അഞ്ചു വര്‍ഷത്തിലേറെയായി 7,100 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം പരിശോധിച്ചു കുടിശിക പിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. കുടിശിക പിരിക്കാന്‍ നിയമഭേദഗതി വേണം. സംസ്ഥാനത്തെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യമനുസരിച്ചാണ് സെസ് ചുമത്തിയത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വന്‍കിട തോട്ടമുടമകള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവ് പ്രാബല്യത്തിലായി. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. തോട്ടം മേഖലയില്‍ പ്രതിസന്ധിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും ഉപേക്ഷിച്ചത്.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവച്ചു. അഖിലേന്ത്യാ ബാര്‍ പരീക്ഷ നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ട്. യോഗ്യത പരീക്ഷ എന്റോള്‍മെന്റിനു മുമ്പ് നടത്തണോ പിന്നീടു മതിയോയെന്നു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ വേണമെന്ന് ഹൈക്കോടതി. സീബ്രാലൈനില്‍ കാല്‍നടയാത്രക്കാരെ വാഹനമിടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പോലീസ് ജീപ്പിടിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ച സംഭവത്തില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48.32 ലക്ഷം രൂപ വിധിച്ചതിനെതിരായ അപ്പീല്‍ തള്ളിയാണ് ഉത്തരവ്.
സംസ്ഥാന ബജറ്റിലെ അധിക നികുതി ജനങ്ങള്‍ അടയ്ക്കരുതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കരുതെന്ന് പിണറായി വിലക്കിയിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോണ്‍ഗ്രസും ജനങ്ങളോട് ആവശ്യപ്പെടുന്നു. നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെയാണ് പരിഹസിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ച ശീലമാണു പിണറായിക്കുള്ളതെന്നും സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണ് ജനങ്ങളുടെ മേല്‍ അധികനികുതി അടിച്ചേല്‍പ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ന്യുമോണിയ പൂര്‍ണമായും മാറിയെന്ന് ഡോക്ടര്‍മാര്‍. പനിയും ശ്വാസതടസവും ഇല്ല. ഡോക്ടര്‍മാരോടും വീട്ടുകാരോടും സംസാരിച്ചു. തുടര്‍ ചികില്‍സക്കായി അദ്ദേഹത്തെ ബംഗളൂരുവിലേക്കു കൊണ്ടുപോകാമെന്നും നിംസ് ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞു.
കൂലിത്തര്‍ക്കംമൂലം കൊച്ചി ഏലൂരിലെ വിആര്‍എല്‍ ലോജിസ്റ്റിക്‌സ് പ്രധാന വെയര്‍ഹൗസ് അടച്ചുപൂട്ടുന്നു. വാടകയ്‌ക്കെടുത്തിരുന്ന ഗോഡൗണ്‍ കെട്ടിടം ഈ മാസത്തോടെ ഒഴിയും. യൂണിയനുകള്‍ ആവശ്യപ്പെടുന്ന ഭീമമായ കൂലി നിരക്ക് നല്‍കാനാവില്ലെന്ന് വിആര്‍എല്‍.
രാത്രിയില്‍ കോളജിലേക്കു യഥേഷ്ടം പ്രവേശിക്കാന്‍ തടസമായിരുന്ന ഗേറ്റ് അപഹരിച്ച വിദ്യാര്‍ഥി സംഘത്തിലെ ഒരാള്‍ പിടിയില്‍. പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജിലെ ഗേറ്റാണ് അപഹരിച്ചത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി രാഗിനാണ് പിടിയിലായത്. മൂന്നു പേര്‍ ഒളിവിലാണ്. പിന്നീട് ഈ ഗേറ്റ് മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍നിന്ന് കണ്ടെത്തി.
ഹൃദ്‌രോഗ ചികിത്സ കഴിഞ്ഞെത്തിയ ദമ്പതികളെ ഇറങ്ങേണ്ട സ്റ്റോപ്പില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ ഇറക്കിവിട്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ താമരശേരി പൊലീസ് അന്വേഷണം തുടങ്ങി. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശികളായ ലത്തീഫും ഭാര്യ ലൈലയുമാണ് പരാതിക്കാര്‍.
കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി.പി കുഞ്ഞ് അന്തരിച്ചു. 1987 മുതല്‍ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് മകനാണ്.
കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയുമായ ടി. ജോണ്‍ അന്തരിച്ചു. 92 വയസായിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു സംസ്‌കാരം നാളെ ബെംഗളുരു ക്വീന്‍സ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രലില്‍.
കൊച്ചിയില്‍ മരണപ്പാച്ചില്‍ നടത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സിഗ്‌നലില്‍ നിന്ന് അമിത വേഗതയില്‍ മുന്നോട്ടെടുത്ത ബസിടിച്ച് വൈപ്പിന്‍ സ്വദേശി ആന്റണിയാണു മരിച്ചത്. ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂര്‍ ഐവര്‍കുളത്ത് പതിമൂന്ന് വയസുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. സ്വപ്നക്കൂട് പ്രവീണിന്റെ മകള്‍ റിയ പ്രവീണ്‍ ആണ് മരിച്ചത്. പെരളശ്ശേരി എകെജി ഹയര്‍ സെക്കന്ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
തിരുവനന്തപുരം വിതുരയില്‍ 74 കാരിയെ മദ്യലഹരിയില്‍ പീഡിപ്പിച്ച 57 കാരനായ അയല്‍വാസിയെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കല്ലാര്‍ സ്വദേശി ഉണ്ണിയാണ് അറസ്റ്റിലായത്.
പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശ്രമം നടത്തിപ്പുകാരനായ സ്വാമി പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം അട്ടക്കുളങ്ങര ജംഗ്ഷനില്‍ ഗുണ്ടാസംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലി എന്ന യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യത്ത് കഴിഞ്ഞ 12 വര്‍ഷത്തിനിടെ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്കു കുടിയേറിയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.
ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്‌പേസ് സ്റ്റാര്‍ട്ടപ്പായ സ്‌പേസ് കിഡ്‌സ് നിര്‍മിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചത്.
ചൈന ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ ഇനി നിര്‍ബന്ധമല്ല. അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇനി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തി നെഗറ്റീവാണെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ വിമാനത്താവളങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരുടെ പരിശോധന തുടരും.
മധ്യപ്രദേശില്‍ ബിജെപി മന്ത്രിക്കു സ്വന്തം നിയമസഭാ മണ്ഡലത്തില്‍ ചൊറിപ്പൊടി ആക്രമണം. ബിജെപിയുടെ വികാസ് രഥയാത്രക്കിടെ പൊതുജനാരോഗ്യ- എന്‍ജിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിനു നേരെയാണ് നായക്കൊര്‍ണപ്പൊടി എറിഞ്ഞത്. മന്ത്രിയുടെ മണ്ഡലമായ മുംഗവോലിയിലെ ദേവ്രാച്ചി ഗ്രാമത്തിലൂടെ യാത്ര നടക്കുമ്പോഴാണ് സംഭവം.
ചൊറിച്ചില്‍ സഹിക്കാനാകാതെ മന്ത്രി കുര്‍ത്ത ഊരിമാറ്റി കുപ്പിവെള്ളത്തില്‍ കഴുകിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകുമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേബ്. കേരളത്തില്‍ പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത് സിപിഎമ്മിന്റെ ശക്തിയായി കാണാനാകില്ല. കമ്യൂണിസ്റ്റുകാര്‍ വികസന വിരുദ്ധരാണ്. പാവപ്പെട്ടവരുണ്ടെങ്കിലേ കമ്യൂണിസ്റ്റുകാര്‍ക്കു സമരം ചെയ്യാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി അടക്കം ഉഭയകക്ഷി- പ്രാദേശിക വിഷയങ്ങളില്‍ ഇരു രാജ്യവും സഹകരണം ഉറപ്പാക്കാനാണു തീരുമാനം. റഷ്യ- യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.