വാട്സ്ആപ്പിലും പരസ്യങ്ങള്‍ കാണിച്ചു തുടങ്ങുമെന്ന് മെറ്റ. ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ സ്റ്റാറ്റസ് സെക്ഷനില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തായി വാടസ്ആപ്പില്‍ വരുന്ന പ്രധാനപ്പെട്ട അപ്ഡേറ്റാണിത്. പരസ്യത്തിലൂടെ വരുമാനം നേടുക എന്ന നിലയിലേക്ക് വാട്സ്ആപ്പ് മാറുന്നതായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. സൗജന്യമാണെങ്കിലും വാടസ്ആപ്പില്‍ ഇതുവരെ പരസ്യങ്ങള്‍ കാണിച്ചിരുന്നില്ല. മെസ്സേജിങ് സേവനം ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളെ ഉപയോഗിച്ച് പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താനാണ് മെറ്റാ പ്ലാറ്റ്‌ഫോമിന്റെ പുതിയ നീക്കം. ‘വാട്സ്ആപ്പിലെ വ്യക്തിഗത സന്ദേശമയയ്ക്കല്‍ പ്രകിയയില്‍ മാറ്റങ്ങളൊന്നും വരുന്നില്ല. വ്യക്തിഗത സന്ദേശങ്ങളും കോളുകളും സ്റ്റാറ്റസുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ അവ പരസ്യങ്ങള്‍ കാണിക്കാന്‍ ഉപയോഗിക്കില്ല’ വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. വാട്‌സ്ആപ്പ് ചാനല്‍ ഉടമകള്‍ക്ക് പസ്യത്തിലൂടെ വരുമാനം ലഭ്യമാക്കാനുള്ള ഫീച്ചറും പുതുതായി എത്തും. പേ-ആന്‍ഡ്-സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷനും അപ്ഡേറ്റിലുണ്ടാകും. പ്രതിമാസ ഫീസ് നല്‍കിയാല്‍ ഉപയോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കും.