mid day hd 1

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 50 സീറ്റ് പോലും നേടില്ലെന്നും, 400 സീറ്റിലധികം എൻഡിഎ മുന്നണി നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിൽ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെ കാട്ടി ഇന്ത്യാക്കാരെ ഭീഷണിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പ്രസ്താവന ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചു.

 

സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ്ങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. പ്രാദേശിക തലത്തിൽ മേഖല തിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗം വിലയിരുത്തി. വേനൽ മഴ പെയ്തു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണ വിധേയമായി.നിലവിലുള്ള മേഖല നിയന്ത്രണം വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ഒഴിവാക്കും.

 

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്. മലപ്പുറം വികാരത്തിന്റെ പേരിൽ വിഷയത്തെ വഴി തിരിച്ചുവിടാൻ നോക്കേണ്ടെന്നും, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമെന്നും എസ്കെഎസ്എസ്എഫ് വ്യക്തമാക്കി. പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ മലബാർ ജില്ലകളോട്, പ്രത്യേകിച്ച് മലപ്പുറത്തിനോട് സർക്കാർ അനീതി കാണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. നിലവിലെ സ്ഥിതിയിൽ 27,130 കുട്ടികൾക്കാണ് മലപ്പുറത്ത് സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരുന്നതെന്നാണ് സൂചന. ഇതോടെ അധിക ബാച്ചുകൾ ആവശ്യപ്പെട്ട് വിവിധ സമുദായിക സംഘടനകൾ സമരം ശക്തമാക്കിയേക്കും.

 

പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് ഗുണമേന്മയുളള വിദ്യാഭ്യാസത്തിന് തിരിച്ചടിയാകുമെന്ന് അധ്യാപകര്‍. ലാബ് ഉള്‍പ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ പുറകോട്ടടിക്കുമെന്നുമാണ് വിലയിരുത്തല്‍.

 

ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചെന്ന ആരോപണത്തെ തുടർന്ന് കെ പി സിസി അംഗം കെ വി സുബ്രഹ്മണ്യനെ സസ്പെന്റ് ചെയ്തു. എന്നാൽ തനിക്കെതിരായ നടപടി ഗൂഢാലോചനയാണെന്നും ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനമെന്നും കെ വി സുബ്രഹ്മണ്യൻ പറഞ്ഞു.

 

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാക്കളെ ന്യായീകരിക്കാനില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ലെന്നും, രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ശക്തമായി തള്ളിപ്പറയുന്നു. അവര്‍ പാർട്ടി നടപടികൾ അർഹിക്കുന്നു. പാർലമെന്‍റെ് തിരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തനിക്കെതിരെ പ്രവർത്തിച്ചിട്ടില്ല എന്ന് ആർക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്നും ഉണ്ണിത്താൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

 

ഷാഫി പറമ്പിൽ വിജയിച്ചാൽ വടകര ബാലികേറാമലയാകുമെന്ന ചിന്ത കൊണ്ടാണ് സിപിഎം വടകരയിൽ അരുതാത്ത പല കാര്യങ്ങളും ചെയ്തതെന്ന് കെ മുരളീധരൻ. മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോൾ ഇല്ലാത്ത പ്രശ്നങ്ങളാണ് ഷാഫി മത്സരിച്ചപ്പോൾ സിപിഎം സൃഷ്ടിച്ചത്. ഇതിൽ ഷാഫിയുടെ മതവും ഒരു ഘടകമായെന്നും മുരളീധരൻ വ്യക്തമാക്കി.

 

ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. വ്യവസ്ഥകൾ വച്ച് ആശ്രിത നിയമനങ്ങൾ പുനപരിശോധിക്കാനുള്ള കരട് നിര്‍ദ്ദേശത്തിനെതിരെ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. പ്രായപരിധി അംഗീകരിക്കില്ലെന്ന് ഇടത് വലത് സംഘടനകൾ ഒരുപോലെ എതിർത്തു. ഉദ്യോഗസ്ഥരുടെ തസ്തികയും സര്‍വ്വീസും കണക്കിലെടുത്ത് 17 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് സമാശ്വാസ ധനത്തിനുള്ള ശുപാര്‍ശ. കോടതി നടപടികളിൽ കുരുക്കി ആശ്രിത നിയമനം ഇല്ലാതാക്കരുതെന്നും അനിവാര്യമെങ്കിൽ നിയമനിർമ്മാണം നടത്തിയും പദ്ധതി സംരക്ഷിക്കണമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ വ്യക്തമാക്കി.

 

തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളില്‍‌ വേട്ടയാടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസില്‍ ആരും തുണച്ചില്ലെന്ന് ടി.എന്‍.പ്രതാപന്‍. കുടുംബത്തെയും തന്റെ വംശത്തെയുമടക്കം സംഘപരിവാര്‍ വേട്ടയാടിയപ്പോള്‍ ആരും പ്രതികരിക്കാതിരുന്നത് മാനസികമായി വേദനിപ്പിച്ചുവെന്നും പ്രതാപൻ പറഞ്ഞു.

 

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് പൊലീസിന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതോടൊപ്പം ഡ്രൈവർ യദുവിന്റെ മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യദുവിനെയും കണ്ടക്ടർ സുബിനെയും തമ്പാനൂർ സ്റ്റേഷൻ മാസ്റ്റർ ലാൽ സജിയെയും ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തർക്കത്തിന് ശേഷം ബസിൽ കയറി മെമ്മറി കാർഡ് പരിശോധിച്ചുവെന്ന യദു പറഞ്ഞ സമയങ്ങളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

 

തൃപ്പൂണിത്തുറ ഏരൂരിൽ കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ അജിത്തും കുടുംബവും കടന്ന് കളഞ്ഞെന്ന് പരാതി. അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി.

 

തിരുവനന്തപുരം കരമന മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികളെന്നും കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തിന്റെ പ്രതികാരമെന്ന് അരുംകൊലയെന്നും പൊലീസ് വ്യക്തമാക്കി.

 

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചിരുന്നു. എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് സ്വരാജ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

 

കരമന അഖിൽ കൊലപാതകക്കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ദാരുണമായ സംഭവമാണിതെന്നും, സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ നോക്കി കാണുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും അഖിലിന്റെ വീട് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

 

അഫ്ഗാനിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ 60ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലേറെപേർക്കാണ് മിന്നൽ പ്രളയത്തിൽ പരിക്കേറെറന്നും, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും താലിബാൻ വക്താവ് വിശദമാക്കി. വെള്ളിയാഴ്ച വൈകിട്ടോടെ രണ്ട് കൊടുങ്കാറ്റുകൾ കൂടിയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

 

രാഹുൽ രണ്ട് സീറ്റിലും വിജയിച്ചാൽ ഏത് ഒഴിയണം എന്ന് ചർച്ച ചെയ്തിട്ടില്ലെന്ന് റോബർട്ട് വദ്ര. രണ്ടും പ്രധാനമാണ്. ഒഴിയുന്ന സീറ്റിൽ താനോ പ്രിയങ്കയോ മത്സരിക്കണം എന്ന ചർച്ചകളുണ്ടെന്നും ഇത് ആലോചിച്ച് തീരുമാനിക്കുമെന്നും റോബർട്ട് വദ്ര പറഞ്ഞു. താൻ മത്സരിക്കാത്തത് അമേഠിയിലെ ജനങ്ങളിൽ നിരാശയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും തല്ക്കാലം രാഹുലിന്‍റെ വിജയത്തിനാകും ശ്രദ്ധ നല്കുകയെന്നും വദ്ര വ്യക്തമാക്കി.

 

ജമ്മുകാശ്മീരിൽ അതിർത്തിയിൽ ഡ്രോൺ. ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോൺ തിരികെ പാക് അതിര്‍ത്തിയിലേക്ക് പറന്നു. ഇവിടെ നിന്നാണ് ഡ്രോൺ അതിര്‍ത്തിയിലേക്ക് എത്തിയതെന്നാണ് സൂചന. ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് സംഭവം. 24 തവണ ഡ്രോണിന് നേരെ ഇന്ത്യൻ ജവാന്മാര്‍ വെടിയുതിര്‍ത്തയായാണ് വിവരം. ഇതിന് പിന്നാലെ രാംഗഡ് സെക്ടറിലെ നാരായൺപൂറിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *