ഇലക്ഷന്‍ ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍. ആദായനികുതി ഇളവു പരിധി ഏഴു ലക്ഷം രൂപവരെയാക്കി ഉയര്‍ത്തി. അന്ത്യോദയ ഗുണഭോക്താക്കള്‍ക്കു പിഎം ഗരീബ് കല്യാണ്‍യോജന ഒരു വര്‍ഷം കൂടി തുടരും. ഇതിനായി രണ്ടു ലക്ഷം കോടി രൂപ ചെലവിട്ട് അഞ്ചു കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങള്‍ക്ക് മാസംതോറും വിതരണം ചെയ്യും.

ആദായ നികുതി സ്ലാബുകള്‍ അഞ്ചായി കുറച്ചു. പഴയ നികുതി ഘടനയില്‍ മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കു നികുതിയില്ല. മൂന്നു മുതല്‍ ആറുവരെ ലക്ഷം വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനമാണു നികുതി. ആറു മുതല്‍ ഒമ്പതു വരെ ലക്ഷം വരുമാനക്കാര്‍ക്കു പത്തു ശതമാനം. ഒമ്പതു മുതല്‍ 12 വരെ ലക്ഷത്തിനു 15 ശതമാനവും 12 മുതല്‍ 15 വരെ ലക്ഷത്തിന് 30 ശതമാനവുമാണു ആദായനികുതി.

റെയില്‍വേക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പ. വരുന്ന സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം. നഗര വികസനത്തിന് പണം കണ്ടെത്താന്‍ മുന്‍സിപ്പല്‍ ബോണ്ട്. പുതിയ 157 നഴ്‌സിംഗ് കോളജുകള്‍. മെഡിക്കല്‍ രംഗത്ത് നൈപുണ്യ വികസന പദ്ധതി. പുതിയ 50 വിമാനത്താവളങ്ങള്‍. പിഎം ആവാസ് യോജനക്ക് 79,000 കോടി രൂപ. ആദിവാസി കളുടെ സമഗ്ര വികസനത്തിന് 15,000 കോടി. 2516 കോടി രൂപ ചെലവിട്ട് 63,000 പ്രാഥമിക സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും. പാന്‍കാര്‍ഡ് തിരിച്ചറിയല്‍ രേഖയാക്കും.

വില കൂടുന്നവ: സ്വര്‍ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം.

വില കുറയുന്നവ: മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍.

സിഗരറ്റിന് 16 ശതമാനം തീരുവ കൂട്ടി. ഇന്ത്യ മില്ലറ്റ് ഹബ്ബാകും. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം. ഇറക്കുമതി തീരുവ പത്തു ശഥമാനത്തില്‍നിന്ന് 25 ശതമാനാക്കി ഉയര്‍ത്തി. അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും. ഏഴ് മുന്‍ഗണന വിഷയങ്ങളാണു ബജറ്റില്‍ ധനമന്ത്രി മുന്നോട്ടുവച്ചത്. അടിസ്ഥാന സൗകര്യ വികസനം, യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം. നൂറു വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണു ബജറ്റെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ജനക്ഷേമ പദ്ധതികള്‍ക്ക് തന്നെ എന്നും മുന്‍ഗണന. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കു വലിയ അവസരമാണെന്നും ഒരു മണിക്കൂര്‍ 25 മിനിറ്റു നീണ്ട ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തിളക്കമുള്ള വളര്‍ച്ചയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

റെയില്‍വേക്ക് 2.40 ലക്ഷം കോടി അനുവദിച്ചെങ്കിലും കേരളത്തിന്റെ കെ റെയില്‍ സംബന്ധിച്ച് പരാമര്‍ശമില്ല. റിക്കാര്‍ഡ് തുകയാണ് റെയില്‍വേയാക്കായി നീക്കിവച്ചത്. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാനും പുതിയ പാതകള്‍ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനുമാണ് ഇത്രയേറെ തുക അനുവദിച്ചത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് വേണമെന്ന ചട്ടം മാറ്റണമെന്ന് ഹൈക്കോടതി. വധു വരന്മാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലപരിധിയില്‍ 30 ദിവസം താമസിക്കുന്നവരാകണമെന്ന ചട്ടവും മാറ്റണം. സാമൂഹിക സ്ഥിതിയിലെ മാറ്റത്തിന് അനുസൃതമായ മാറ്റം വേണം. എറണാകുളം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അടക്കമുള്ളവരില്‍നിന്ന് വിശദീകരണം തേടിയശേഷമാണ് കോടതി നിരീക്ഷണം.

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമമനുസരിച്ച് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഗുണ്ടാബന്ധവും അനധികൃത സ്വത്തു സമ്പാദനവും കണ്ടെത്തിയ 21 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്നും 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍. 23 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. മൂന്നു പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 30 ലക്ഷം പേര്‍ വന്യ ജീവി സംഘര്‍ഷത്തിന്റെ ഭീതിയിലാണെന്നു പ്രതിപക്ഷം നിയമസഭയില്‍. വന്യജിവി ആക്രമണത്തെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണമെന്ന അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ആളെ കൊന്നാല്‍ മാത്രമേ കടുവയെ പിടിക്കുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യുണിറ്റിന് ഒമ്പതു പൈസ വര്‍ധന ഇന്നു മുതല്‍ നാലുമാസത്തേക്ക്. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ ബാധ്യതയായ 87.7 കോടി രൂപ പിരിച്ചെടുക്കാനാണ് നിരക്കു വര്‍ധന.

ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ ഭക്ഷണത്തിന് സമയവും തീയതിയും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഇന്നു മുതല്‍ നിര്‍ബന്ധം. സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ചു.

ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ നിക്ഷേപക തട്ടിപ്പ് കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്രിമ രജിസ്റ്റര്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. സംഘത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കു തട്ടിപ്പില്‍ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ ഒരു മാസത്തിനകം 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി 68 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി ലിന കസ്റ്റഡിയില്‍. ബോര്‍ഡിലെ കരാര്‍ ജീവനക്കാരി ലിനയെ പിരിച്ചുവിട്ടിരുന്നു.

സംസ്ഥാനത്തെ ചെങ്കല്‍ ക്വാറികളില്‍ അനിശ്ചിതകാല പണിമുടക്ക്. പതിച്ചു നല്‍കിയ ഭൂമിയില്‍ ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്നാണ് ക്വാറി ഉടമകളുടെ മുഖ്യമായ ആവശ്യം. ഭീമമായ പിഴ ചുമത്തുന്നത് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ബോംബെ സിസ്റ്റേര്‍സ് എന്ന പേരില്‍ കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ സഹോദരിമാരില്‍ ഒരാളായ സി ലളിത ചെന്നൈയില്‍ അന്തരിച്ചു. 85 വയസായിരുന്നു. 1963 മുതല്‍ കര്‍ണാടക സംഗീത ലോകത്തെ പ്രശസ്തരാണ് ബോംബെ സിസ്റ്റേര്‍സ് എന്ന് അറിയപ്പെടുന്ന സി ലളിതയും സി സരോജവും. എന്‍ ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി തൃശൂരിലാണ് ഈ സഹോദരിമാര്‍ ജനിച്ചത്.

ഇടമലകുടിയിലെ ശൈശവ വിവാഹത്തിനു 47 കാനായ വരനെതിരെ പോക്‌സോ കേസ്. മൂന്നാര്‍ പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഒളിവിലാണ്. വിവാഹിതനും പ്രായ പൂര്‍ത്തിയായ രണ്ടു മക്കളുടെ പിതാവുമായയാളാണ് 15 കാരിയെ വിവാഹം കഴിച്ചത്.

പ്രണയപ്പക മൂലം മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പ്രതി ആല്‍വിനാണു പാലക്കാട്ടുനിന്ന് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് അയല്‍വാസിയായ വിദ്യാര്‍ഥിനിയെ മുഖത്തു വെട്ടി പരിക്കേല്‍പിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു പേര്‍ക്കെതിരെ കേസ്. കുമളി സ്വദേശികളും ലോറി ക്ലീനര്‍മരുമായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കാസര്‍കോട് ബേഡഡുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ പോക്‌സോ കേസ്. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെയാണ് കേസെടുത്തത്.

കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. കോളയാട് പെരുവ സ്വദേശിയും വയറിംഗ് തൊഴിലാളിയുമായ കെ. ഹരീഷിനെയാണ് (20) പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ധോണിയില്‍ ഒറ്റയാന്‍ പിടി സെവനെ പിടികൂടിയെങ്കിലും അര ഡസന്‍ കാട്ടാനകള്‍കൂടി നാട്ടിലേക്കിറങ്ങി. രാത്രിയില്‍ കാട്ടാനക്കൂട്ടം ധോണിയില്‍ വിലസുകയാണ്. നാട്ടുകാരുടെ ഉറക്കം കെടുത്തി കാടിറങ്ങി വരുന്ന കാട്ടാനകളെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഓര്‍മയ്ക്കായി കടലില്‍ സ്മാരകം നിര്‍മിക്കുന്നതിനെതിരേ മത്സ്യത്തൊഴിലാളികള്‍. ഉപജീവനം മുട്ടിക്കുമെന്നും പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും ആരോപിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടികള്‍ ജനം തടഞ്ഞു. മറീന കടല്‍ക്കരയില്‍നിന്നു 36 മീറ്റര്‍ കടലിലേക്കിറക്കിയാണു സ്മാരകം നിര്‍മിക്കുന്നത്. 137 അടി ഉയരമുള്ള മാര്‍ബിള്‍ പേനയാണു സ്മാരകം.

കളിച്ചു കൊണ്ടിരുന്നപ്പോള്‍ സാരി അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ഏഴുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ പക്കാരിയ ഗ്രാമത്തില്‍ അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കവേയാണ് അപകടമുണ്ടായത്. വീടിനു പുറം ഭിത്തിയിലെ മുളയില്‍ കെട്ടിയ സാരിയില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങിയെന്നാണ് വീട്ടുകാരുടെ മൊഴി.

പാകിസ്ഥാനിലെ പെഷാവാര്‍ മോസ്‌കിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഇരന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു.

പ്രാര്‍ഥനാ സമയത്ത് ഇന്ത്യയിലും ഇസ്രായേലിലും പോലും ആളുകള്‍ കൊല്ലപ്പെടില്ലെന്ന വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഭീകരവാദത്തിനെതിരെ രാജ്യം ഒരുമിക്കണമെന്നും ദേശീയ അസംബ്ലിയില്‍ പെഷാവാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടു സംസാരിക്കവേ ഖ്വാജ ആസിഫ് പറഞ്ഞു.

റോഡില്‍ ഡാന്‍സ് കളിച്ചു വീഡിയോ ഇന്‍സറ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ദമ്പതികള്‍ക്കു പത്തു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ഇറാന്‍. ടെഹ്‌റാനിലെ ആസാദി ടവറിലാണ് ആമിര്‍ മുഹമ്മദ് അഹ്‌മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണു ശിക്ഷിച്ചത്.

ദുബൈയിലെ അല്‍ മിന്‍ഹാദ് ഏരിയക്കും പരിസര പ്രദേശങ്ങള്‍ക്കും ഹിന്ദ് സിറ്റി എന്നു പേരു മാറ്റി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പേരു മാറ്റിക്കൊണ്ട് ഉത്തരവിട്ടത്.

വിമാനത്തിലേക്കു വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ 25 കാരി മരിച്ചു. ഗാബി അസോലിന്‍ ആണു അമേരിക്കയിലെ പ്രമുഖ എയര്‍ലൈനായ സൗത്ത് വെസ്റ്റിന്റെ വിമാനത്തിലേക്ക് കയറുന്നതിനിടെ വാക്ക് വേയില്‍ തട്ടിയാണ് നിലത്ത് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *