കേരളത്തിൻ്റെ നോവായി മുണ്ടക്കൈയ്യും ചുരുൾ മലയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ 177 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബന്ധുക്കൾ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.
വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്ന് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോക യോഗം വിലയിരുത്തി.
മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള പ്രധാനപ്പെട്ട രണ്ട് വാര്‍ഡുകളാണ് മുണ്ടക്കൈയും ചൂരല്‍ മലയും. 900 പേര് മുണ്ടക്കൈയിലും, ചൂരൽമല വാര്‍ഡിൽ 855 വോട്ടര്‍മാരുമാണ് ഉള്ളത്. കുട്ടികള്‍, എസ്റ്റേറ്റുകളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍, റിസോര്‍ട്ടിലെ ജീവനക്കാരും അതിഥികളും ഒഴികെയുള്ള കണക്കാണിത്. മുണ്ടക്കൈയിൽ മാത്രം ആകെയുള്ളത് 431 കെട്ടിടങ്ങളാണ്. മുണ്ടക്കൈയിൽ എട്ട് എസ്റ്റേറ്റുകളുണ്ട്. ഇതിൽ പുഞ്ചിരിമട്ടത്തെയും വെള്ളരിമലയിലെയും കെട്ടിടങ്ങളെല്ലാം ഒലിച്ചു പോയി. ചൂരൽമല വാര്‍ഡില്‍ 599 കെട്ടിടങ്ങളാണ് ഉള്ളത്. ദുരന്തത്തിന്‍റെ കാഠിന്യം കണത്തിലെടുത്താല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യ സഹായം ലഭ്യമാക്കാൻ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കും. മെഡിക്കൽ പോയിന്റിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വയനാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ അറിയിച്ചു. കൂടാതെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നവരെ പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടി സാങ്കേതികം മാത്രമാണെന്നും നിയമവിദഗ്ർ ചൂണ്ടിക്കാണിച്ചതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോർജ്ജ്. ഭാവിയിൽ ബന്ധുക്കൾക്ക് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം വന്നത്.
വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ച രാഹുൽ ഗാന്ധി സന്ദര്‍ശനം മാറ്റിയതായി അറിയിച്ചു. രാഹുൽ തന്നെയാണ് ഞാനും പ്രിയങ്കയും നാളെ വയനാട്ടിലേക്ക് എത്തില്ലെന്ന് ട്വീറ്റിൽ അറിയിച്ചത്. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. ഈ വിഷമഘട്ടത്തിൽ മനസ് വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സാഹചര്യം അനുകൂലമായാൽ അപ്പോൾ തന്നെ വയനാട്ടിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി സുരേഷ് അറിയിച്ചു. ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടു പോകും. 38 ആംബുലൻസുകളിലായാണ് ഇവ കൊണ്ടു പോവുക. മൃതദേഹങ്ങൾ മേപ്പാടിയിൽ എത്തിച്ച ശേഷം ബന്ധുക്കൾക്ക് തിരിച്ചറിയാൻ സൗകര്യമൊരുക്കും. ആരും നിലമ്പൂരിലേക്ക് വരണ്ടതില്ലെന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കാനായി പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം വയനാട്ടിലേക്ക് തിരിച്ചു. കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കാനാണ് സംഘത്തിന്റെ ശ്രമം. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും സംഘത്തിലുണ്ട്. മന്ത്രി ഒആർ കേളുവിൻ്റെ നിർദേശാനുസരണമാണ് മെഡിക്കൽ സംഘം പുറപ്പെട്ടത്.
മുണ്ടക്കൈയിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ചൂരൽമലയിൽ വീണ്ടും മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാകുമെന്ന് സൂചന. സൈന്യവും നാട്ടുകാരും സന്നദ്ധസംഘങ്ങളും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലുണ്ടായത് രണ്ടാഴ്ചയോളം തുടർച്ചയായി പെയ്ത അതിതീവ്ര മഴയാണെന്ന് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം.
വയനാട് മുണ്ടക്കൈയ്യിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമാണം ആരംഭിച്ചു. രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തി. 18 ലോറികൾ അവിടെ സജ്ജമാക്കിയിരുന്നു. പിന്നീടിവ റോഡ് മാർഗം വയനാട്ടിൽ എത്തിച്ചു.
ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. വയനാട് ജില്ലയിലേയും സമീപ ജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നല്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട് ഉണ്ടായത് വൻ ദുരന്തമാണെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും, വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ പറഞ്ഞു.
വയനാട്ടിലെ ഉരുൾപ്പെട്ടലിലകപ്പെട്ട ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവസിപ്പിക്കുന്നതുവരെ ഇവരെ വാടക വീടുകളിൽ താമസിപ്പിക്കണമെന്നും, വാടക കൊടുക്കാനുള്ള എർപ്പാടുണ്ടാക്കണം. രക്ഷാപ്രവർത്തകർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിക്കും. നാളത്തെ സർവകക്ഷി യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണരകൂടം അറിയിച്ചു. വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സെന്റർ പ്രവർത്തിക്കുക. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. പുതിയതായി സാധനങ്ങൾ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. നിലവിൽ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ മതി. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ജില്ലയിലെ കൺട്രോൾ റൂം നമ്പറായ 1077 ൽ വിളിയ്ക്കാം.
മുണ്ടക്കൈ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
തൃശൂർ ജില്ലയിൽ 96 ദുരിതാശ്വാസ ക്യാമ്പുകളിലായി 1292 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പീച്ചി, വാഴാനി, പത്താഴക്കുണ്ട്, അസുരൻക്കുണ്ട്, പൂമല എന്നീ ഡാമുകൾ തുറന്നിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. പെരിങ്ങൽകുത്ത് നിലവിൽ ഒരു ഗേറ്റ് മാത്രമേ തുറന്നിട്ടുള്ളൂ. മഴ കുറഞ്ഞതിനാൽ തൂണക്കടവ് ഡാം നിലവിൽ അടച്ചിരിക്കുകയാണ്. മണലി, കുറുമാലി പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയേക്കാൾ കൂടുതലാണ്. കരുവന്നൂർ പുഴയുടെ മുന്നറിയിപ്പ് നിലയും മറികടന്നു. അതിനാൽ മണലി, കുറുമാലി, കരുവന്നൂർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പാലക്കാട് ജില്ലയിൽ 39 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെന്ന് കളക്ടർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് മണ്ണിൽ വെള്ളത്തിൻറെ സാച്ചുറേഷൻ കൂടുതലായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിൽക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട്. ആലത്തൂർ, നെല്ലിയാമ്പതി മേഖലകളിൽ ചെറിയ തോതിൽ പലയിടത്തും ഉരുൾ പൊട്ടിയിരുന്നുവെന്ന് കളക്ടർ അറിയിച്ചു. നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി സങ്കേതത്തിലെ ദുരിതബാധിതരെ എല്ലാവരെയും ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറുടെയും ചിറ്റൂർ അഡീഷണൽ തഹസിൽദാരുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. അതോടൊപ്പം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
അതിതീവ്ര മഴയ്ക്കുപിന്നാലെ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്പി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടന്‍ ഗതാഗതത്തിന് തുറന്നു കൊടുക്കില്ല. ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ കൂടുതല്‍ തകരാറുകള്‍ മനസിലാകൂ. പൊതുമരാമത്ത് വകുപ്പധികൃതര്‍ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ. പറഞ്ഞു.
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിന്റെആഘാതത്തിൽ മനംനൊന്ത് മാധവ് ഗാഡ്ഗിൽ. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകളെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴെന്ന് അദ്ദേഹം പ്രതികരിച്ചു.
കുട്ടനാട്ടിലെ രാമങ്കരി 13-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.പി.എമ്മിലെ ബി. സരിൻകുമാർ വിജയിച്ചു. കടുത്ത പോരാട്ടത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയും സരിന്റെ പിതാവുമായ വി.എ. ബാലകൃഷ്ണനെ ഒമ്പത് വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ആകെ 857 വോട്ടർമാരിൽ 685 വോട്ടുകളാണ് പോൾ ചെയ്തത്.
കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായി വാടിക്കലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു. വാടിക്കൽ പികെടിബിഎം യുപി സ്കൂളിൻ്റെ ഓടിട്ട കെട്ടിടമാണ് പൂർണ്ണമായും നിലംപൊത്തിയത്. സ്കൂൾ അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.
ബാറുടമകളുടെ പണ പിരിവ് കോഴ നൽകാനായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്, ശബ്ദ രേഖ ചോർച്ച കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് വീട് വാങ്ങാനായിരുന്നു പിരിവ്. ശബ്ദരേഖ ഇടുക്കി ഗ്രൂപ്പിലിട്ട അനി മോൻ തലസ്ഥാനത്ത് വീട് വാങ്ങുന്നതിനെ എതിർത്തിരുന്നു.പണം പിരിക്കമെന്ന് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് ശബദ രേഖയിട്ടത്. മദ്യ ലഹരിയില്‍ എന്തൊക്കെ പറഞ്ഞുവെന്ന് ഓർമ്മയില്ലെന്ന് അനിമോൻ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്റൈന്‍. വിദേശകാര്യ മന്ത്രാലയമാണ് അനുശോചനം അറിയിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും മരണപ്പെട്ടവരുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു.
സഹോദരന്റെ ഭാര്യയുടെ സ്വകാര്യതയിലേക്ക് നിരന്തരമായി അതിക്രമിച്ച് കയറിയ സഹോദരിമാർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളി മുംബൈ ഹൈക്കോടതി. മുംബൈയിലെ ചെമ്പൂർ സ്വദേശിക്കും പിതാവിനും വിവാഹിതരായ മൂന്ന് സഹോദരിമാർക്കുമെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയാണ് ഈ സഹോദരിമാർക്കെന്ന് മുംബൈ ഹൈക്കോടതി ജസ്റ്റിസുമാർ വിലയിരുത്തി.
കുവൈത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. അബുഹലീഫ മേഖലയിലെ ഗ്രൗണ്ടില്‍ ചപ്പുചവറുകള്‍ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചതെന്നാണ് വിവരം. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രഅണവിധേയമാക്കി.
ഇറാഖിൽ അമേരിക്കൻ സേനയുടെ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചു കൊണ്ട് അമേരിക്കൻ സേനയ്ക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സേനാ വൃത്തങ്ങൾ വിശദീകരിച്ചു. സ്വയം പ്രതിരോധത്തിന് തങ്ങൾക്ക് എപ്പോഴും അവകാശമുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ആക്രമണം നടന്ന വിവരം ഇറാഖിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു.
ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്. ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.