അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരേ കേരളം നല്‍കിയ അപ്പില്‍ സുപ്രീം കോടതി തള്ളി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്മേലാണ് ആനയെ കുട്ടിലടയ്ക്കരുതെന്ന ഹൈക്കോടതി വിധി എന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണു ഹര്‍ജി തള്ളിയത്.
പാഴ്‌സല്‍ വാഹനം നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ച് മൂന്നുപേര്‍ മരിച്ചു. വാഴക്കുളം മടക്കത്താനത്ത് കൂവേലിപ്പടിയില്‍ പ്രഭാതനടത്തക്കാര്‍ക്കിടയിലേക്കാണു വാഹനം ഇടിച്ചു കയറിയത്. കൂവലി പൊടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ മകന്‍ എന്നിവരാണ് മരിച്ചത്.
വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തില്‍ രേഖപ്പെടുത്തിയതു റിക്കാര്‍ഡ് സമയം. തിരുവനന്തപുരത്തുനിന്ന് ആറു മണിക്കൂര്‍ സമയമെടുത്താണ് കോഴിക്കോട് എത്തിയത്. കോട്ടയത്ത് 2.20 മണിക്കൂര്‍കൊണ്ടും എറണാകുളത്ത് 3.18 മണിക്കൂര്‍കൊണ്ടും എത്തി. ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് ഇല്ല.
സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം നടക്കുന്ന സുഡാന്‍ 14 ദിവസത്തേക്ക് അതിര്‍ത്തി അടച്ചു. സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഫ്‌ളാറ്റിന്റെ ജനലിലൂടെ തുളച്ചുകയറിയ വെടിയുണ്ടയേറ്റു കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിലേക്കു മാറിത്താമസിക്കുകയാണ്.
മുംബൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 11 പേര്‍ സൂര്യാഘാതമേറ്റും നിര്‍ജലീകരണംമൂലവും മരിച്ചു. ഇന്നലെഉച്ചയോടെ ഖാര്‍ഘര്‍ കോര്‍പറേറ്റ്് പാര്‍ക്ക് മൈതാനിയില്‍ നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ്ദാന ചടങ്ങിലാണു ദുരന്തമുണ്ടായത്. നൂറ്റമ്പതിലേറെ പേര്‍ കുഴഞ്ഞുവീണു.
ഉത്തര്‍പ്രദേശില്‍ വെടിയേറ്റു കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്റെ മൃതശരീരത്തില്‍ നിന്ന് ഒന്‍പത് വെടിയുണ്ടകള്‍ കണ്ടെത്തി. തലയില്‍നിന്ന് ഒരു വെടിയുണ്ടയും നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളില്‍നിന്ന് എട്ടു വെടിയുണ്ടകളുമാണ് കിട്ടിയത്. സഹോദരന്‍ അഷറഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കിട്ടിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒടുവില്‍ കെ ഫോണ്‍ എത്തി. സംസ്ഥാനത്ത് ആയിരത്തോളം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷനെത്തിച്ചു. 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തദ്ദേശ വകുപ്പ് ഇതുവരെ കൈമാറിയത് പകുതി പേരുടെ ലിസ്റ്റ് മാത്രമാണ്.
ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം. സിഐടിയുവും ഐഎന്‍ടിയുസിയും ഒന്നിച്ചാണ് കെഎസ്ആര്‍ടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുന്നത്. തുടര്‍ സമരങ്ങളും വരും. അതേസമയം ബിഎംഎസിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ പട്ടിണി സമരവും നടത്തുന്നുണ്ട്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തില്‍ ഹര്‍ത്താല്‍. ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ള മലയാറ്റൂര്‍ പള്ളി സന്ദര്‍ശിച്ചു. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. ക്രൈസ്തവ സമൂഹത്തെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍ മലയാറ്റൂര്‍ മല കയറിയിരുന്നു.
ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ വയോധികയെ മര്‍ദിച്ചു കൊല്ലാന്‍ ശ്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത എസ്എച്ച്ഒ കെ വി സുമേഷിനെതിരെ കേസെടുത്തത് ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകള്‍ മാത്രം ചുമത്തി. പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തി കൊണ്ട് പുറത്ത് കുത്തുകയും എലികളെ പിടിച്ചതുപോലെ പിടിച്ചുകുത്തുകയും ചെയ്‌തെന്നു മര്‍ദനമേറ്റ രോഹിണി പരാതിപ്പെട്ടു. മകളുടെ കൈയിലും ലാത്തികൊണ്ട് അടിച്ചു.
ട്രെയിന്‍ തീവയ്പു കേസ് പ്രതി ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദിയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ഷാറൂഖ് സെയ്ഫിയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
താമരശേരിയില്‍നിന്നും പ്രവാസി ഷാഫിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നാലു പേരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്‌മാന്‍, ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിനു രണ്ടാഴ്ച മുന്‍പ് നിരീക്ഷണത്തിനായി എത്തിയ സംഘത്തിലുള്ളവരെയാണ് അറസ്റ്റു ചെയ്തത്.
കൊച്ചി പള്ളുരുത്തിയില്‍ മാമ്മോദീസാ ചടങ്ങു നടന്ന വീട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്.
ദുബൈ തീപിടിത്തത്തില്‍ മരിച്ച മലയാളി ദമ്പതികളായ കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരുടെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളം വഴി വേങ്ങരയിലെ വീട്ടില്‍ എത്തിച്ചു. ദുബൈ ദേരയില്‍ കഴിഞ്ഞ ദിവസമാണ് തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചത്.
ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും വെറും ഗൂഢാലോചന കേസിലാണു പ്രതിയാക്കി ജയിലില്‍ അടച്ചിരിക്കുന്നതെന്നു അബ്ദുള്‍ നാസര്‍ മദനി. വ്യക്ക മാറ്റിവയ്ക്കല്‍ അടക്കമുള്ള ചികിത്സയ്ക്കു നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവിലെ പ്രതിയേക കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനാണെന്ന് മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരി. സൈനിക കോണ്‍വോയ് പാക്കിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാര്‍ഗം സഞ്ചരിച്ചിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. 1994 മുതല്‍ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്ന ജനറല്‍ റോയ് ചൗധരി പറഞ്ഞെന്ന് ദി ടെലഗ്രാഫ് പത്രം.
ജാതി സെന്‍സസ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്കു കത്തയച്ചു. പിന്നാക്ക വിഭാഗക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കാനും ജാതി സെന്‍സസ് അത്യാവശ്യമാണെന്നും ഖര്‍ഗെ.
സ്വവര്‍ഗ വിവാഹത്തെ നിയമ വിധേയമാക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍. സ്വവര്‍ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു. സ്വവര്‍ഗ വിവാഹം എന്നത് നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ച്ചപ്പാടാണെന്നും അനുവദിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ നേരത്തെ ന്യൂനപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.
ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം. ഷെട്ടര്‍ കോണ്‍ഗ്രസിനോട് ഒരു ഉപാധികളും വച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ചേരാന്‍ ഷെട്ടര്‍ സ്വമേധയാ തീരുമാനമെടുത്തതാണെന്നും ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടക ബാഗേപള്ളി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡോ. അനില്‍ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജെഡിഎസ് പിന്തുണയോടെയാണ് സിപിഎം ഇവിടെ മല്‍സരിക്കുന്നത്.
നാലു സൈനികര്‍ കൊല്ലപ്പെട്ട ബട്ടിന്‍ഡ സൈനിക ക്യാമ്പില്‍ വെടിവയ്പു നടത്തിയ സംഭവത്തില്‍ ഒരു സൈനികന്‍ പിടിയിലായി. മോഹന്‍ ദേശായി എന്ന സൈനികനാണ് പിടിയിലായത്. ജവാന്‍മാര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.40 ശതമാനമായി. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേര്‍ക്കാണ്.
വിചാരണ തടവുകാരെ നഗ്‌നരാക്കി പരിശോധിക്കരുതെന്ന് മുംബൈ പ്രത്യേക കോടതി. പരിശോധനയ്ക്ക് സ്‌കാനറുകളുപയോഗിക്കണം. നഗ്‌നരാക്കി പരിശോധിക്കുന്നതും അസഭ്യം പറയുന്നതും മനുഷ്യാവകാശ ലംഘനമെന്നും കോടതി. നഗ്നനാക്കി പരിശോധിക്കുന്നതിനെതിരേ 1993 ലെ ബോംബെ സ്‌ഫോടന പരമ്പര കേസിലെ പ്രതിയാണ് കോടതിയെ സമീപിച്ചത്.