കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ വയനാട്ടില്‍ തോല്‍ക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോദി. അമേഠിയില്‍ നിന്ന് ഭയപ്പെട്ട് ഓടിയതുപോലെ രാഹുല്‍ വയനാട്ടില്‍ നിന്നും ഓടിയൊളിക്കും. താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയിലാണ് പിണറായി വിജയന്‍ രാഹുലിനെ വിമര്‍ശിക്കുന്നത്, പരസ്പരം പോരടിക്കുന്ന ഇന്ത്യാ മുന്നണി നേതാക്കളെ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഭയപ്പെട്ടവര്‍‌ രാജ്യസഭയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് സോണിയ ഗാന്ധിയെയും മോദി പരിഹസിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് അഴിമതിയുടെ സ്‌കൂളാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. കറപ്ഷന്‍ സയന്‍സ് വിഷയത്തില്‍ ഡൊണേഷന്‍ ബിസിനസ് ഉള്‍പ്പെടെ എല്ലാ ചാപ്റ്ററുകളും അദ്ദേഹം വിശദമായി പഠിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. കൂടാതെ എങ്ങനെയാണ് റെയ്ഡ് വഴി സംഭാവനകള്‍ ശേഖരിക്കുന്നത്, എങ്ങനെയാണ് സംഭാവനകള്‍ ശേഖരിച്ചതിന് ശേഷം കരാറുകള്‍ വിതരണം ചെയ്യുന്നത്, എങ്ങനെയാണ് അഴിമതിക്കാരുടെ കറകളെ കഴുകിക്കളയുന്ന വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌ എന്നെല്ലാം പഠിപ്പിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

 

എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അറസ്റ്റുചെയ്യേണ്ടതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. രാഹുലിന് പക്വത ഇല്ലെങ്കിൽ കോൺഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കൾ ഉപദേശിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളോ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കിയ പാൽപ്പൊടി കുടിച്ച് വളർന്നയാളോ അല്ല പിണറായി. ആർഎസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായിയെന്നും ഇ.പി പറഞ്ഞു. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടിൽ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകൾ. നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത്. രാഹുൽ ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

 

കണ്ണൂരിൽ രേഖപ്പെടുത്തിയ വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്. കണ്ണൂർ എഴുപതാം ബൂത്തിലെ വോട്ടിങ്ങിൽ കമ്മീഷന് പരാതി നൽകി. കെ കമലാക്ഷി എന്ന വോട്ടർക്ക് പകരം വി കമലാക്ഷിയാണ് വോട്ട് ചെയ്തതെന്നാണ് ആക്ഷേപം. കോൺഗ്രസ്‌ അനുഭാവിയായ ബൂത്ത് ലെവൽ ഓഫീസർ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

 

മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ഇ ഡി ചോദ്യം ചെയ്യും. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

 

സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടിയിൽ ദുരൂഹത. ഡിഎഫ്ഒ എ. സജ്നക്ക് നൽകിയ വിശദീകരണം തേടിയുള്ള കത്ത് മണിക്കൂറുകൾക്കം റദ്ദാക്കി സസ്പെൻഡ് ചെയ്തെന്നും, ചട്ടങ്ങൾ പാലിക്കാതെയുള്ള സസ്പെൻഷന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നുമാണ് വനംവകുപ്പിനുള്ളിലെ വിമർശനം. ബുധനാഴ്ച പുലർച്ചെ 12.19നാണ് സൗത്ത് വയനാട് ഡിഎഫ്ഒ എ. സജ്നയോട് സുഗന്ധഗിരി മരംമുറിയിൽ 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ വിശദീകരണം നൽകും മുമ്പ്, വൈകീട്ട് 3:54ന് നോട്ടീസ് റദ്ദാക്കി. അർധരാത്രിയോടെ വനംവകുപ്പ് ഡിഎഫ്ഒ ഉൾപ്പെടെ മൂന്നുപേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. വിശദീകരണം നൽകാനുള്ള സാവകാശം പോലും നൽകാത്തതിന് പിന്നിൽ ദൂരൂഹത ഉണ്ടെന്നാണ് വിമർശനം.

 

മലപ്പുറം വണ്ടൂരിൽ നടന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കൊടി വീശിയതിനെ ചൊല്ലി എംഎസ്എഫ് കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. യോഗത്തിനു ശേഷം നടന്ന സംഗീതനിശയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റെയും കൊടി വീശിയത് കെഎസ്‌യുക്കാർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്. പരിപാടിക്ക് കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ എംഎസ്എഫ് പ്രവർത്തകർ ലംഘിച്ചെന്നാണ് കെഎസ്‌യു പറയുന്നത്. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.

 

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ക്രമീകരിക്കാന്‍ നടപടിയുമായി ഇകെ വിഭാഗം സമസ്ത. ജുമുഅ നമസ്കാരം നടക്കുന്ന വെളളിയാഴ്ചയില്‍ നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. വോട്ടെടുപ്പ് ദിവസം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാതെ വന്നതോടെയാണ് ജുമുഅ നമസ്കാരത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇ.കെ വിഭാഗം സമസ്ത മുന്‍കൈയെടുത്തിരിക്കുന്നത്. നിലവില്‍ ഭൂരിഭാഗം പള്ളികളിലും ഏതാണ്ട് ഒരേ സമയത്താണ് നമസ്കാരമുള്‍പ്പെടെ നടക്കുന്നത്. തെരഞ്ഞടുപ്പ് ദിവസം അടുത്തടുത്തുള്ള പള്ളികളില്‍ ഇത് വ്യത്യസ്ഥ സമയമാക്കണമെന്നാണ് നിര്‍ദേശം. വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജുമുഅ നമസ്കാരത്തിന് വേണ്ട സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹല്ലുകള്‍ക്ക് പാണക്കാട് ഖാസി ഫൗണ്ടേഷനും നിര്‍ദേശം നല്‍കി.

 

 

ചരിത്രത്തിലദ്യമായി രാത്രി നടക്കേണ്ട തൃശൂർ പൂരം വെടിക്കെട്ട് രാവിലെ 7.15- ന് പകല്‍വെളിച്ചത്തില്‍ നടത്തേണ്ടി വന്നത് പൂരത്തിന്റെ മൊത്തം സൗന്ദര്യത്തെയാണ് ചോർത്തിക്കളഞ്ഞതെന്ന് ആരോപണം. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് മണിക്കൂറുകള്‍ വൈകിയാണ് പൂര്‍ത്തിയായത് കമ്മിഷണറും ദേശക്കാരും തമ്മിലുള്ള തര്‍ക്കം മൂലം വെടിക്കെട്ട് വൈകുകയായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂര പറമ്പിൽ നിന്ന് മാററുകയും, വെടിക്കെട്ട് കമ്മിറ്റിക്കാരിൽ കൂടുതൽ പേരെ മൈതാനത്ത് നിർത്താൻ കമ്മിഷണർ അങ്കിത് അശോക് അനുവദിക്കുകയും ചെയ്തില്ല. ഇതേ ചൊല്ലി, ദേശക്കാരും കമ്മിഷണറും തമ്മിൽ തർക്കമാവുകയും ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി തിരുവമ്പാടി ചടങ്ങ് പൂർത്തിയാക്കുകയാണുണ്ടായത് ഇതിനിടെ , നായ്ക്കനാലിൽ പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് പൊലീസിനെതിരെ ഗോ ബാക്ക് വിളികളുമായി ദേശക്കാരും രംഗത്തെത്തി. പിന്നീട് മന്ത്രി കെ.രാജനുമായി നടത്തിയ ചർച്ചയിൽ വെടിക്കെട്ടു നടത്താൻ ദേവസ്വം അധികൃതർ തയ്യാറാവുകയായിരുന്നു.

 

തൃശ്ശൂർ പൂരത്തിൽ പോലീസിനെ ഇടപെടുത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വോട്ട് മറിച്ചുനല്‍കാനുള്ള നീക്കമാണ് നടന്നതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം കുററപ്പെടുത്തി.

 

അനാവശ്യ നിയന്ത്രണങ്ങൾ തൃശൂർ പൂരത്തിന്‍റെ ശോഭ കെടുത്തിയെന്നും, ഇതാദ്യമായി പൂരം നടത്തുന്നത് പോലെയായിയെന്നും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ആരോപിച്ചു. ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിനിത്ര നീട്ടിവച്ചുവെന്നും, പൊലീസ് ലാത്തിവീശിയെങ്കിലും ജനങ്ങൾ ആത്മസംയമനം പാലിച്ചു. കൂടാതെകേന്ദ്ര നിയമങ്ങളും വെടിക്കെട്ടിനെ ബുദ്ധിമുട്ടിച്ചു, പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചു ഇത് ദൗർഭാഗ്യകരമായി എന്നും അദ്ദേഹം പറഞ്ഞു. തോന്നുന്ന ദിക്കിൽ ബാരിക്കേട് കെട്ടുക, ആളുകളെ കയറ്റാതിരിക്കുക. ഇതാണ് പൂരത്തിന് സംഭവിച്ചതെന്നും കെ.മുരളീധരന്‍ ആരോപിച്ചു. രാത്രി നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് നിര്‍ത്തിവച്ചതിലും, പിന്നീട് നേരം വെളുത്തിട്ട് നടത്തേണ്ടി വന്നതിലും പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.

 

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി വ്യവസായി ബിജു രമേശ്, വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം. അരുവിക്കര വടക്കേമല കോളനിയിൽ ബിജുരമേശിനെ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു. പണവുമായി എത്തിയ ബിജുരമേശ് സിപിഎം പ്രവർത്തകരെ കണ്ടപ്പോൾ മറ്റൊരു സംഘത്തിന്റെ കയ്യിൽ പണം കൊടുത്തയച്ചെന്നാണ് ആരോപണം. ഇത് തടഞ്ഞ സിപിഎം പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപണം ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിങ് സ്ക്വാഡിനെ വിളിച്ചുവരുത്തി. പക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല. ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം പൊലീസ് വിട്ടയച്ചു.

 

കോഴിക്കോട് താമരശ്ശേരിയില്‍ ലഹരി മാഫിയാ സംഘത്തില്‍പ്പെട്ടയാളുടെ വീട് അജ്ഞാതര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം കുടുക്കിലുമ്മാരത്ത് ഒരു വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും രണ്ട് വീടുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത ലഹരി മാഫിയാ സംഘത്തില്‍പ്പെട്ട ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടത്തില്‍ ഫിറോസിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ ആക്രമണമുണ്ടായത്. ജനല്‍ ചില്ലുകളും, വാതിലുകളും വീട്ടുപകരണങ്ങളും തകര്‍ത്ത നിലയിലാണ്. ആക്രമണ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

 

മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തി. സർക്കാ‍‍ർ പണം നൽകാത്തിനാൽ തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. ഇനി നോട്ടീയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. എന്നാൽ സർക്കാർ ഇതേവരെ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.

 

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് നിരത്തിലിറങ്ങിയേക്കും. ബജറ്റ് ടൂറിസത്തിന് പകരം കോഴിക്കോട് ബെംഗളൂരു റൂട്ടിൽ ബസ് സർവിസ് നടത്തുമെന്നാണ് സൂചന. ഇതിനായി കോൺട്രാക്ട് ക്യാരേജിൽ നിന്ന് സ്റ്റേജ് ക്യാരേജ് പെർമിറ്റ് എടുക്കുന്നതിനുള്ള നടപടികൾ തുടങ്ങി. നവകേരള യാത്രയ്ക്ക് ശേഷം അറ്റകുറ്റപ്പണിക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു.

 

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കള്ളന്‍ കയറി. രാത്രി ഒരു മണിയോടെയാണ് കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വാച്ചുകൾ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് യുവാവ് വീട് കയറി ആക്രമണം നടത്തി. ചെന്നിത്തല കാരാഴ്മയിൽ നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹ ആലോചനയിൽ നിന്നും പിന്മാറി. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

 

ത്രിപുരയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടത് സഖ്യം ആവശ്യപ്പെട്ടു. വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെയും രാംനഗർ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയർന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രാംനഗർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പുറമെ നിന്നുള്ളവർക്ക് ബൂത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയെന്ന് വ്യക്തമായതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.

 

അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിര്‍മല സീതാരാമന്‍. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാറ്റങ്ങളോടെ ബോണ്ട് തിരികെ കൊണ്ടുവരും. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

 

ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്ന് ലോക്പോൾ സർവേയുടെ പ്രവചനം. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്. ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ. എന്നാൽ സീറ്റ് കുറയുമെന്ന ആശങ്ക ബിജെപിക്കില്ലെന്ന് ക‌ർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര വ്യക്തമാക്കി.

 

ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യാനറ്റ് ന്യൂസിനോട്. ശത്രുരാജ്യങ്ങൾ പോലും ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്, അവഹേളനത്തെക്കുറിച്ച് ഗവർണർ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *