സ്വവര്‍ഗ വിവാഹങ്ങള്‍ക്കു നിയമസാധുത സംബന്ധിച്ച സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി. പത്തു ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണു നിര്‍ദേശം. ഹര്‍ജികള്‍ക്കെതിരേ കക്ഷി ചേരാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്നു കേന്ദ്രം പുതിയ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.
അരിക്കൊമ്പനെ എങ്ങോട്ടു മാറ്റണമെന്നു സര്‍ക്കാരിനു തീരുമാനിക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഉടനേ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കണം. കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതിയെ സീല്‍ ചെയ്ത കവറില്‍ അറിയിക്കണം. സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാല്‍ ഹൈക്കോടതി തീരുമാനത്തിനു കാക്കാതെ നടപടിയുമായി മുന്നോട്ടു പോകാമെന്നും കോടതി.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും കെ ബാബു എംഎല്‍എ. സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനമാണ്. കോടതിയില്‍നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നാണു പ്രതീക്ഷയെന്നും എംഎല്‍എ പറഞ്ഞു.
ബ്രഹ്‌മപുരത്ത് ഗുരുതര സുരക്ഷാ വീഴ്ച വരുത്തിയതിനു കൊച്ചി കോര്‍പ്പറേഷനെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെുക്കണമെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി. 2019 ലും, 2020 ലും ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ലെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യ. ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി.
ശബരിമല തിരുവാഭരണ കേസ് വീണ്ടും സുപ്രീം കോടതിയില്‍. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നു. പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നാളെ നിലവില്‍ വരും. സീരിയല്‍ നമ്പര്‍, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ഝഞ കോഡ് എന്നിങ്ങനെ ഏഴു സുരക്ഷാ ഫീച്ചറുകള്‍ ഡ്രൈവിംഗ് ലൈസന്‍സിലുണ്ടാകും.
ഏതു മതത്തില്‍പ്പെട്ട പെണ്‍മക്കള്‍ക്കും പിതാവില്‍നിന്നു വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ക്രിസ്ത്യന്‍ മതത്തിലെ വിവാഹ മോചിതരായ മാതാപിതാക്കളുടെ രണ്ടു പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അമ്മയോടൊപ്പം താമസിക്കുന്ന മക്കള്‍ക്കു കുടുംബ കോടതി വിധിച്ച ഏഴര ലക്ഷം രൂപ വളരെ കുറവാണെന്നും 45 ലക്ഷം രൂപ ആവശ്യപ്പെട്ടുമാണു െൈഹെക്കോടതിയെ സമീപിച്ചത്.
ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍നിന്നു രാജിവച്ചു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല യുഡിഎഫില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂരില്‍ കയറുത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി കത്തി നശിച്ചു. കോടികളുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കുന്നു.
പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപി നേതാക്കള്‍ പ്രചരിക്കുന്നതല്ല യാഥാര്‍ഥ്യം. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരത്തിനു ചര്‍ച്ചകള്‍ തുടരുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് ചാലപ്പുറത്തുള്ള മുതിര്‍ന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കര്‍ (78) നെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിച്ച യുവാവ് സഹോദരന്റെ അടിയേറ്റു മരിച്ചു. വയനാട് വാളാട് എടത്തന വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സഹോദരന്‍ രാമകൃഷ്ണനെ അറസ്റ്റു ചെയ്തു.
നാഗര്‍കോവിലില്‍ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു തീപിടിച്ചു. വാഹനത്തില്‍ യാത്ര ചെയ്ത കുടുംബം വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. നാഗര്‍കോവില്‍ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീ പിടിച്ചത്.
മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ 13 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നരഹത്യക്കു കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാര്‍. സ്വാഭാവിക ദുരന്തമല്ലെന്നും മനുഷ്യനിര്‍മ്മിതമാണെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കയച്ച കത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
ഡല്‍ഹിയിലെ ബംഗാളി മാര്‍ക്കറ്റിലെത്തിയ രാഹുല്‍ ഗാന്ധി ഗോല്‍ഗപ്പ കഴിച്ചു. ജീന്‍സും നീല ടീ ഷര്‍ട്ടും ധരിച്ചെത്തിയ രാഹുല്‍ മാര്‍ക്കറ്റില്‍ ചുറ്റും കൂടിയവരുമായി സംസാരിച്ചു. അദ്ദേഹം ഓള്‍ഡ് ഡല്‍ഹിയില്‍നിന്ന് തണ്ണീര്‍ മത്തനും രാഹുല്‍ കഴിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിനെതിരെ പരാതിയുമായി വനിതാ നേതാവ്. ആസാം യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്തയാണ് പരായി നല്‍കിയത്. ശ്രീനിവാസ് തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്‌തെന്നാണു പരാതി.
ബിജെപിയിലേക്ക് തിരികെ പോകണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ്. കഴിഞ്ഞ ദിവസം മുകുള്‍ റോയിയെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ കണ്ടെത്തിയ അദ്ദേഹത്തിനു മറവി രോഗമുണ്ടെന്ന് മകന്‍.
മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സിങ്പ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.