അമേരിക്കയില്‍ ഏറ്റവും വെറുക്കപ്പെടുന്ന ബ്രാന്‍ഡുകളില്‍ മുന്‍പന്തിയില്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ‘മെറ്റയും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററും. യുഎസില്‍ ഏറ്റവും കൂടുതല്‍ യൂസര്‍മാരുള്ള ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയാണ് മെറ്റ. ട്വിറ്ററും ഒട്ടും പിന്നിലല്ല. എന്നിട്ടും രണ്ട് കമ്പനികളും വെറുക്കപ്പെട്ടവരുടെ ലിസ്റ്റിലെത്തി. യുഎസിലെ വെറുക്കപ്പെട്ട ബ്രാന്‍ഡുകളെ വെളിപ്പെടുത്തുന്ന സര്‍വേയെ കുറിച്ച് സിഎന്‍ബിസി-യാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 13 മുതല്‍ 28 വരെ 16,310 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാന്‍ഡുകളെ കണ്ടെത്തുന്നത്. ‘Axios Harris Poll 100’ എന്നാണ് സര്‍വേയുടെ പേര്. യു.എസിലെ ജനങ്ങള്‍ക്കിടയില്‍ വിവിധ ബ്രാന്‍ഡുകള്‍ക്കുള്ള മതിപ്പിന്റെ റാങ്കിങ്ങാണിത്. ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്വിറ്റര്‍ യുഎസില്‍ ഏറ്റവും വെറുക്കപ്പെടുന്ന നാലാമത്തെ ബ്രാന്‍ഡാണെന്നാണ് സര്‍വേ പറയുന്നത്. സക്കര്‍ബര്‍ഗിന്റെ മെറ്റ അഞ്ചാം സ്ഥാനത്തുണ്ട്. ഹൃസ്വ വിഡിയോ ആപ്പായ ടിക് ടോക്ക് ഏറ്റവും വെറുക്കപ്പെട്ട ഏഴാമത്തെ ബ്രാന്‍ഡായി മാറി. ട്വിറ്ററിനും മെറ്റയ്ക്കും സംസ്‌കാരം, എതിക്‌സ് എന്നീ വിഭാഗങ്ങളില്‍ മോശം സ്‌കോര്‍ ലഭിച്ചതായി സര്‍വേ കണ്ടെത്തി. അതേസമയം, ടിക് ടോകിന് സ്വഭാവത്തിലും പൗരത്വത്തിലുമാണ് മോശം സ്‌കോര്‍ ലഭിച്ചത്. ഏറ്റവും വെറുക്കപ്പെട്ട ഏഴ് ബ്രാന്‍ഡുകള്‍: ദ ട്രംപ് ഓര്‍ഗനൈസേഷന്‍, എഫ്ടിഎക്‌സ്, ഫോക്‌സ് കോര്‍പ്പറേഷന്‍, ട്വിറ്റര്‍, മെറ്റാ, സ്പിരിറ്റ് എയര്‍ലൈന്‍സ്, ടിക് ടോക്ക് എന്നിവയാണ്.