mid day hd 11

 

നവകേരള സദസില്‍ മന്ത്രിമാര്‍ എന്താണു ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നു. ചിലര്‍ ചുമ്മാ സ്റ്റേജില്‍ ഇരിക്കുന്നു. .മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രചരണമാണ്. താലൂക്ക് തല അദാലത്തില്‍ മന്ത്രിമാര്‍ക്കു കിട്ടിയ പരാതികള്‍ പരിഹരിക്കാതെയാണ് പുതിയ പരാതി സ്വീകരിക്കുന്നത്. ഒരു പരാതിയെങ്കിലും മുഖ്യമന്ത്രി പരിഹരിച്ചോ. നവകേരള സദസുമൂലം മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഓഫീസില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ച് അന്വേഷണം. തദ്ദേശ ജോയിന്റ് ഡയറക്ടറാണ് പരിശോധനയ്ക്കു ജില്ലാ അധികാരികള്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. ബംഗളൂരു സ്വദേശി സര്‍ക്കാരിന് നല്‍കിയ പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്.

തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം ആരോപിച്ച് റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്കു മാറ്റി. പുലര്‍ച്ചെ ഒന്നിന് പത്തനംതിട്ടയില്‍ ബസ് എത്തിയപ്പോഴാണ് വന്‍ പോലീസ് സന്നാഹത്തോടെ എത്തി ബസ് പിടിച്ചെടുത്തത്.

വയനാട് പേരിയയില്‍ വനപാലകരെ ആക്രമിച്ച് നായാട്ടുസംഘം കടന്നു കളഞ്ഞു. പുള്ളിമാന്റെ ഇറച്ചിയുമായി വന്ന വാഹനം വനപാലകര്‍ തടഞ്ഞപ്പോള്‍ വനപാലകരുടെ ബൈക്കി ഇടിച്ചുവീഴ്ത്തി സ്ഥലംവിടുകയായിരുന്നു. രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പേരിയ ചന്ദനത്തോട് ഭാഗത്തുനിന്ന് വേട്ടയാടിയ പുള്ളിമാന്റെ ജഡം വനപാലകര്‍ കണ്ടെത്തി.

കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കു വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി. വയനാട്ടില്‍ മാവോയിസ്റ്റുകള്‍ നേരത്തെ പുറത്തിറക്കിയ ഭീഷണിക്കത്തിലേതില്‍നിന്നു വ്യത്യാസമുള്ള കയ്യക്ഷരമാണെന്ന് പൊലീസ് പറഞ്ഞു.

വ്യാജരേഖയുണ്ടാക്കി പ്രതി ജാമ്യം നേടിയതിന് അഭിഭാഷകനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് അഭിഭാഷകരുടെ പ്രകടനത്തില്‍ വനിതാ സിജെഎമ്മിനെതിരെ മുദ്രാവാക്യങ്ങള്‍. പത്തു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് അഡ്വ. എം പി നവാബിനെതിരെ കേസെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയതിന്റെ മുഖ്യസൂത്രധാരന്‍ തൃക്കരിപ്പൂര്‍ സ്വദേശി ജെയ്‌സണ്‍ തോമസാണെന്ന് പൊലീസ്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സിജെഎം കോടതി വിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കിയേക്കില്ല.

ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പു നടത്തിയതിന് ആരോഗ്യ വകുപ്പു ജീവനക്കാരന്‍ അറസ്റ്റിലായി. പത്തനംതിട്ട നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസില്‍ ഓഫീസ് ജീവനക്കാരനും അട്ടത്തോട് സ്വദേശിയുമായ എം.ആര്‍ രമേശിനെയാണ് അറസ്റ്റു ചെയ്തത്.

ഇടുക്കി ചിന്നക്കനാലില്‍ പന്ത്രണ്ടു പേര്‍ കൈവശം വച്ചിരുന്ന ഭൂമി ഒഴിപ്പിച്ചു. ചെറുകിടക്കാറെ ഒഴിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

നെടുമ്പാശേരിയില്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശികളായ രണ്ടു യാത്രക്കാര്‍ അറസ്റ്റില്‍. ബംഗളൂരുവിലേക്കുള്ള അലൈന്‍സ് എയര്‍ വിമാനത്തിലെ യാത്രക്കാരായിരുന്ന രാമോജി കോറയില്‍, രമേഷ്‌കുമാര്‍ എന്നിവരാണ് ഇന്നലെ രാത്രി വിമാനം ബേയില്‍നിന്നു നീങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് പിടിയിലായത്.

ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അന്തമി ഘട്ടത്തിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിന്റെ ട്രയല്‍ റണ്‍ നടന്നു. നേരത്തെ നിര്‍ത്തി വച്ചിരുന്ന ഡ്രില്ലിംഗ് പുനരാരംഭിച്ചിട്ടുമുണ്ട്.

അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് പ്രസിഡന്റായി ഡോ. രാജ്ശരണ്‍ ഷാഹിയും (ഉത്തര്‍പ്രദേശ് ) ജനറല്‍ സെക്രട്ടറിയായി യജ്ഞവല്‍ക്യ ശുക്ലയും (ബീഹാര്‍) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ചാരവൃത്തി ആരോപിക്കപ്പെട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറില്‍ വധശിക്ഷക്കു വിധിച്ച സംഭവത്തില്‍ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ മാസം വധശിക്ഷക്കു വിധിച്ചത്. ഖത്തര്‍ കോടതി വാദം കേള്‍ക്കുന്ന തീയതി പിന്നീടു നിശ്ചയിക്കും.

പ്രതിരോധ മേഖലയ്ക്കായി 1.4 ലക്ഷം കോടി രൂപയുടെ മൂന്നു പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം, 97 തേജസ് വിമാന നിര്‍മാണം, 156 പ്രചണ്ഡ് ഹെലികോപ്റ്റര്‍ നിര്‍മാണം എന്നിവയ്ക്കായാണ് പ്രതിരോധ വകുപ്പ് ഈ തുക ചെലവാക്കുക.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്നു നിശബ്ദ പ്രചാരണമാണ്.

നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലി ഖാന്‍ പരസ്യമായി മാപ്പു പറഞ്ഞു. നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാമര്‍ശം വിവാദമായതിനു പിറകേ താന്‍ മാപ്പു പറയേണ്ടതില്ലെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ നിലപാട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *