വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ സെര്‍ച്ച് ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി മൈക്രോസോഫ്റ്റ്. റീകോള്‍ എന്ന പേരിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഉപയോക്താവ് അവരുടെ കമ്പ്യൂട്ടറില്‍ കണ്ടതും ചെയ്തതുമായ എല്ലാം ഓര്‍മ്മിപ്പിക്കാനും വീണ്ടെടുക്കാനും സഹായിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ന്യൂറല്‍ പ്രോസസ്സിംഗ് കഴിവുകളുള്ള ശക്തമായ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ ചിപ്പുകളുള്ള പുതിയ ‘കോപൈലറ്റ്+ പിസികളില്‍’ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. ഉപയോഗിച്ച ആപ്പുകള്‍, സന്ദര്‍ശിച്ച വെബ്‌സൈറ്റുകള്‍, കണ്ട ഡോക്യുമെന്റുകള്‍ ഉള്‍പ്പെടെ എല്ലാ ഉപയോക്തൃ പ്രവര്‍ത്തനങ്ങളും ടൂള്‍ ലോഗ് ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ ഡാറ്റ എളുപ്പത്തില്‍ തിരയാനും പ്രസക്തമായ കാലയളവിന്റെ സ്നാപ്പ്ഷോട്ട് എടുക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു. പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ ഉപയോഗ ചരിത്രത്തിന്റെ ‘ഫോട്ടോഗ്രാഫിക് മെമ്മറി’ നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത് എന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. ഉപയോക്താക്കള്‍ക്ക് ഡാറ്റ ശേഖരിക്കല്‍ താല്‍ക്കാലികമായി നിര്‍ത്താനോ ഇല്ലാതാക്കാനോ കഴിയും. കുറഞ്ഞത് 256ജിബി സ്റ്റോറേജ് ആവശ്യമാണ്. 50ജിബി ഫ്രീ സ്പേസ് റീകോളിന് ആവശ്യമാണ്. സെര്‍ച്ച് ചെയ്യല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ടൂള്‍ മൈക്രോസോഫ്റ്റ് കൊണ്ടുവന്നത്.