സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. കഴിഞ്ഞ വര്‍ഷം സംയുക്ത ട്രേഡ് യൂണയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 നു വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ഭരണഘടനാ പരാമര്‍ശത്തിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന ഹര്‍ജി തിരുവല്ല കോടതി തള്ളി. ഹൈക്കോടതിയിലെ കേസില്‍ തീരുമാനമാകും വരെ സജിക്കെതിരായ കേസില്‍ വിധി പറയരുതെന്ന് ആവശ്യവും നിരാകരിച്ചു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അഡ്വ. ബൈജു നോയല്‍ നല്‍കിയ ഹര്‍ജി തള്ളിയത്.
പോക്‌സോ കേസ് ഇരകള്‍ ഉള്‍പ്പടെയുളള 568 പേര്‍ക്കായി 12 കോടി 99 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. നഷ്ടപരിഹാരത്തുക നല്‍കാത്തതിനെതിരേ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിറകേയാണ് തുക അനുവദിച്ചത്.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വര്‍ക്കല എംഎല്‍എയായ വി. ജോയിയെ തെരഞ്ഞെടുത്തു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി. ജോയിയുടെ പേര് നിര്‍ദേശിക്കപ്പെട്ടത്. പല മുതിര്‍ന്ന നേതാക്കളുടേയും പേരുകള്‍ വന്നെങ്കിലും സമവായമെന്ന നിലയിലാണ് വി. ജോയിക്കു നറുക്കുവീണത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
നടന്‍ ഗോവിന്ദന്‍കുട്ടിയ്‌ക്കെതിരെ മറ്റൊരു ബലാത്സംഗ കേസ്‌കൂടി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. 2021-ലും കഴിഞ്ഞ വര്‍ഷവുമായി മൂന്ന് തവണ ഗോവിന്ദന്‍ കുട്ടി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിരുന്നു.
കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ ഉമാ പ്രസന്നന്‍ എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അഞ്ചല്‍ സ്വദേശി നാസു (24) അറസ്റ്റിലായി. അപസ്മാരം ബാധിച്ചാണ് യുവതി മരിച്ചതെന്നാണ് നാസുവിന്റെ മൊഴി.
കൊടൈക്കനാലിലെ പൂണ്ടി ഉള്‍ക്കാട്ടില്‍ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികള്‍ക്കായി തെരച്ചില്‍. അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവര്‍ക്കായാണ് തെരച്ചില്‍. രണ്ടു പേരും മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതാണ്. പൊലീസും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സംഘവും ചേര്‍ന്ന് വനത്തില്‍ തെരച്ചില്‍ നടത്തി.
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ഇരട്ടിയാക്കിയ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി അഞ്ചര ലക്ഷം രൂപ അനുവദിക്കും. 2016 ല്‍ ചിന്ത ജെറോം ചുമതലയേല്‍ക്കുമ്പോള്‍ ശമ്പളം അന്‍പതിനായിരം രൂപയായിരുന്നു. 2018 ല്‍ ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശിക ആവശ്യപ്പെട്ടതനുസരിച്ചാണ് 11 മാസത്തെ കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ചത്.
സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിയെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സജി ചെറിയാനെതിരെ നിയമ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈലന്റ് വാലി ദേശീയോദ്യാനത്തിലെ ഏഴാമത് പക്ഷി സര്‍വെയില്‍ 17 ഇനം പുതിയ പക്ഷികളെ കണ്ടെത്തി. ഡിസംബര്‍ 27 മുതല്‍ മൂന്ന് ദിവസമായിരുന്നു ഉള്‍ക്കാട്ടില്‍ പക്ഷി സര്‍വെ. മുപ്പതോളം പക്ഷി നിരീക്ഷകരും വനംവകുപ്പ് ജീവനക്കാരും സര്‍വേയില്‍ പങ്കാളികളായി. കാട്ടിനുള്ളില്‍ ഏഴു ക്യാമ്പുകളിലായി താമസിച്ചായിരുന്നു വിവരശേഖരണം.
തിരുവനന്തപുരം മംഗലപുരത്ത് വിളയുന്ന 60 തെങ്ങുകള്‍ മുറിച്ചു കടത്തി. മംഗലപുരം തോന്നയ്ക്കലില്‍ ഷമീന മന്‍സിലില്‍ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കര്‍ വരുന്ന പുരയിടത്തിലെ തെങ്ങുകളാണ് മുറിച്ചു കടത്തിയത്. അയല്‍വാസികള്‍ സ്ഥലമുടയെ വിളിച്ചറിയിച്ചപ്പോഴാണ് വിവരമറിഞ്ഞത്. പരാതിയില്‍ പോലീസ് കേസെടുത്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ സുനുവിനെ പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി ഇന്ന് ഓണ്‍ലൈന്‍ ഹിയറിംഗ്. ഹാജരാകാന്‍ ഡിജിപി ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ഹാജരായില്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തുന്നത്.
ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം വേണം. നയന സ്വയം പരിക്കേല്‍പ്പിച്ചെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല. മുന്‍വാതില്‍ അടച്ചിരുന്നെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്കു രക്ഷപ്പെടാം. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലപ്പുഴ കളര്‍കോട് ശബരിമല തീര്‍ത്ഥാടക സംഘത്തിന്റെ വാഹനത്തിന്റെ ചില്ല് യുവാവ് തകര്‍ത്തു. സംഘത്തിലെ ഒമ്പതുവയസുകാരിക്ക് പരിക്കേറ്റു. യുവാവിനൊപ്പം ഉണ്ടായിരുന്ന ടിവി റിയാലിറ്റി ഷോയിലെ താരമായ യുവതിയുടെ ഫോട്ടോയെടുത്തതാണ് പ്രകോപിപ്പിച്ചത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സര്‍ക്കാര്‍ വിരുദ്ധതയും രാജ്യവിരുദ്ധതയുമാണു പ്രചരിപ്പിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനോ, പ്രധാനമന്ത്രിയോ ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ യാത്രയുടെ ലക്ഷ്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടോയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചതിനു പിറകേയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം.
ന്യൂയോര്‍ക്കില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയ്ക്കുനേരെ മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖര്‍ മിശ്രയാണെന്നു ഡല്‍ഹി പൊലീസ്. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കര്‍ണാടക സ്വദേശിനിയാണ് പരാതിക്കാരി. സംഭവം വിവാദമായതിനു ശേഷമാണ് പൊലീസ് കേസെടുത്തത്.