കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ രണ്ടാം പതിപ്പ് ‘ഭാരത് ന്യായ് യാത്ര’ ജനുവരി 14 ന് ആരംഭിക്കും. മണിപ്പൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാര്‍ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാണു യാത്ര. ചില സ്ഥലങ്ങളില്‍ കാല്‍നടയായും സഞ്ചരിക്കും. 85 ജില്ലകളിലൂടെ 6200 കിലോമീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ന് സമാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കളെ യാത്രയില്‍ പങ്കെടുപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് കണ്ണൂരില്‍ പോലീസിനു മുന്നില്‍ ഹാജരായി. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നല്‍കിയ കേസിലാണ് ഹാജരായത്.
കൊച്ചിയിലെ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധിയില്‍ വാദം ഉച്ചകഴിഞ്ഞു നടക്കും. കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. 2021 മാര്‍ച്ച് 21 നാണ് പത്തുവയസുളള പെണ്‍കുട്ടിയെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയശേഷം അച്ഛന്‍ പുഴയിലെറിഞ്ഞു കൊന്നത്.
പാലക്കാട് നടുപ്പുണിയില്‍ അതിഥി തൊഴിലാളിയുടെ മൂന്നു വയസുള്ള കുഞ്ഞിനുനേരെ ലൈംഗികാതിക്രമം. വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അതിക്രമം. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
തിരുവനന്തപുരം തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് 23 കാരി ഷഹന ആത്മഹത്യ ചെയ്തത് പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടു പോയതിനു പിറകേയാണെന്നു പോലീസ്. വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍ വീട് ഷഹ്ന മന്‍സിലില്‍ ഷാജഹാന്റെയും സുല്‍ഫത്തിന്റെയും മകള്‍ ഷഹ്ന ഭര്‍തൃവീട്ടില്‍നിന്ന് പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു.
അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ. അനിലിനെയാണ് അറസ്റ്റു ചെയ്തത്. സ്വന്തമായി കാര്‍ ഉണ്ടായിട്ടും ബിപിഎല്‍ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിച്ചതിനു മൂന്നു ലക്ഷം രൂപ പിഴ ചുമത്തുന്നത് ഒഴിവാക്കാനാണു കൈക്കൂലി വാങ്ങിയത്. കൈക്കൂലിയായി ആവശ്യപ്പെട്ട 25,000 രൂപയില്‍ ആദ്യ ഗഡു നല്‍കുന്നതിനിടെയാണു പിടിയിലായത്.
തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ക്രിസ്മസ് ആഘോഷത്തിനെന്ന പേരില്‍ റോഡിലിറങ്ങി ഗൂണ്ടാപിരിവു നടത്തുകയും പണം നല്‍കാതിരുന്ന യുവാവിനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മാന്നാര്‍ കുരട്ടിശേരി സ്വദേശികളായ പാലപ്പറമ്പില്‍ അര്‍ജുന്‍ (19), ചോറ്റാളപറമ്പില്‍ വിജയകിരണ്‍ (ശരവണന്‍ 19), വള്ളിവേലില്‍ അശ്വിന്‍ (18) എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താമരക്കുളം മഴുപാവിളയില്‍ റെജി (33)യെ ആണ് മര്‍ദിച്ചത്.
മലപ്പുറം താനൂരില്‍ കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീന്‍ എന്നിവരാണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമങ്ങളില്‍ ‘പ്രാങ്കി’നു വേണ്ടി ചെയ്തതെന്നാണ് കസ്റ്റഡിയിലായ പ്രതികള്‍ സുള്‍ഫിക്കറും യാസീനും പൊലീസിനോട് പറഞ്ഞത്.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗത്തിലൂടെ പറഞ്ഞു. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും തിരുത്തിയില്ലെങ്കില്‍ 2024 ലും ബിജെപി അധികാരത്തിലെത്തുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ പിതൃസഹോദരനും നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ്പ്രസിഡന്റും മുസ്ലിയാം വീട്ടില്‍ ഡോ. എം.കെ ഹംസ സാഹിബ് (78) നിര്യാതനായി. 78 വയസായിരുന്നു.
ജല്‍ ജീവന്‍ മിഷനില്‍ പൈപ്പിടാന്‍ കണ്ണൂര്‍ കേളകത്ത് ആദിവാസി കോളനിയിലെ കുഴിമാടങ്ങള്‍ പളിച്ചുമാറ്റി. വാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങള്‍ മാന്തി ജല അതോറിറ്റി കരാറുകാര്‍ പൈപ്പിട്ടത്.
കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ പള്ളിയില്‍ വിശ്വാസികള്‍ ഏറ്റുമുട്ടി. സിനഡ് കുര്‍ബാന നടത്താന്‍ ശ്രമിച്ച് വൈദികനെ ഒരു കൂട്ടം വിശ്വാസികള്‍ എതിര്‍ത്തതോടെ മറുഭാഗവും രംഗത്തെത്തി. ഇതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു.
10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് അഞ്ചുവര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ മനക്കൊടി പാടംവീട്ടില്‍ സന്ദീപ് എന്ന കണ്ണന്‍ (36) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ശിക്ഷിക്കപ്പെട്ടത്.
ഏഴുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 43 വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന വാടാനപ്പള്ളി ഇത്തിക്കാട്ട് വിനോദ് എന്ന ഉണ്ണിമോനെയാ (50 ) ണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.
പാറശ്ശാല പരശുവയ്ക്കല്‍ കുണ്ടുവിളയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന സംഘട്ടനത്തില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരെ പാറശ്ശാല പൊലീസ് അറസ്റ്റു ചെയ്തു. പരശുവയ്ക്കല്‍ തെക്കേ ആലംമ്പാറ കൊല്ലിയോട് വീട്ടില്‍ രാജേഷ് (39), മരംചുറ്റു കോളനിയില്‍ അക്ഷയ് (21), പഏറാത്ത് വീട്ടില്‍ സ്വരൂപ് (23) എന്നിവരാണു പിടിയിലായത്.
നടന്‍ രജനികാന്തിന്റെ ഭാര്യ ലത രജനീകാന്ത് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ ഹാജറായി ജാമ്യം എടുത്തു. 6.2 കോടി രൂപ വഞ്ചിച്ചെന്ന് ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയ കേസിലാണ് ലത ഹാജരായത്. രജനികാന്ത് നായകനായ ‘കൊച്ചടിയാന്‍’ നിര്‍മ്മിച്ച മീഡിയ വണ്‍ എന്റര്‍ടെയ്ന്‍മെന്റിലെ മുരളിക്ക് നല്‍കിയ വായ്പയ്ക്കു ഗ്യാരണ്ടിയായി ഒപ്പുവച്ചത് ലത രജനികാന്ത് ആയിരുന്നു.