ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരേ സംസ്ഥാന വ്യാപകമായി എന്‍എസ്എസിന്റെ പ്രതിഷേധ സമരം. തിരുവനന്തപുരത്തു നാമജപ യാത്ര. ശാസ്ത്രമല്ല, വിശ്വാസമാണു വലുതെന്നും വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നില്‍ക്കുമെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികില്‍സയ്ക്കായി രണ്ടു മാസത്തേക്കാണു ജാമ്യം. ആരോഗ്യ പ്രശ്ങ്ങളുടെ പേരില്‍ ജാമ്യം അനുവദിക്കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം കോടതി തള്ളി.
ശക്തമായ പ്രതിഷേധത്തിനിടെ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പു കൈയടക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്‍ അവതരിപ്പിച്ചത്. ഡല്‍ഹി സംസ്ഥാന സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥാനക്കയറ്റം നല്‍കാനും അച്ചടക്ക നടപടിയെടുക്കാനുമുള്ള അധികാരം ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് ബില്‍ അവതരിപ്പിച്ചത്.
പുരാവസ്തു തട്ടിപ്പു കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റി ഭാരവാഹി എബിന്‍ എബ്രഹാമിനെ പ്രതിയാക്കി. ഇയാളെ ഓഗസ്റ്റ് എട്ടിന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. ഇതേസമയം, ഇയാളുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തുവടങ്ങിയ രണ്ടു പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നു പരിശോധിക്കും.
തമിഴ്‌നാട്ടിലേക്ക് 1051 കിലോ ചനന്ദനത്തടി കടത്തിയ സംഘത്തെ കോയമ്പത്തൂര്‍ പൊലീസ് പിടികൂടി. മലപ്പുറം ജില്ലയില്‍നിന്നു തമിഴ്നാട്ടിലേക്ക് ചന്ദനത്തടികള്‍ കടത്തിയത് സേലത്തിനടുത്ത് ആറ്റൂരിലാണ് പിടികൂടിയത്. പത്തനംതിട്ട സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ മനോജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പേരില്‍ ശത്രുസംഹാര പൂജ. കൊല്ലം ഇടമുളക്കല്‍ മണികണ്‌ഠേശവ മഹാദേവ ക്ഷേത്രത്തിലാണ് അസുരമംഗലം കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചല്‍ ജോബ് സ്പീക്കര്‍ക്കുവേണ്ടി ശത്രുസംഹാര അര്‍ച്ചന നടത്തിയത്.
എ.എന്‍. ഷംസീറിന്റെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമെന്ന് സിപിഎം. സംഘപരിവാറിന്റെ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണെന്നാണ് സംശയം. എന്‍എസ്എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂര്‍വ്വ ശ്രമമെന്നും സിപിഎം.
സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയത് പരസ്യമായ ഇതര മത നിന്ദയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതു ദുരൂഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍ പറഞ്ഞു. സ്പീക്കര്‍ നിലപാട് തിരുത്തണം. ശാസ്ത്രത്തേയും വിശ്വാസത്തേയും കൂട്ടിക്കുഴയ്ക്കരുതെന്നും സതീശന്‍.
രജിസ്റ്റര്‍ ചെയ്യാത്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളില്‍ രജിസ്റ്റേഡ് ഏജന്റുമാര്‍ ഇടപെടരുതെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍. പ്ലോട്ടുകള്‍ തിരിച്ചു വില്‍ക്കുന്നത് ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാത്ത പ്രൊജക്റ്റുകളില്‍ ഇടപെടുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് കുടുക്കാന്‍ ശ്രമിച്ച അഫ്‌സാനക്കെതിരെ ഭര്‍ത്താവ് നൗഷാദ് പൊലീസില്‍ പരാതി നല്‍കി. ഒന്നര വര്‍ഷം മുമ്പ് തന്നെ മര്‍ദ്ദിച്ചതില്‍ നടപടി ആവശ്യപ്പെട്ടാണ് അഫ്‌സാനയ്‌ക്കെതിരെ അടൂര്‍ പൊലീസില്‍ നൗഷാദ് പരാതി നല്‍കിയത്. അഫ്‌സാനയെ മര്‍ദിച്ചു കള്ളക്കേസെടുത്തെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് നൗഷാദിന്റെ പരാതി.
തിരുവനന്തപുരം വള്ളക്കടവില്‍ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. അന്വേഷ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍ വച്ച് കാറിലെത്തിയ നാലംഗ സംഘമാണ് കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുതറി മാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്‍കിയ മയക്കിയശേഷം പീഡിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. വള്ളിക്കാവ് അമൃതപുരിയില്‍ എത്തിയ 44 വയസുള്ള അമേരിക്കകാരിയാണ് പീഡനത്തിന് ഇരയായത്. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്.
മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ ബൈക്കോടിച്ച ആന്‍സണ്‍ റോയിയെ അറസ്റ്റു ചെയ്തു. പരിക്കേറ്റ് ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ആര്‍. നമിത (20) യാണു മരിച്ചത്.
ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസിലായിരുന്നു സംഭവം.
എന്‍ഡിഎ യുമായോ ‘ഇന്ത്യ’യുമായോ സഖ്യത്തിനില്ലെന്ന് ബിആര്‍എസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവു. സ്വതന്ത്രമായി നില്‍ക്കാന്‍ ബിആര്‍എസിനാകും. രാജ്യത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ സമാന മനസ്‌കരായ രാഷ്ട്രീയസുഹൃത്തുക്കളുണ്ടെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
മൈസൂരു എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും നിരോധനം. റോഡില്‍ പ്രവേശിച്ചാല്‍ 500 രൂപ പിഴ ചുമത്താനാണു തീരുമാനം. ഇതിനെതിരേ കര്‍ണാടകത്തില്‍ അമര്‍ഷം. അതിവേഗ ദേശീയപാതയിലെ അപകടങ്ങള്‍ വര്‍ധിച്ചതിനാലാണ് ചെറു വാഹനങ്ങളെ വിലക്കിയത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നാലു കേസുകൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപ് വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഡിസിയിലെ കോടതിയില്‍ ഹാജരാകണം.