ന്യായ് പത്ര് എന്ന പേരിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ, കെ സി വേണു ഗോപാൽ തുടങ്ങിയ നേതാക്കൾ ഒന്നിച്ചാണ് പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും എന്നു തുടങ്ങി കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ നൽകും എന്നെല്ലാം ന്യായ്പത്രിലുണ്ട്. കൂടാതെ നേതാക്കൾ കൂറുമാറിയാൽ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരുമെന്നും താങ്ങുവില നിയമ വിധേയമാക്കുമെന്നും ന്യായ് പത്രിൽ വ്യക്തമാക്കുന്നു.
ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് ഭാര്യ സുനിത കെജ്രിവാളിന് നൽകിയ സന്ദേശത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കെജ്‌രിവാളിന്റെ അറസ്റ്റിന് ശേഷം നിരവധി തവണ സുനിത വീഡിയോ സന്ദേശങ്ങളിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. കുടുംബത്തിലെ ഒരു അംഗം പോലും, അതായത് ദില്ലിയിലെ 2 കോടി ജനങ്ങളും ഒരു പ്രശ്നവും അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും, ഓരോ എം എൽ എ യും അവരുടെ മണ്ഡലത്തിൽ ദിവസവും പോയി ജനങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് ചോദിക്കണമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
കരുവന്നൂർ ബാങ്ക് അന്വേഷണത്തിന്റെ പേരിൽ ബിജെപി സിപിഎം ഇലക്ഷൻ സ്റ്റണ്ടാണോ നടക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കേരളത്തിൽ ബിജെപി അപ്രസക്തമാണ്, സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും, ബിജെപിക്ക് പ്രസക്തി ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിക്കവെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും, സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ എന്താണ് സാങ്കേതിക തടസമെന്നും ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി ബി അനിതയ്ക്ക് വീഴ്ച പറ്റിയതിനാലാണ് ജോലിയിൽ തിരിച്ചെടുക്കാത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ശേഷം കോടതി പറയുന്നത് പോലെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ദ കേരള സ്റ്റോറി ഇന്ന് രാത്രി എട്ട് മണിക്ക് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം.
റിസർവ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലണ്ടനിൽ നിന്ന് മസാല ബോണ്ട് എടുക്കാനായത് കേരളത്തിന്റെ യശസാണ് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കത്തിന് തെളിവാണിത്. ഇതിലാണ് കിഫ്ബിയെയും അന്നത്തെ ധനമന്ത്രി യെയും കുടുക്കാൻ ശ്രമിക്കുന്നത്. ഇഡി നീക്കത്തെ നിയമപരമായി നേരിടുമെന്നും എന്താണ് ഈ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ വിജയത്തിനായി തലയോലപ്പറമ്പിൽ സംഘടിപ്പിച്ച ഇടതുമുന്നണിയുടെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയ ശേഷം മൈക്ക് ഒടിഞ്ഞ് വീണു. പ്രകോപിതനാകാതെ 5 മിനിട്ടോളം കാത്തുനിന്ന മുഖ്യമന്ത്രി മൈക്ക് നന്നാക്കിയ ശേഷം പ്രസംഗം തുടരുകയായിരുന്നു. ഇതിന് ശേഷമാണ് മൈക് സെറ്റിൽ നിന്ന് പുക ഉയര്‍ന്നത്.പുക കണ്ട് സദസ്സിലുണ്ടായിരുന്ന ജനം പരിഭ്രാന്തരായി. എന്നാൽ പ്രശ്നം വേഗത്തിൽ പരിഹരിച്ചു.
സംസ്ഥാനത്ത് നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ മാത്രം 252 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകളാണ് ലഭിച്ചത്.
അപരൻമാരുടെ ഭീഷണിയാണ് മുന്നണി സ്ഥാനാർത്ഥികൾ നേരിടുന്നത്. കെ കെ ശൈലജയ്ക്ക് മൂന്നും ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. എളമരം കരിമീനും എം കെ. രാഘവനും മൂന്ന് അപരൻമാരാണ് ഉള്ളത്. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായത്. തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക നൽകിയ മറ്റൊരു അപരൻ. മാവേലിക്കരയിൽ കൊടിക്കുന്നിലിന് രണ്ട് അപരൻമാരുണ്ട്. വിളപ്പിൽശാല സ്വദേശിയായ ശശിയാണ് തിരുവനന്തപുരത്ത് ശശി തരൂരിന് അപരനായി പത്രിക നൽകിയത്.
കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിൽ പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് നിഗമനം.
ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇ ജെയ്സൺ തോമസിനെ ആക്രമിച്ചതിൽ എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തു. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാൽ കേസ് തിരുവന്തപുരം റെയിൽവേ പൊലീസാകും അന്വേഷിക്കുക. ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
യുഡിഎഫ് സ്ഥാനാർഥിയും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ മാധ്യമപ്രവർത്തകുടെ സംഘടനയായ കെയുഡബ്ല്യുജെ. കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ എന്ന പരിപാടിക്കിടെ രാജ്മോഹൻ ഉണ്ണിത്താന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മാധ്യമ പ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്നും സംഘടനയുടെ കാസർകോട് യൂണിറ്റ് അറിയിച്ചു. വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കാനാണ് സംഘടനയുടെ തീരുമാനം.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. ആർഎസ്എസ് – ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഒരു വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഈ വാദം അംഗീകരിക്കാതെ അപേക്ഷ തള്ളുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച സി വിജില്‍ ആപ്പ് വഴി മലപ്പുറം ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 2640 പരാതികള്‍. ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി സി വിജില്‍, മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസര്‍ പി ബൈജു അറിയിച്ചു.
അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്രവിശ്വാസങ്ങളെന്ന രേഖകള്‍ ആര്യയുടെ ലാപ്ടോപ്പിൽ നിന്നും ലഭിച്ചു. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതു മുതല്‍ മനുഷ്യന്റെ ഭാവിയെക്കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറുകളെ മറ്റു ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും രണ്ടു ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുള്ള മിതി എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം.
കൊല്ലത്ത് എന്തു ചെയ്തെന്ന എതിരാളികളുടെ ചോദ്യത്തിന് ഉത്തരവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍റെ വികസനരേഖ. പാര്‍ലമെന്‍റിലെ ഇടപെടലുകളും കേന്ദ്രാവിഷ്കൃതപദ്ധതികളെക്കുറിച്ചുളള വിവരങ്ങളും ഉള്‍പ്പെടുന്ന വികസനരേഖ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രകാശനം ചെയ്തു.
തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ ജനങ്ങള്‍ സഭാതലങ്ങളില്‍ ശിവതാണ്ഡവം ആടാനോ നടുത്തളത്തില്‍ ഇറങ്ങി ബഹളംകൂട്ടാനോ അല്ല അയക്കുന്നതെന്ന് പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍. ഡോ. ശശിതരൂരിന് പിന്തുണയുമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച എഴുത്തുകാരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പത്താം തീയതിക്കുള്ളില്‍ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനെ ജയിലില്‍ അയക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പു നൽകി. 2011-ലെ പി.എസ്.സി. ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരു മാസത്തിനുള്ളില്‍ നടത്താനായിരുന്നു ഉത്തരവ്. എന്നാല്‍, ഈ ഉത്തരവ് റാണി ജോര്‍ജ് മനഃപ്പൂര്‍വം നടപ്പിലാക്കിയില്ലെന്ന് കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഹാജരായ അഭിഭാഷകർ വ്യക്തമാക്കി.
സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയം ക്ലാസുകൾ നടത്താനാണ് അനുമതി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരളയടക്കം സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്. എന്നാൽ കേരള, വിദ്യാഭ്യാസ ചട്ടത്തിൽ ഇതിന് വ്യവസ്ഥയില്ലെന്ന കാരണത്താൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസിന് അനുമതിയില്ല. ഈ സ്കൂളുകളിൽ ആവശ്യമെങ്കിൽ സർക്കാരിന് പ്രത്യേക ഉത്തരവിറക്കി വെക്കേഷൻ ക്ലാസുകൾ നടത്താമെന്നും കോടതി വ്യക്തമാക്കി.
12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തില്‍ മാറ്റങ്ങൾ വരുത്തി എൻസിഇആർടി. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി. അയോധ്യയിലെ സംഭവങ്ങളെ കുറിച്ചുള്ള കാര്യങ്ങളിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിർമ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്താനാണ് എൻസിഇആർടിയുടെ തീരുമാനം.
നെയ്യാറ്റിൻകരയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സർഫിംഗിനിടെ ഉണ്ടായ അപകടത്തിൽ ബ്രിട്ടീഷ് പൗരത്വമുള്ള 55 വയസുകാരനായ റോയ് ജോണിന് ദാരുണാന്ത്യം. വർക്കല പാപനാശം കടലിലെ സർഫിംഗിനിടയിലാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ പെട്ടതിനെ തുടർന്ന് തല മണൽത്തിട്ടയിൽ ഇടിച്ചാണ് പരിക്കേറ്റത്. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ സന്തോഷാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂർക്കനാട് ആലുംപറമ്പിൽ വച്ച് സംഘർഷം നടന്നത്. മുൻപ് നടന്ന ഫുട്ട്ബോൾ ടൂർണമെന്റിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് കരിമ്പുഴയിൽ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഡ്രൈവർ മുഹമ്മദ് അഷ്‌കറിന് അപകടത്തില്‍ പരിക്കേറ്റു. രാവിലെ 7 മണിയോടുകൂടി ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവെച്ച് ഓടിയെത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വിമര്‍ശിച്ച് പ്രമുഖ ദേശീയ ദിനപത്രങ്ങളിൽ കോണ്‍ഗ്രസ് പരസ്യം നല്‍കി. അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പരസ്യത്തിലെ വിമര്‍ശനം . വാഷിങ്ങ് മെഷീനിലൂടെ ബിജെപിയുടെ ഷാളും ധരിച്ച പുറത്തിറങ്ങുന്ന അഴിമതിക്കാരെയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജന താത്പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നുവെന്ന പരാർമശത്തോടെയാണ് പരസ്യം.
വയനാട്ടിലെ നിലവിലെ എംപിയാണ് രാഹുൽ ഗാന്ധിയെന്നും, അദ്ദേഹത്തിനെതിരെ പുതിയ സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐ ആണ്. തെറ്റ് അവരുടെ ഭാഗത്താണ് കോൺഗ്രസിന്റെ ഭാഗത്തല്ല എന്ന് പി ചിദംബരം വ്യക്തമാക്കി. രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ഇടതു വിമർശനത്തെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് നാട് വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മുരുകാളി എസ്റ്റേറ്റിലെ തൊഴിലാളി അരുൺ കുമാർ മരിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം. തേയില തോട്ടത്തിൽ മരുന്നടിക്കാൻ പോയതായിരുന്നു അരുൺ കുമാർ. പിന്നിൽ നിന്ന് വന്ന് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തരയോടെ മരണം സംഭവിച്ചു.
കോൺഗ്രസ് അലസവും, വിരസവുമായെന്ന് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോൺഗ്രസ് അലസത വെടിയണമെന്നും ഹരീഷ് റാവത്ത് ആവശ്യപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇദ്ദേഹത്തിന്റെ വിമര്‍ശനം പാര്‍ട്ടിക്കകത്തും പുറത്തും ഒരേ പോലെ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന.
പ്രിയങ്ക ഗാന്ധി അമേഠിയിലും രാഹുൽ ഗാന്ധി റായ്ബറേലിയിലും മത്സരിക്കണമെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചതോടെ അമേഠിയിൽ റോബർട്ട് വദ്രക്ക് കോൺഗ്രസ് സീറ്റ് നൽകില്ല. വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും കോൺഗ്രസ് വിലയിരുത്തി. മത്സരിക്കാൻ റോബർട്ട് വാദ്ര താൽപര്യമറിയിച്ചതോടെ അദ്ദേഹം മത്സരിക്കാനെത്തുമെന്നായിരുന്നു സൂചന. അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും, മത്സരിക്കുകയാണെങ്കില്‍ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.