മണിപ്പൂരില്‍ സമാധാനം വേണമെന്നും രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവര്‍ത്തനങ്ങളാണ്. പെണ്മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേര് കൊല്ലപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അധ്വാനിക്കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. കലാപം ആരംഭിച്ച് മൂന്നര മാസമായിട്ടും പാര്‍ലമെന്റില്‍പോലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചതു വിവാദമായിരുന്നു.
റിഫോം, പെര്‍ഫോം, ട്രാന്‍സ്ഫോം ആണ് സര്‍ക്കാരിന്റെ മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യ ലോകത്തിനു പ്രതീക്ഷയാണ്. ജനാധിപത്യവും ജനസംഖ്യയും വൈവിധ്യവുമാണ് ഇന്ത്യയുടെ ശക്തി. യുവാക്കള്‍ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കും. വികസനത്തിനു വനിതകളുടെ നേതൃത്വം ഉണ്ടാകണം. അഴിമതി മുക്ത, പ്രീണനമുക്ത രാജ്യമുണ്ടാക്കാനും കുടുംബാധിപത്യം അവസാനിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണ്. അടുത്ത ഓഗസ്റ്റ് 15 ന് വികസന നേട്ടം പങ്കുവയ്ക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി പറഞ്ഞു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച മോദി ചെങ്കോട്ടയില്‍ ഭരണനേട്ടങ്ങളാണു വിവരിച്ചത്.
രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും റാലി നടത്തിയുമെല്ലാം നാടും നഗരവുംതോറും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനികളെയും പോരാട്ടങ്ങളെയും മുഖ്യമന്ത്രി അനുസ്മരിച്ചു.
വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധിക വൈദ്യുതി കൂടുതല്‍ പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നു മന്ത്രി കൃഷ്ണന്‍കുട്ടി വിശദീകരിച്ചു. നാളത്തെ യോഗത്തിനുശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് 25,000 കടന്നു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി പോര്‍ട്ടലിലാണ് രജിസ്ട്രേഷന് പുരോഗമിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്നു നാലിനു ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുമെന്ന് ഒരു വിഭാഗം വിശ്വാസികള്‍. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ഏകീകൃത കുര്‍ബാനയ്ക്കെതിരായ പ്രമേയം അവതരിപ്പിക്കും. ഇന്നലെ വൈകുന്നേരം മാര്‍പാപ്പയുടെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ എത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ച വിശ്വാസികളെ പോലീസ് ബലംപ്രയോഗിച്ചു നീക്കിയിരുന്നു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെന്‍ട്രല്‍ പോലീസ് ആണ് കേസെടുത്തത്.
എഐ കാമറകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ വിവേക് ഭീമാന്‍വര്‍ തിരുവനന്തപുരത്ത് എത്തി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തി. കേരള മാതൃകയില്‍ മഹാരാഷ്ട്രയില്‍ എ ഐ കാമറകള്‍ സ്ഥാപിക്കുന്നതിനാണു ചര്‍ച്ചയെന്ന് മന്ത്രി പറഞ്ഞു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ച യുവതിയുടെ മൃതദേഹം കൊണ്ടു പോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ് ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച രണ്ടു പേര് പിടിയില്‍. പുനലൂരിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ ലിബിനും ഷെമീറുമാണ് പിടിയിലായത്. പുറത്തുനിന്ന് ആംബുലന്‍സ് വിളിച്ചതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ്.
തിരുവനന്തപുരം കഠിനംകുളത്ത് കുടുംബ വഴക്കിനിടെ മത്സ്യത്തൊഴിലാളിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മത്സ്യത്തൊഴിലാളിയായ കഠിനംകുളം ശാന്തിപുരം റീനു ഹൗസില്‍ റിച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. റിച്ചാര്‍ഡിന്റെ ഭാര്യാസഹോദരിയുടെ മകന് സനില്‍ ലോറന്‍സിനെയാണ് പൊലീസ് പിടികൂടിയത്.
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരണം 51 ആയി. 14 പേര് ഷിംലയിലെ മണ്ണിടിച്ചിലിലാണ് മരിച്ചത്. സമ്മര്‍ഹില്‍സിലെ ശിവക്ഷേത്രം തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു അറിയിച്ചു.
അടുത്ത സ്വാതന്ത്ര്യദിനത്തിലും ചെങ്കോട്ടയില്‍ താന്‍ പതാക ഉയര്‍ത്താന്‍ എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. ചെങ്കോട്ടയിലല്ല, വീട്ടിലാകും മോദി പതാക ഉയര്‍ത്തുക. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തുടര്‍ഭരണം കിട്ടില്ലെന്നും ഖര്‍ഗെ പറഞ്ഞു.
വിലക്കയറ്റംമൂലം പൊറുതിമുട്ടിയെന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു വൈറലായ ഡല്‍ഹിയിലെ പച്ചക്കറി കച്ചവടക്കാരന് രാമേശ്വറിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിരുന്ന്. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഉച്ചഭക്ഷണം വിളമ്പിയത്. ഒന്നിച്ചു ഫോട്ടോയെടുക്കുകയും ചെയ്തു.
മദ്യവ്യാപാരത്തില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍നിന്നു പണം തട്ടിയ മലയാളി യുവാവിനെയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും പങ്കാളികളുമായ തൃശൂര്‍ അത്താണി സ്വദേശിയുമായ സുബീഷ് പി. വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശില്പ ബാബു (27) എന്നിരാണ് പിടിയിലായത്. ഹൈദരാബാദിലെ വ്യാപാരിയില്‍നിന്ന് 65 ലക്ഷം രൂപയാണ് സുബീഷും ശില്പയും തട്ടിയെടുത്തത്.