെപിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേരള ഘടകത്തിന് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. യെച്ചൂരി കേരളത്തിലെ നേതാക്കള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്തതിനു ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച ബിഹാര്‍ സ്വദേശിനി പൂനം ചാടിപ്പോയെങ്കിലും മണിക്കൂറുകള്‍ക്കകം പിടികൂടി.
മലപ്പുറം വേങ്ങര ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. അര്‍ധരാത്രി കഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് പൂനം ജയില്‍ചാടിയത്. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയാണ് രക്ഷപ്പെട്ടത്.
വിദേശരാജ്യങ്ങളിലേക്കു പോകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാര്‍ പിടിയില്‍. കരിയിലകുളങ്ങര രാമപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്വാന്‍ എച്ച്. ആര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഉടമ ആലപ്പുഴ കടപ്പുറം പാര്‍വതി സദനത്തില്‍ രഞ്ജിത്ത് (38 ) സഹായിയും ഡ്രൈവറുമായ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസില്‍ ശ്രീ രഞ്ജിത്ത്(38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ചാലക്കുടി പുഴയില്‍ വല ശരീരത്തില്‍ കുടുങ്ങിയ നിലയില്‍ ചീങ്കണ്ണിയെ കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ ഷെഡ്ഡിനടുത്താണ് ചീങ്കണ്ണിയെ കണ്ടത്.
കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്കു ക്വാറി ഉടമ സൗജന്യ യാത്ര നല്‍കിയതല്ലെന്ന് ട്രാവല്‍സ് മാനേജര്‍. യാത്രയുടെ പണം വാങ്ങിയാണ് ക്വാറി ഉടമയുടെ ബസ് പോയതെന്ന് മാനേജര്‍ ശ്യം പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആത്മഹത്യ ചെയ്ത ആദിവാസി യുവാവിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം നടന്നിട്ടില്ലെന്ന് പൊലീസ്. മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ കയറ് കുരുങ്ങിയ പാടുകളാണ് കണ്ടത്.
ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവില്‍ വിദ്യാര്ഥികള്‍ക്കു എംഡിഎംഎ വില്‍ക്കാന്‍ കൊണ്ടുവന്നെന്ന് ആരാേപിച്ച് മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടില്‍ മുഹമ്മദ് ഷഫീറിനെ (27) അറസ്റ്റു ചെയ്തു.
തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. നിലമ്പൂര്‍-കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. യാത്രക്കാര്‍ ഇറങ്ങി. നാട്ടുകാര്‍ തീയണച്ചു. ഫയര്‍ഫോഴ്‌സും എത്തി.
കോഴിക്കോട് കൊളത്തറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ആനന്ദകുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന കാറും ഇരുചക്രവാഹനവുമാണ് നശിപ്പിച്ചത്.
ചിത്രകൂടം ജയിലിലുള്ള എംഎല്‍എയ്ക്ക് ഇടക്കിടെ പത്‌നീ സമാഗമത്തിന് സൂപ്രണ്ടിന്റെ മുറി ഒഴിഞ്ഞുകൊടുത്ത ജയില്‍ സൂപ്രണ്ടിനും ഒത്താശ ചെയ്ത ഏഴ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ എംഎല്‍എ അബ്ബാസ് അന്‍സാരിയെ അനുമതിയില്ലാതെ നിരന്തരം സന്ദര്‍ശിച്ച ഭാര്യ നിഖത് ബാനോ, എംഎല്‍എ, ഭാര്യയുടെ ഡ്രൈവര്‍ എന്നിവരെ അറസ്റ്റു ചെയ്തു.
പ്രശസ്ത ആഫ്രിക്കന്‍ റാപ്പര്‍ കീര്‍നന്‍ ഫോര്‍ബ്‌സ് എന്ന എകെഎ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഇദ്ദേഹം തെക്കുകിഴക്കന്‍ ദക്ഷിണാഫ്രിക്കന്‍ പട്ടണമായ ഡര്‍ബനിലാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഷെഫും സംരംഭകനുമായ ടെബെല്ലോ ‘ടിബ്‌സ്’ മൊട്‌സാനെയും കൊല്ലപ്പെട്ടു. ഹോട്ടലില്‍നിന്നു കാറിലേക്കു നടക്കുന്നതിനിടെയാണു വെടിയേറ്റത്.