ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 71.16 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. വീട്ടിലെ വോട്ടും തപാൽ വോട്ടും ചേർക്കാതെയാണ് പുതിയ കണക്ക്. ഇതിൽ ഇനിയും മാറ്റം വരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

 

പാർട്ടികൾ ഇന്ന് മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിൽ. പോളിങ് ശതമാനത്തിലെ കുറവ് തങ്ങളെ ബാധിക്കില്ലെന്ന് മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിച്ചു. ചൂടാകാം കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പോളിംഗ് ശതമാനത്തിലെ കുറവിൽ നേരിയൊരു ആശങ്ക ഉള്ളിൽ ഉണ്ടെങ്കിലും എല്ലാം ഭദ്രമെന്ന് യുഡിഎഫും, ഭരണവിരുദ്ധവികാരം ഇല്ലാത്തതിന്റെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫും, ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനാണെന്നും, പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എൽഡിഎഫ് പറയുന്നു. തിരുവനന്തപുരത്തും തൃശൂരിലും ജയസാധ്യതയുണ്ടെന്ന് ബിജെപിയും പറയുന്നു.

 

വടകര മണ്ഡലത്തിൽ മാത്രമാണ് പോളിങ് നീണ്ടതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും ചിലയിടങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.

 

കോട്ടയത്തെ കടനാട് പഞ്ചായത്തിലെ 25 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം. 25 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തത് 715 പേരാണ്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എൽ ഡി എഫും യു ഡി എഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചു.

 

കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എല്‍ഡിഎഫ് കൺവീനര്‍ ഇ പി ജയരാജനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നതായി സൂചന. വീട്ടിലെത്തി ബിജെപി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കിയേക്കും. സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും, ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തില്‍ ഇപി ജയരാജനെതിരായ പാര്‍ട്ടി നിലപാട് വ്യക്തമായേക്കും.

 

രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്ന് കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്ക‍ര്‍.

മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ച‍ര്‍ച്ച നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന് ഒരു എംപിമാത്രമേയുളളു. ബാക്കിയുളളവരുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇ പി ജയരാജൻ ബിജെപിയില്‍ പോകുമെന്നത് പച്ചനുണയാണെന്ന് എം വി ജയരാജൻ. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇപിയുമായി ബന്ധപ്പെട്ട പ്രശ്നവും തമ്മില്‍ ഒരു താരതമ്യവും അര്‍ഹിക്കുന്നില്ല. ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് പറഞ്ഞ‌ത് കെപിസിസി പ്രസിഡന്‍റ് തന്നെയാണെന്നും. തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് 39 പേരാണ് ബി ജെ പി യിലേക്ക് പോയതെന്നും എം വിജയരജൻ പറഞ്ഞു.

 

ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജൻ നിഷ്കളങ്കമായി പോകരുതായിരുന്നുവെന്ന് മുതിര്‍ന്ന നേതാവും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക് അഭിപ്രായപ്പെട്ടു. വിഷയത്തിലെ എന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ പറയും. ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി .

 

ഇപി ജയരാജൻ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ലെന്നും വിഎസ് സുനില്‍ കുമാര്‍. ഇപി ജയരാജനും കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത് വിവാദമായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു വിഎസ് സുനില്‍ കുമാര്‍.

 

ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ ഒന്നാംപ്രതി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. പിണറായി തുടര്‍ഭരണം ഉറപ്പാക്കിയത് ബി.ജെ.പിയുടെ വോട്ടുവാങ്ങിയാണ്. മുഖ്യമന്ത്രി അറിഞ്ഞായതിനാല്‍ ഇ.പിയുടെ പേരില്‍ ഒരു നടപടിയുമുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. അതോടൊപ്പം ഇ.പിയുടെ പ്രസ്താവന വോട്ടെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലമാക്കിയെന്ന് കെ.സി വേണുഗോപാല്‍. പോളിങ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകളുണ്ടായെന്നും തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാന്‍ സിപിഎം ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പീഡിപ്പിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെയുണ്ടായത്. താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേല്‍ക്കൈയുള്ള ബൂത്തുകളായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

 

തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. തൃശൂരില്‍ ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തു, ഇതിന് ബിഎല്‍ഒയുടെ ഒത്താശയുമുണ്ടായിരുന്നു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി വട്ടപ്പുജ്യം ആയിരിക്കുമെന്നും, കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർഥി വിജയിച്ചിട്ടുണ്ടോ, സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. അതോടൊപ്പം ക്രോസ് വോട്ടിങ് ഉണ്ടായാൽ തിരിച്ചടിയാകില്ലെന്ന് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. ഈശ്വര വിശ്വാസിയാണ് യാതൊരു വ്യാകുലതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

തനിക്ക് മതത്തിന്‍റെ പ്ലസ് വേണ്ടെന്നും, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍. വ്യാജ പോസ്റ്റിനെ എതിർ സ്ഥാനാർത്ഥി തള്ളി പറഞ്ഞില്ല, അവരത് മന:പൂർവ്വം തനിക്കെതിരെ പ്രയോഗിച്ചു, വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല, വ്യാജ പോസ്റ്റ് തന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ്, ഇത് തരം താഴ് ന്ന നടപടിയാണ്, വടകരയിൽ ജയിക്കുമെന്ന് എൽഡിഎഫിനും ബോധ്യപ്പെട്ടുവെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

 

പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് യുഡിഎഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തളളി. എന്റെ അച്ഛൻ കെ കരുണാകരൻ അല്ല. മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് താനെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് മാവട്ടയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യു.ഡി.എഫ്. പ്രവർത്തകരെ പേരാമ്പ്ര പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യു.ഡി.എഫ്. പ്രവർത്തകർക്കും 2 എൽ.ഡി.എഫ്. പ്രവർത്തകർക്കും പരുക്കേറ്റിരുന്നു.

 

മൂന്നാറിലെ കന്നിമല ലോവർ ഡിവിഷനിൽ നാലുദിവസം മുമ്പ് കൂട്ടത്തോടെ കടുവകൾ ഇറങ്ങി. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപം വന അതിർത്തിയിലാണ് മൂന്ന് കടുവകൾ എത്തിയത്. നേരത്തെയും കടുവയുടെ ആക്രമണത്തിൽ നിരവധി പശുക്കൾ ചത്ത പ്രദേശമാണ് കന്നിമല. ഇവിടെ കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന് നാട്ടുകാരുടെ പരാതിയുണ്ട്.

 

തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

 

മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. വെടിവെപ്പിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടത്തിയ വെടിവെപ്പിലാണ് സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവർ മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. നരൻസീന ഗ്രാമത്തിലെ ഒരു മലഞ്ചെരുവിൽ നിന്ന് താഴ്‌വര മേഖലയിലെ ഐആർബി ക്യാമ്പിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.

 

നൂറുകണക്കിന് പ്രമുഖര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ബി ജെ പി. ഇന്ന് രാവിലെ 11 മണിയോടെ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എല്ലാവരുമെത്തും, ദേശീയ പ്രസിഡന്‍റ് ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ ബിജെപിയിലേക്ക് ചേര്‍ന്ന് അംഗത്വമെടുക്കുമെന്നാണ് അറിയിപ്പ്.

 

സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ കർണ്ണാടകയിലെ പ്രമുഖ ബിജെപി നേതാവും, ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം പൊലിസ് കേസ് എടുത്തു. മതം പറഞ്ഞ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ നടത്തിയ വോട്ടഭ്യർത്ഥന വലിയ വിവാദമായതിനു പിന്നാലെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബിജെപി നേതാവിനെതിരെ കേസെടുത്തത്.

 

പരീക്ഷയുടെ ഉത്തര പേപ്പറിൽ ജയ് ശ്രീം എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി വെച്ചവരുമൊക്കെ പാസായ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ വീർ ബഹാദൂർ സിങ് പൂർവാ‌ഞ്ചൽ യൂണിവേഴ്സിറ്റിയിലെ ഫാർമസി വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പറാണ് വിവാദമായത്. തുടർന്ന് മൂല്യ നിർണയം നടത്തിയ ഡോ. വിനയ് വർമ, മനീഷ് ഗുപ്ത എന്നീ പ്രൊഫസർമാരെ സസ്‍പെൻഡ് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *